ബഫര്‍ സോണിലെ ഉപഗ്രഹ സര്‍വേ: പരാതി നല്‍കാനുള്ള സമയം നീട്ടിയേക്കും; സര്‍ക്കാരിനെതിരെ സമരത്തിനൊരുങ്ങി കെസിബിസി

ബഫര്‍ സോണിലെ ഉപഗ്രഹ സര്‍വേ: പരാതി നല്‍കാനുള്ള സമയം നീട്ടിയേക്കും; സര്‍ക്കാരിനെതിരെ സമരത്തിനൊരുങ്ങി കെസിബിസി

തിരുവനന്തപുരം: ബഫര്‍സോണ്‍ മേഖലകളില്‍ നടത്തിയ ഉപഗ്രഹ സര്‍വേയെ കുറിച്ച് വിദഗ്ധ സമിതിക്ക് പരാതി നല്‍കാനുള്ള സമയ പരിധി നീട്ടിയേക്കും. 23 നുള്ളില്‍ പരാതി നല്‍കാന്‍ ആയിരുന്നു മുന്‍ തീരുമാനം. ഉപഗ്രഹ സര്‍വേക്കെതിരെ വ്യാപക പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് പരാതി നല്‍കാനുള്ള സമയ പരിധി നീട്ടുന്നത്.

പരാതികള്‍ സ്വീകരിക്കാന്‍ പഞ്ചായത്തുകളില്‍ ഹെല്‍പ് ഡെസ്‌ക് തുടങ്ങാനും തീരുമാനിച്ചിട്ടുണ്ട്. പരാതികള്‍ പരിശോധിച്ചു വീണ്ടും ഫീല്‍ഡ് സര്‍വേ നടത്താനും സര്‍ക്കാര്‍ തീരുമാനിച്ചു. ഇരുപതിനാണ് വിദഗ്ധ സമിതി യോഗം ചേരുന്നത്.

എന്നാല്‍ ബഫര്‍ സോണ്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ പ്രത്യക്ഷ സമരം തുടങ്ങാന്‍ ഒരുങ്ങുകയാണ് കെസിബിസി. സര്‍ക്കാര്‍ ഇപ്പോള്‍ സ്വീകരിക്കുന്ന നിലപാടുകളില്‍ കടുത്ത ആശങ്കയുണ്ടെന്ന് കത്തോലിക്ക സഭാ നേതൃത്വം വ്യക്തമാക്കുന്നു. താരമശേരി രൂപതയുടെ നേതൃത്വത്തില്‍ മറ്റന്നാള്‍ ജനജാഗ്രത യാത്ര നടത്തും.

പരിസ്ഥിതി ലോല മേഖല ഉള്‍പ്പെടുന്ന പഞ്ചായത്തുകളില്‍ സ്ഥല പരിശോധന അടക്കം നടത്തി ബഫര്‍ സോണിലെ ആശങ്ക പരിഹരിക്കുമെന്നാണ് സര്‍ക്കാര്‍ വാഗ്ദാനം. എന്നാല്‍ അശാസ്ത്രതീയമായ ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ടില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന, ഇപ്പോഴത്തെ നടപടിക്രമങ്ങളില്‍ സഭാ നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്. പ്രത്യക്ഷ സമരം തന്നെ തുടങ്ങാനാണ് തീരുമാനം. സഭാ നിലപാട് വ്യക്തമാക്കുന്ന ഇടയലേഖനം അടുത്ത ദിവസങ്ങളില്‍ പള്ളികളില്‍ വായിക്കും.

കെസിബിസി നേതൃത്വം നല്‍കുന്ന കേരള കര്‍ഷക അതിജീവന സംയുക്ത സമിതി കോഴിക്കോട് ജില്ലയിലെ മലയോര മേഖലയില്‍ തിങ്കളാഴ്ച ജനജാഗ്രത യാത്ര നടത്തും. ബഫര്‍ സോണില്‍ കടുത്ത പ്രതിഷേധം നിലനില്‍ക്കുന്ന കക്കയം, ചെമ്പനോട, ചക്കിട്ടപ്പാറ തുടങ്ങിയ മേഖലകളിലൂടെയാണ് യാത്രകള്‍ കടന്നുപോകുന്നത്. താമരശേരി രൂപത അധ്യക്ഷന്‍ തന്നെ പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കും.

കര്‍ഷക, ജാതി, മത സംഘടനകളെ അണിനിരത്തിയുള്ള ജനകീയ പ്രതിഷേധമാണ് സഭാ നേതൃത്വം ലക്ഷ്യമിടുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.