സംസ്ഥാന സര്‍ക്കാരിന്റെ അലംഭാവം; കരിപ്പൂരില്‍ റണ്‍വേയുടെ നീളം കുറയ്ക്കാനൊരുങ്ങി കേന്ദ്രം

സംസ്ഥാന സര്‍ക്കാരിന്റെ അലംഭാവം; കരിപ്പൂരില്‍ റണ്‍വേയുടെ നീളം കുറയ്ക്കാനൊരുങ്ങി കേന്ദ്രം

ന്യൂഡല്‍ഹി: കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വേയുടെ നീളം കുറയ്ക്കാന്‍ വ്യോമായന മന്ത്രാലയം. നീളം കുറയ്ക്കുന്നത് ഒഴിവാക്കാനുള്ള നടപടികള്‍ക്ക് കേരളം ഇതുവരെ മറുപടി നല്‍കാത്തതാണ് കാരണമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

വിമാന അപകടത്തെ തുടര്‍ന്ന് രൂപവത്കരിച്ച സമിതിയാണ് റണ്‍വേയ്ക്ക് ഇരുവശവും സുരക്ഷിത മേഖല (റിസ) നിര്‍മിക്കാന്‍ ശുപാര്‍ശ ചെയ്തത്. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാരിനോട് ഭൂമി ഏറ്റെടുത്ത് നിരപ്പാക്കി നല്‍കാന്‍ എയര്‍പ്പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ഇതിന് വരുന്ന ചെലവ് തങ്ങള്‍ വഹിക്കാമെന്നും എയര്‍പ്പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചിരുന്നു.

എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഇതുവരെ സമയബന്ധിതമായി ഒരു മറുപടി ലഭിച്ചിട്ടില്ല. കഴിഞ്ഞ ഒമ്പത് മാസമായി സംസ്ഥാന സര്‍ക്കാരിനോട് ആശയ വിനിമയം നടത്താന്‍ ശ്രമിച്ചിട്ടുണ്ട്. പക്ഷേ, ഇതുസംബന്ധിച്ച് ഒരു വിശദമായ മറുപടിയും കേരളം നല്‍കിയിട്ടില്ല. അതുകൊണ്ടു തന്നെ വിമാനങ്ങള്‍ക്ക് കൂടുതല്‍ സുരക്ഷയൊരുക്കുന്നതിന് നിലവിലെ റണ്‍വേയുടെ നീളം വെട്ടികുറയ്ക്കുക അല്ലാതെ മറ്റു മാര്‍ഗമില്ലെന്നാണ് വ്യോമയാന മന്ത്രാലയം അറിയിച്ചിരിക്കുന്നത്.

റണ്‍വേയുടെ നീളം വെട്ടികുറയ്ക്കുന്നതോടെ വലിയ വിമാനങ്ങള്‍ക്ക് കരിപ്പൂരില്‍ ഇറങ്ങാന്‍ സാധിക്കാത്ത സ്ഥിതി വരും. അത് ധാരാളം പ്രവാസികള്‍ ആശ്രയിക്കുന്ന വിമാനത്താവളത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. റണ്‍വേ 2860 മീറ്റര്‍ ഉള്ളത് 2540 മീറ്റര്‍ ആയി ചുരുക്കി രണ്ടു വശത്തും സുരക്ഷിത മേഖല 240 മീറ്ററായി വര്‍ധിപ്പിക്കാനാണ് സാധ്യത.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.