ബഫര്‍ സോണ്‍: ശാശ്വത പരിഹാരത്തിന് സര്‍ക്കാര്‍ ഉടന്‍ ഇടപെടണമെന്ന്‌കെസിബിസി

ബഫര്‍ സോണ്‍: ശാശ്വത പരിഹാരത്തിന് സര്‍ക്കാര്‍ ഉടന്‍ ഇടപെടണമെന്ന്‌കെസിബിസി

കൊച്ചി: ബഫര്‍ സോണ്‍ സംബന്ധിച്ച് ശാശ്വത പരിഹാരത്തിന് സര്‍ക്കാര്‍ ഉടന്‍ ഇടപെടണമെന്ന് കെസിബിസി. ബഫര്‍ സോണ്‍ പ്രദേശങ്ങളെ സംബന്ധിച്ച് പരാതികള്‍ ഉണ്ടെങ്കില്‍ മതിയായ പൊതുജന താത്പര്യം മുന്‍നിര്‍ത്തി അവിടെയുള്ള നിര്‍മ്മിതികളുടെ റിപ്പോര്‍ട്ടുകള്‍ സര്‍ക്കാര്‍ തയ്യാറാക്കണമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.

അതുപ്രകാരം പുനപരിശോധനക്കായി സുപ്രീം കോടതിയെ സമീപിക്കാന്‍ സര്‍ക്കാരുകള്‍ക്ക് മാത്രം അവസരം നല്‍കിക്കൊണ്ടാണ് 2022 ജൂണ്‍ മൂന്നിന് വന്യജീവി സങ്കേതങ്ങള്‍ക്ക് ചുറ്റും ഒരു കിലോമീറ്റര്‍ ആകാശദൂരം ബഫര്‍ സോണ്‍ ആയി സുപ്രീം കോടതി ഉത്തരവിട്ടത്.

സംസ്ഥാന സര്‍ക്കാര്‍ കൃത്യവും വ്യക്തവുമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സമീപിച്ചാല്‍ ബഫര്‍ സോണ്‍ സംബന്ധിച്ച ആവശ്യമായ ഭേദഗതികള്‍ക്ക് സുപ്രീം കോടതി സന്നദ്ധമാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍, ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കുന്ന സത്വര നടപടികളാണ് സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകേണ്ടതെന്ന് കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ പ്രസ്താവിച്ചു.

കേരള സര്‍ക്കാര്‍ 23 വന്യജീവി സങ്കേതങ്ങള്‍ക്ക് ചുറ്റുമുള്ള 115 പഞ്ചായത്തുകളിലായി പരന്നു കിടക്കുന്ന പരിസ്ഥിതി ലോല മേഖലയിലുള്ള ജനവാസ മേഖലകളേയും അവിടെയുള്ള ഭവനങ്ങള്‍, സര്‍ക്കാര്‍ - അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ഇതര നിര്‍മ്മിതികള്‍, കൃഷിയിടങ്ങള്‍ എന്നിവയുടെ കണക്കെടുക്കുവാന്‍ റിമോട്ട് സെന്‍സിംങ് ആന്റ് എന്‍വയണ്‍മെന്റ് സെന്ററിനെയാണ് ചുമതലപ്പെടുത്തിയത്.

പ്രസ്തുത റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ടിന്റെ വസ്തുതാ പരിശോധന പരിസ്ഥിതിലോല പ്രദേശങ്ങളില്‍ നേരിട്ട് നടത്തുന്നതിനായി ജസ്റ്റിസ് തോട്ടത്തില്‍ രാധാകൃഷ്ണന്‍ അധ്യക്ഷനായി ഒരു അഞ്ചംഗ വിദഗ്ധ സമിതിയെയും സെപ്റ്റംബറില്‍ നിയോഗിച്ചു. ഈ സമിതിക്ക് 115 പഞ്ചായത്തുകളിലും നേരിട്ട് എത്തി വസ്തുതാ പരിശോധന നടത്തുന്നതിന് സാവകാശം കിട്ടിയെന്നു കരുതാനാവില്ല. അതിനാല്‍ പഞ്ചായത്തുകളുടെ സഹകരണത്തോടെ പഠനം നടത്തി സമയബന്ധിതമായി വസ്തുതാ റിപ്പോര്‍ട്ട് തയ്യാറാക്കുന്നത് ജനങ്ങള്‍ക്ക് സഹായകരമായിരിക്കുമെന്നും കെസിബിസി വ്യക്തമാക്കുന്നു.

ബഫര്‍ സോണ്‍ 2022 ഡിസംബര്‍ 11 ന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിന്മേലുള്ള ആശങ്കകള്‍ അറിയിക്കാനുള്ള സമയപരിധി 2022 ഡിസംബര്‍ 23 ന് എന്ന് നിശ്ചയിച്ചത് തീര്‍ത്തും അപ്രായോഗികമാണ്. ആക്ഷേപങ്ങള്‍ പരിഹരിക്കാന്‍ കൂടുതല്‍ സമയം ആവശ്യമാണ്. ഇതിന്റെ ഫലപ്രദമായ നടത്തിപ്പിനായി കെസിബിസി നേരത്തെ ആവശ്യപ്പെട്ടിരുന്നതു പോലെ ഗ്രാമ പഞ്ചായത്തുകളില്‍ ഹെല്‍പ്പ് ഡെസ്‌കുകള്‍ പ്രവര്‍ത്തിക്കണമെന്ന് വനം വകുപ്പ് നിര്‍ദേശിച്ചിട്ടുള്ളത് 115 പഞ്ചായത്തുകളിലും ആവശ്യമാണെന്നും കെസിബിസി ആവശ്യപ്പെടുന്നു.

അവിടെയെല്ലാം ഉദ്യോഗസ്ഥരും കര്‍ഷക പ്രതിനിധികളുമടങ്ങിയ ടാസ്‌ക് ഫോഴ്സിനേയും ചുമതലപ്പെടുത്തേണ്ടതുണ്ട്. മാത്രമല്ല, പട്ടയമോ സര്‍വ്വേ നമ്പറോ ലഭിക്കാതെ പതിറ്റാണ്ടുകളായി ഈ മേഖലകളില്‍ കഴിയുന്ന കര്‍ഷകരുടെ വിഷയവും ഏറെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതുണ്ട്.
വന്യജീവി സങ്കേതങ്ങള്‍ ജനവാസ കേന്ദ്രങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന സ്ഥലങ്ങളില്‍ സംരക്ഷിത വനത്തിന്റെ ഒരു കിലോമീറ്റര്‍ എങ്കിലും ഉള്ളിലേക്ക് മാറ്റി വന്യജീവി സങ്കേതങ്ങളുടെ അതിര്‍ത്തി പുനനിര്‍ണയിച്ച് കേന്ദ്ര വൈല്‍ഡ് ലൈഫ് ബോര്‍ഡിനെ ബോധ്യപ്പെടുത്തി സുപ്രീം കോടതി വഴി പ്രശ്നത്തിന് ശാശ്വത പരിഹാരം തേടണമെന്ന ജനങ്ങളുടെ സുപ്രധാന ആവശ്യം ഗൗരവമായും സത്വരമായും സര്‍ക്കാര്‍ പരിഗണിക്കേണ്ടതുമാണെന്ന് കര്‍ദിനാള്‍ ക്ലീമിസ് ബാവ പ്രസ്താവിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.