കാസർകോട്: യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ട പെരിയ ഇരട്ടക്കൊലക്കേസില്‍ പ്രതികളുടെ വക്കാലത്ത് ഏറ്റെടുത്ത് മുന്‍ കോണ്‍ഗ്രസ് നേതാവ് സി.കെ. ശ്രീധരൻ. കേസിൽ കൊച്ചി സിബിഐ കോടതിയിൽ വിചാരണ തുടങ്ങാനിരിക്കെയാണ് ശ്രീധരൻ വക്കാലത്ത് ഏറ്റെടുത്തത്. ഒന്നാം പ്രതി പീതാംബരൻ ഉൾപ്പെടെയുള്ള ഒമ്പത് പ്രതികൾക്കായാണ് ശ്രീധരൻ ഹാജരാകുന്നത്.
പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത്‌ലാലിനെയും കൊലപ്പെടുത്തിയ കേസിലെ സാക്ഷി വിസ്താരം ഫെബ്രുവരി രണ്ടിന് സിബിഐ പ്രത്യേക കോടതിയിൽ തുടങ്ങും. ഇതിന് മുന്നോടിയായാണ് കെപിസിസി മുൻ വൈസ് പ്രസിഡൻ്റും മുതിർന്ന ക്രിമിനൽ അഭിഭാഷകനുമായ സി.കെ. ശ്രീധരൻ പ്രതികളുടെ വക്കാലത്ത് ഏറ്റെടുത്തത്.
ഈ അടുത്തിടെ ശ്രീധരന്‍ കോണ്‍ഗ്രസ് വിട്ട് സിപിഎമ്മില്‍ ചേര്‍ന്നിരുന്നു. ഉദുമ മുൻ എംഎൽഎ കെ.വി. കുഞ്ഞിരാമനടക്കം 24 പേർ പ്രതികളാണ് കേസിലുള്ളത്.
വിസ്താരത്തിന് ഹാജരാവേണ്ട സാക്ഷികളുടെ പട്ടിക പ്രോസിക്യൂഷൻ കോടതിക്ക് കൈമാറി. 54 സാക്ഷികളുടെ വിസ്താരത്തിനുള്ള തീയതികളും പേരും അടങ്ങുന്ന പട്ടികയാണ് കോടതിക്ക് നൽകിയത്. ഇവർക്ക് ഉടൻ സമൻസ് അയക്കും. പ്രതിഭാഗം സാക്ഷികളുടെ പട്ടിക ഇതുവരെ നൽകിയിട്ടില്ല.
2019 ഫെബ്രുവരി 17നാണ് കാസർകോട് പെരിയയിൽ കൃപേഷും ശരത്‌ലാലും കൊല്ലപ്പെട്ടത്. സിപിഎം പ്രാദേശിക നേതാവ് പീതാംബരൻ ഉൾപ്പെടെയുള്ള പ്രതികൾ രാഷ്ട്രീയ വൈരാഗ്യത്തെത്തുടർന്ന് കൊല നടത്തിയെന്നാണ് സിബിഐ കേസ്. ശരത് ലാലിന്റെയും കൃപേഷിന്റെയും മാതാപിതാക്കൾ നൽകിയ ഹർജിയിൽ ഹൈക്കോടതിയാണ് സിബിഐ തുടരന്വേഷണം നടത്താൻ ഉത്തരവിട്ടത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.