പെണ്‍കുഞ്ഞ് ജനിച്ചത് നാല് കാലുകളുമായി; ആരോഗ്യവതിയെന്ന് ഡോക്ടര്‍മാര്‍

പെണ്‍കുഞ്ഞ് ജനിച്ചത് നാല് കാലുകളുമായി; ആരോഗ്യവതിയെന്ന് ഡോക്ടര്‍മാര്‍

ഗ്വാളിയര്‍: ആദ്യ പ്രസവത്തില്‍ യുവതിക്ക് ജനിച്ചത് നാല് കാലുകളുള്ള പെണ്‍കുഞ്ഞ്. മധ്യപ്രദേശിലെ ഗ്വാളിയറിലാണ് സംഭവം. കമല രാജ ആശുപത്രിയില്‍ ബുധനാഴ്ചയാണ് നാല് കാലുകളുമായി പെണ്‍കുഞ്ഞ് പിറന്നത്. സിക്കന്ദര്‍കംപൂ മേഖലയിലെ ആരതി കുഷ്വാഹ എന്ന യുവതിയാണ് കാഴ്ചയില്‍ വ്യത്യസ്തമായ കുഞ്ഞിന് ജന്മം നല്‍കിയത്.

കാലുകളുടെ എണ്ണം കൂടുതലാണെങ്കിലും കുഞ്ഞ് ആരോഗ്യവതിയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. 2.3 കിലോ ഗ്രാം ഭാരമാണ് കുഞ്ഞിനുള്ളത്. അതേസമയം കൂടുതലായുള്ള രണ്ട് കാലുകള്‍ പ്രവര്‍ത്തനരഹിതമാണെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ശസ്ത്രക്രിയയിലൂടെ ഈ രണ്ട് കാലുകള്‍ നീക്കം ചെയ്യാനാണ് ആശുപത്രി അധികൃതരുടെ തീരുമാനം.

വൈദ്യശാസ്ത്രത്തില്‍ ഇസ്ചിയോപാഗസ് എന്നറിയപ്പെടുന്ന അവസ്ഥയാണ് പെണ്‍കുഞ്ഞിന് സംഭവിച്ചിരിക്കുന്നത്. ഭ്രൂണം രണ്ടാകുന്ന അവസ്ഥയാണിത്. ഇവിടെ പെണ്‍കുഞ്ഞിന്റെ അരയ്ക്ക് താഴെയാണ് ഇത്തരത്തില്‍ രണ്ടായത്. തുടര്‍ന്ന് രണ്ടിടത്തും ശരീരഭാഗങ്ങള്‍ വളരാന്‍ തുടങ്ങി. തല്‍ഫലമായാണ് നാല് കാലുകള്‍ രൂപപ്പെട്ടതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

നിലവില്‍ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ് കുഞ്ഞ്. ശരീരത്തിന്റെ മറ്റേതെങ്കിലും ഭാഗത്തിന് വൈരൂപ്യമോ തകരാറുകളോ ഉണ്ടോയെന്ന കാര്യമാണ് വൈദ്യസംഘം ആദ്യം പരിശോധിക്കുന്നത്. നിരീക്ഷണം പൂര്‍ത്തിയായാല്‍ ശസ്ത്രക്രിയയിലൂടെ കൂടുതലായുള്ള രണ്ട് കാലുകള്‍ നീക്കം ചെയ്യും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.