റിസര്‍വ് ബാങ്ക് റിപ്പോ വര്‍ധനവിന് പിന്നാലെ നിരക്കുകള്‍ വീണ്ടും ഉയര്‍ത്തി എസ്ബിഐ; വായ്പയെടുക്കുന്നവരുടെ നടുവൊടിയും

റിസര്‍വ് ബാങ്ക് റിപ്പോ വര്‍ധനവിന് പിന്നാലെ നിരക്കുകള്‍ വീണ്ടും ഉയര്‍ത്തി എസ്ബിഐ; വായ്പയെടുക്കുന്നവരുടെ നടുവൊടിയും

ന്യൂഡല്‍ഹി: രാജ്യത്തെ മുന്‍നിര ബാങ്കിംഗ് സ്ഥാപനമായ എസ്ബിഐയുടെ വായ്പാ നിരക്കുകളില്‍ വര്‍ധനവ്. എല്ലാ കാലയളവുകളിലേക്കുമുള്ള പലിശാ നിരക്കുകളില്‍ 25 ബേസിസ് വര്‍ധനവാണുണ്ടായിട്ടുള്ളത്. ഡിസംബര്‍ 15 മുതലാണ് എസ്ബിഐയുടെ പുതുക്കിയ പലിശാ നിരക്കുകള്‍ പ്രാബല്യത്തിലായത്. ഇതോടെ വായ്പകളുടെ ഇഎംഐയിലും വര്‍ധനവുണ്ടാകും.

റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് ഉയര്‍ത്തിയതിന് പിന്നാലെ രാജ്യത്തെ സ്വകാര്യ പൊതുമേഖലാ ബാങ്കുകള്‍ നിക്ഷേപ പലിശാ നിരക്കുകള്‍ വര്‍ധിപ്പിക്കാനുള്ള നടപടി സ്വീകരിച്ചിരുന്നു. 2022 മെയ് മുതല്‍ 2.25 ശതമാനം നിരക്ക് വര്‍ധനയാണ് ആര്‍ബിഐ നടപ്പിലാക്കിയത്.

പുതിയ നിരക്ക് വര്‍ധന പ്രകാരം ഒരു മാസത്തേക്കുള്ള നിരക്ക് 7.75 ശതമാനത്തില്‍ നിന്ന് 8.00 ശതമാനമായി ഉയരും. ആറ് മാസം, ഒരു വര്‍ഷം കാലയളവിലേയക്കുള്ള വായ്പകളുടെ നിരക്ക് 8.05 ശതമാനത്തില്‍ നിന്ന് 8.30 ശതമാനമായി ഉയര്‍ത്തിയിട്ടുണ്ട്.

രണ്ട് വര്‍ഷത്തെയും മൂന്ന് വര്‍ഷത്തെയും കാലാവധി വരുന്ന വായ്പകളുടെ നിരക്ക് യഥാക്രമം 8.25 ശതമാനത്തില്‍ നിന്ന് 8.50 ശതമാനമായും 8.35 ശതമാനത്തില്‍ നിന്നും 8.60 ശതമാനമായും ഉയര്‍ത്തി.

അതേ സമയം രാജ്യത്തെ വാണിജ്യ ബാങ്കുകള്‍ കിട്ടാക്കടമായി കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ എഴുതിത്തള്ളിയത് 10 ലക്ഷം കോടിയില്‍പ്പരം രൂപയാണെന്നുള്ള വിവരം പുറത്ത് വന്നിരുന്നു. രാജ്യസഭയില്‍ ജോണ്‍ ബ്രിട്ടാസിന് ധനസഹമന്ത്രി ഭഗവത് കാരാട് നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്.

മൊത്തം കിട്ടാക്കടത്തിന്റെ 13 ശതമാനം മാത്രമാണ് തിരിച്ചു പിടിക്കാനായത്. എന്നാല്‍ ആരെല്ലാമാണ് ഇത്തരത്തില്‍ ബാങ്കുകളെ കബളിപ്പിച്ചതെന്നതിന് വ്യക്തമായ മറുപടി നല്‍കാന്‍ മന്ത്രി തയ്യാറായില്ല. വായ്പാ തിരിച്ചടവ് കുടിശിക വരുത്തിയ 25 പേരുടെ വിവരമാണ് സഭയില്‍ തേടിയത്.

റിസര്‍വ് ബാങ്ക് ചട്ടങ്ങള്‍ പ്രകാരം ഇവരുടെ പേര് പുറത്തുവിടാനാവില്ലെന്ന് മന്ത്രി പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും വലിയ വായ്പാദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 1.65 ലക്ഷം കോടി രൂപയാണ് എഴുതിത്തള്ളിയത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.