ന്യൂഡല്‍ഹി: ഫ്രാന്‍സുമായുള്ള കരാര്‍ പ്രകാരം 36 -ാംമത്തെ റഫാല്‍ പോര്‍ വിമാനവും ഇന്ത്യയിലെത്തി. ''ദി പാക്ക് ഈസ് കംപ്ലീറ്റ് ' എന്ന അടിക്കുറിപ്പോടെ ഇന്ത്യന്‍ വ്യോമസേനയാണ് വിവരം ട്വിറ്ററിലൂടെ പങ്കുവച്ചത്.
കരാര്‍ പ്രകാരം 35 റഫാല്‍ യുദ്ധ വിമാനങ്ങള്‍ പലപ്പോഴായി ഇന്ത്യയിലെത്തിയിരുന്നു. ഏറ്റവുമൊടുവിലത്തെ വിമാനം ഡിസംബര്‍ പകുതിയോടെ ലഭിക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്.
പ്രതിരോധ വകുപ്പ് നേരത്തെ അറിയിച്ചത് പ്രകാരം 36-ാമത്തെ റഫാല്‍ വിമാനമാണ് ഇന്നെത്തിയത്.
ഹരിയാനയിലെ അംബാലയിലും പശ്ചിമ ബംഗാളിലെ ഹസിമാരയിലുമാണ് റഫാലുകള്‍ വിന്യസിച്ചിരിക്കുന്നത്. റഫാല്‍ വിമാനങ്ങളുടെ ആദ്യ ബാച്ച് 2020 ജൂലൈ 29നായിരുന്നു
ഇന്ത്യയിലെത്തിയത്. 2016 ലായിരുന്നു ഇതുസംബന്ധിച്ച കരാര്‍ ഫ്രാന്‍സുമായി ഇന്ത്യ ഒപ്പുവച്ചത്.
60,000 കോടി രൂപയുടെ കരാറിന്മേലാണ് യുദ്ധവിമാനങ്ങള്‍ ഫ്രാന്‍സ് കൈമാറിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. മെറ്റോര്‍ മിസൈലുകള്‍ ഘടിപ്പിച്ചിട്ടുള്ള യുദ്ധ വിമാനങ്ങളാണ് റഫാല്‍.
റഡാര്‍ ഉപയോഗിച്ച് നിയന്ത്രിക്കാവുന്ന മെറ്റോര്‍ മിസൈലുകള്‍ ലോകത്ത് ഇന്നുള്ള ഏറ്റവും മികച്ച എയര്‍ ടു എയര്‍ മിസൈലുകളിലൊന്നാണ്. മിന്നല്‍ വേഗത്തില്‍ സഞ്ചരിച്ച് ആക്രമണം നടത്താന്‍ മെറ്റോറിനു കഴിയും. റാംജെറ്റ് എന്നറിയപ്പെടുന്ന ത്രോട്ടബിള്‍ ഡക്ട് റോക്കറ്റും ഇതിന്റെ പ്രധാന സവിശേഷതയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.