ന്യൂഡല്‍ഹി: രാജീവ് ഗാന്ധി വധക്കേസിലെ പ്രതി എ.ജി. പേരറിവാളന്റെ പരോള്‍ ഒരാഴ്ച കൂടി നീട്ടിനല്‍കി. മെഡിക്കല്‍ പരിശോധനകള്‍ക്കു വേണ്ടിയാണ് സുപ്രീം കോടതി പരോള്‍ നീട്ടി നല്‍കിയത്. പേരറിവാളന്‍ ആവശ്യമായ പോലീസ് സംരക്ഷണം ഏര്‍പ്പെടുത്താനും ജസ്റ്റീസ് എല്‍. നാഗേശ്വര്‍ റാവു അധ്യക്ഷനായ ബെഞ്ച് തമിഴ്നാട് സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മദ്രാസ് ഹൈക്കോടതി അനുവദിച്ച പരോള്‍ അവസാനിക്കാനിരിക്കേയാണ് സുപ്രീം കോടതിയുടെ പുതിയ തീരുമാനം.
പേരറിവാളന്റെ ശിക്ഷ ഇളവ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് സര്‍ക്കാര്‍ നല്കിയ ശുപാര്‍ശ രണ്ട് വര്‍ഷം കഴിഞ്ഞിട്ടും ഗവര്‍ണര്‍ നടപടിയെടുക്കാത്തതില്‍ നേരത്തെ സുപ്രീം കോടതി അതൃപ്തി വ്യക്തമാക്കിയിരുന്നു. 29 വര്‍ഷം മുന്‍പ് നടന്ന രാജീവ് വധത്തിനുപിന്നിലെ ഗൂഢാലോചനയെക്കുറിച്ചുള്ള അന്വേഷണത്തില്‍ പുരോഗതിയില്ലാത്തതിനു സുപ്രീം കോടതി സിബിഐ ശാസിച്ചിരുന്നു.
രാജീവ് ഗാന്ധി വധക്കേസില്‍ 1991 ജൂണില്‍ അറസ്റ്റിലായപ്പോള്‍ അറിവിന് 19 വയസായിരുന്നു. ഗൂഢാലോചനയുടെ സൂത്രധാരനും എല്‍ടിടിഇ പ്രവര്‍ത്തകനുമായ ശിവരശനു പേരറിവാളന്‍ രണ്ട് ബാറ്ററി സെല്‍ വാങ്ങി നല്‍കിയതായും ഇതാണു രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയ ബോംബില്‍ ഉപയോഗിച്ചതെന്നും ആരോപിച്ചായിരുന്നു അറസ്റ്റ്. വധശിക്ഷയാണു പേരറിവാളനു കോടതി വിധിച്ചത്. 23 വര്‍ഷത്തിനുശേഷം 2014 ഫെബ്രുവരി 18 ന് അന്നത്തെ ചീഫ് ജസ്റ്റിസ് പി സദാശിവം, ജസ്റ്റിസുമാരായ രഞ്ജന്‍ ഗൊഗോയ്, ശിവകീര്‍ത്തി സിങ് എന്നിവര്‍ ഉള്‍പ്പെട്ട സുപ്രീം കോടതി ബെഞ്ച് പേരറിവാളന്റെയും മുരുകന്‍, സന്തന്‍ എന്നീ പ്രതികളുടെയും വധശിക്ഷ ജീവപര്യന്തം തടവായി കുറച്ചു.
കസ്റ്റഡിയിലായിരുന്നപ്പോഴുള്ള പേരറിവാളന്റെ മൊഴി താന്‍ തിരുത്തി കുറ്റസമ്മതം പോലെയാക്കുകയായിരുന്നുവെന്നു വിരമിച്ച സിബിഐ എസ്പി വി ത്യാഗരാജന്‍ 2013 നവംബറില്‍ വെളിപ്പെടുത്തിയിരുന്നു. മൊഴി തിരുത്തിയതാണു പേരറിവാളനു വധശിക്ഷ ലഭിക്കുന്നതില്‍ നിര്‍ണായകമായതെന്നും ത്യാഗരാജന്‍ പറഞ്ഞിരുന്നു. ഇതാണു താന്‍ നിരപരാധിയാണെന്ന പേരറിവാളന്റെറ അവകാശവാദത്തിനു ബലമായത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.