കൊച്ചി: മെഡിക്കൽ കോളേജ് ഹോസ്റ്റലിലെ രാത്രികാല നിയന്ത്രണം എൻജിനിയറിംഗ് കോളേജുകൾക്കും ബാധകമാണോയെന്ന കാര്യത്തിൽ വ്യക്തതതേടി ഹൈക്കോടതി. സർക്കാരും വനിതാകമ്മീഷനും വിശദീകരണം നൽകണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശിച്ചു.
പുതിയ ഉത്തരവ് വന്നശേഷവും 9.30ന് ശേഷം പുറത്തിറങ്ങാൻ നിയന്ത്രണമുണ്ടെന്ന് ഹർജിക്കാർ ബോധിപ്പിച്ചതിനെത്തുടർന്നാണ് വിശദീകരണം തേടിയത്. ഹർജി 20ന് പരിഗണിക്കാൻ മാറ്റി.
മെഡിക്കൽ കോളേജ് ഹോസ്റ്റലുകളിൽ ആൺ, പെൺ വ്യത്യാസമില്ലാതെ രാത്രി 9.30നുശേഷം നിയന്ത്രണമേർപ്പെടുത്തിയാണ് സർക്കാർ പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. രണ്ടാംവർഷം മുതൽ രാത്രി 9.30ന് ശേഷം മൂവ്‌മെന്റ് രജിസ്റ്ററിൽ വിവരങ്ങൾ രേഖപ്പെടുത്തി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഹോസ്റ്റലിൽ പ്രവേശിക്കാമെന്നാണ് ഉത്തരവ്.
എന്നാൽ 9.30നുശേഷം ഹോസ്റ്റലിൽനിന്ന് പുറത്തിറങ്ങാൻ അനുമതിയുണ്ടോയെന്ന കാര്യത്തിൽ വ്യക്തതയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. 9.30നുശേഷം പുറത്തിറങ്ങാനുള്ള വിലക്കിനെതിരെ കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് വിദ്യാർത്ഥിനികൾ നൽകിയ ഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.
ഒന്നാംവർഷ വിദ്യാർത്ഥികൾക്ക് റാഗിംഗിനും മറ്റുമുള്ള സാദ്ധ്യത കണക്കിലെടുത്ത് നിയന്ത്രണത്തിൽ തെറ്റുപറയാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു. മൂവ്‌മെന്റ് രജിസ്റ്റർ കാണാനുള്ള അവകാശം മാതാപിതാക്കൾക്കും ലഭ്യമാക്കണം. അച്ചടക്കത്തിനായി സമയ നിബന്ധന ഏർപ്പെടുത്തുന്നതിൽ തെറ്റില്ല. എന്നാൽ പെൺകുട്ടികൾക്ക് മാത്രമായി നിയന്ത്രണമേർപ്പെടുത്തുന്ന സ്ഥിതി മാറണം. സമൂഹത്തിന്റെ സദാചാരബോധം പെൺകുട്ടികളിൽമാത്രം അടിച്ചേൽപ്പിക്കരുതെന്നും വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.