പ്രമുഖ ബ്രാന്‍ഡുകളിലെ സാനിറ്ററി പാഡുകളില്‍ കാന്‍സറിന് കാരണമായ രാസവസ്തുക്കള്‍; ഞെട്ടിക്കുന്ന പഠന റിപ്പോര്‍ട്ട്

പ്രമുഖ ബ്രാന്‍ഡുകളിലെ സാനിറ്ററി പാഡുകളില്‍ കാന്‍സറിന് കാരണമായ രാസവസ്തുക്കള്‍; ഞെട്ടിക്കുന്ന പഠന റിപ്പോര്‍ട്ട്

ഇന്ത്യയിലെ ഒട്ടുമിക്ക സ്ത്രീകളും ആര്‍ത്തവകാലത്ത് സാനിറ്ററി പാഡുകളെയാണ് ആശ്രയിക്കുന്നത്. 15-24 വയസ് വരെ പ്രായമുള്ള സ്ത്രീകളില്‍ 64 ശതമാനവും സാനിറ്ററി പാഡുകള്‍ ഉപയോഗിക്കുന്നുണ്ടെന്ന് ഏറ്റവും പുതിയ ദേശീയ കുടുംബാരോഗ്യ സര്‍വേയും വെളിപ്പെടുത്തുന്നു. പാഡുകള്‍ ഉപയോഗിക്കുന്നത് ശുചിത്വകുറവ് മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലാതിരിക്കാന്‍ സഹായിക്കുമെന്ന വിശ്വാസമാണ് ഇതിന്റെ പ്രധാന കാരണം. എന്നാല്‍ സാനിറ്ററി പാഡുകളെക്കുറിച്ച് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന വാര്‍ത്തകള്‍ ഞെട്ടിക്കുന്നതാണ്.

ഇന്ത്യയില്‍ വ്യാപകമായി വില്‍ക്കുന്ന പ്രമുഖ ബ്രാന്‍ഡുകളിലെ സാനിറ്ററി പാഡുകളില്‍ കാന്‍സറിന് കാരണമാകുന്ന രാസവസ്തുക്കളുണ്ടെന്നാണ് പുതിയ കണ്ടെത്തല്‍. നവംബറില്‍ ഇന്റര്‍നാഷണല്‍ പൊല്യൂട്ടന്റ്‌സ് എലിമിനേഷന്‍ നെറ്റ്വര്‍ക്കിന്റെ ഭാഗമായ എന്‍ജിഒ നടത്തിയ പഠന റിപ്പോര്‍ട്ടിലാണ് ഞെട്ടിക്കുന്ന കണ്ടെത്തലുള്ളത്.

ഇന്ത്യയിലുടനീളം ലഭ്യമായ പത്ത് ബ്രാന്‍ഡുകളുടെ പാഡുകളിലാണ് പഠനം നടത്തിയത്. എല്ലാ സാമ്പിളുകളിലും കാര്‍സിനോജന്‍, പ്രത്യുല്‍പാദന വിഷവസ്തുക്കള്‍, എന്‍ഡോക്രൈന്‍ ഡിസ്‌റപ്റ്ററുകള്‍ എന്നിവ അടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതിന് പുറമെ ഫലേറ്റുകളുടെയും അസ്ഥിര ജൈവ സംയുക്തങ്ങളുടെയും (വിഒസി) അംശവും കണ്ടെത്തി. ഇവക്ക് കാന്‍സര്‍ കോശങ്ങള്‍ ഉണ്ടാക്കാനുള്ള കഴിവുണ്ട്.

ചില പാഡുകളില്‍ രാസവസ്തുക്കളുടെ അളവുകള്‍ യൂറോപ്യന്‍ റെഗുലേഷന്‍ സ്റ്റാന്‍ഡേര്‍ഡിനേക്കാള്‍ മൂന്നിരട്ടി വരെ കൂടുതലാണെന്നാണ് കണ്ടെത്തല്‍. സ്ത്രീകളെ വന്ധ്യതയിലേക്ക് ഉള്‍പ്പെടെ നയിക്കുന്ന എന്‍ഡോമെട്രിയോസിസ് എന്ന അവസ്ഥയ്ക്ക് വരെ ഫാലേറ്റ്സ് കാരണമാകുന്നുണ്ട്. കൂടാതെ ഗര്‍ഭധാരണത്തിലെ സങ്കീര്‍ണതകള്‍, ഇന്‍സുലിന്‍ പ്രതിരോധം, രക്താതിസമ്മര്‍ദം മുതലായവയിലേക്കും ഫാലേറ്റ്സ് നയിക്കുന്നു.

പാഡുകളില്‍ സുഗന്ധമുണ്ടാക്കുന്നതിനാണ് വിഒസി ഉപയോഗിക്കുന്നത്. വിളര്‍ച്ച, ത്വക്ക് രോഗങ്ങള്‍, ക്ഷീണം, ബോധക്ഷയം,വൃക്ക രോഗങ്ങള്‍, കരള്‍ രോഗങ്ങള്‍ എന്നിവയ്ക്ക് വരെ വിഒസി കാരണമാകാം. ഇതിന് പുറമെ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളേയും രാസവസ്തു ദോഷകരമായി ബാധിക്കുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

സാനിറ്ററി പാഡുകളിലൂടെ ദോഷകരമായ രാസവസ്തുക്കള്‍ ശരീരം ആഗിരണം ചെയ്യപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്. യോനിക്ക് ചര്‍മ്മത്തേക്കാള്‍ ഉയര്‍ന്ന നിരക്കില്‍ രാസവസ്തുക്കള്‍ ആഗിരണം ചെയ്യാന്‍ കഴിയുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യയില്‍ സാനിറ്ററി പാഡുകളുടെ ഘടനയിലും നിര്‍മ്മാണത്തിലും ഉപയോഗത്തിലും ഒരു നിയന്ത്രണവുമില്ല. എന്നാല്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇതിന് കൃത്യമായ നിയന്ത്രണങ്ങള്‍ നിലവിലുണ്ട്. ജനസംഖ്യാ ശാസ്ത്രവും വിദ്യാഭ്യാസവും പാഡുകളുടെ ഉപയോഗം നിര്‍ണ്ണയിക്കുന്നു. കൂടുതല്‍ സമ്പന്നമായ ഒരു സമൂഹത്തില്‍ പാഡുകളുടെ ഉയര്‍ന്ന ഉപയോഗം ഉണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യയിലെ കൗമാരക്കാരായ നാലില്‍ മൂന്ന് സ്ത്രീകളും സാനിറ്ററി നാപ്കിനുകള്‍ ഉപയോഗിക്കുന്നു എന്നത് കണക്കിലെടുക്കുമ്പോള്‍ ഇത് ഭയാനകമായ കണ്ടെത്തലാണെന്ന് ആരോഗ്യ വിദഗ്ദരും ചൂണ്ടിക്കാട്ടുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.