ആഗോള ജൈവവൈവിധ്യ ഉച്ചകോടി: ജൈവവൈവിധ്യത്തിന്റെ പാതി സംരക്ഷിക്കാനുള്ള നിവേദനത്തില്‍ ഒപ്പിട്ടത് 32 ലക്ഷം ജനങ്ങള്‍

ആഗോള ജൈവവൈവിധ്യ ഉച്ചകോടി: ജൈവവൈവിധ്യത്തിന്റെ പാതി സംരക്ഷിക്കാനുള്ള നിവേദനത്തില്‍ ഒപ്പിട്ടത് 32 ലക്ഷം ജനങ്ങള്‍

മോൺട്രിയൽ: കാനഡയിലെ മോണ്ട്രിയലിൽ തുടരുന്ന ഐക്യരാഷ്ട്രസഭയുടെ ആഗോള ജൈവവൈവിധ്യ ഉച്ചകോടി (സി.ഒ.പി 15) യിൽ ഭൂമുഖത്തെ ജൈവവൈവിധ്യത്തിന്റെ പാതി 2030 ഓടെ സംരക്ഷിക്കാനുള്ള നിവേദനത്തിൽ ഒപ്പിട്ട് 32 ലക്ഷം ജനങ്ങൾ.

ജൈവവൈവിധ്യം സംരക്ഷിക്കാനുള്ള കരാറിൽ ലോകരാജ്യങ്ങളും ഒപ്പിട്ടു. ഭൂപ്രദേശങ്ങളും സമുദ്രങ്ങളുമുൾപ്പെടെ നശിച്ചുകൊണ്ടിരിക്കുന്ന ആവാസകേന്ദ്രങ്ങളെ സംരക്ഷിച്ച് കാലാവസ്ഥാവ്യതിയാനങ്ങളാൽ നരകയാതനയനുഭവിക്കുന്ന ഭൂമിയെ സംരക്ഷിക്കുകയാണ് കരാറിന്റെ ലക്ഷ്യം.

ഡിസംബർ ഏഴിന് ആരംഭിച്ച ഉച്ചകോടി 19 ന് അവസാനിക്കും. ഇന്ത്യയുൾപ്പെടെ 196 രാജ്യങ്ങൾ പങ്കെടുക്കുന്ന ഉച്ചകോടിയിൽ 30 ശതമാനം കരപ്രദേശങ്ങളും സമുദ്രഭാഗങ്ങളും സംരക്ഷിക്കാമെന്ന് മിക്ക രാജ്യങ്ങളും ഉറപ്പുനൽകിയിട്ടുണ്ട്.

കാലാവസ്ഥാവ്യതിയാനം, ആവാസവ്യവസ്ഥയുടെ നാശം, മലിനീകരണം, പ്രകൃതിവിഭവങ്ങളുടെ അമിതചൂഷണം, പകർച്ചവ്യാധി എന്നീ കാരണങ്ങളാൽ ഭൂമുഖത്തുനിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ജീവജാലങ്ങളെ വംശനാശത്തിനതീതരാക്കുകയെന്നത് വെല്ലുവിളിയാണെന്നും പരിസ്ഥിതിപ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.

പരിസ്ഥിതി വ്യവസ്ഥകളെ പ്രോത്സാഹിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനുമായി പ്രാദേശിക, അന്തർദേശീയ തലങ്ങളിൽ നടപ്പിലാക്കുന്ന പരിപാടികളുടെ പരിശ്രമങ്ങൾ ഉച്ചകോടിയിൽ അവലോകനം ചെയ്യുന്നുണ്ട്. ലോകമെമ്പാടുമുള്ള പാരിസ്ഥിതിക ആവാസവ്യവസ്ഥയുടെ തകർച്ച തടയുന്നതിനും തിരിച്ചെടുക്കുന്നതിനു സഹായകരമായ സംരംഭങ്ങളാണ് ഉച്ചകോടിയുടെ ചർച്ചകളിൽ ഇടം പിടിച്ചത്.

അതേസമയം കാലാവസ്ഥാ സംരക്ഷണത്തിലേക്ക് ലോകത്തിന് വലിയ പ്രതീക്ഷയൊന്നും നൽകാതെയാണ് ഉച്ചകോടി സമാപിക്കുന്നതെന്ന് പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന ദുരന്തങ്ങളിലെ നാശനഷ്ടങ്ങൾ പരിഹരിക്കാൻ സാമ്പത്തിക സഹായം നൽകുന്നത് സംബന്ധിച്ച രൂപരേഖ കരടിൽ ഉൾപ്പെടുത്തിയിട്ടില്ല. നാശനഷ്ടം പരിഹരിക്കുന്നതിനായി സമ്പന്നരാജ്യങ്ങൾ നൽകേണ്ട പ്രത്യേക ഫണ്ട് ലഭ്യമാക്കണമെന്ന് സമ്മേളനത്തിൽ രാജ്യങ്ങൾ ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.