പണം കണ്ടത്താനായില്ല: ബ്രിട്ടനില്‍ കൊല്ലപ്പെട്ട യുവതിയുടെയും മക്കളുടെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ വൈകും

പണം കണ്ടത്താനായില്ല: ബ്രിട്ടനില്‍ കൊല്ലപ്പെട്ട യുവതിയുടെയും മക്കളുടെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ വൈകും

കോട്ടയം: അഞ്ജുവിനെയും മൂത്തകുഞ്ഞിനെയും സാജു ക്രൂരമായി മര്‍ദിച്ചിരുന്നു. ഇതൊന്നും അവള്‍ പറഞ്ഞിരുന്നില്ല. ആരെയും വിഷമിപ്പിക്കേണ്ടെന്ന് കരുതിയിട്ടുണ്ടാവും. കുഞ്ഞുങ്ങളെ അവസാനമായി കാണണമെന്നുണ്ട്. യു.കെയില്‍ കൊല്ലപ്പെട്ട അഞ്ജുവിന്റെ പിതാവ് അശോകന്‍ നിറകണ്ണുകളോടെ പറയുന്നു.

സാജുവിനെ ഭയന്നാണ് അഞ്ജുവും മക്കളും കഴിഞ്ഞിരുന്നതെന്ന് രണ്ടാനമ്മയായ കൃഷ്ണമ്മയും പറയുന്നു. 45 ദിവസം കുട്ടികളെ പരിപാലിക്കുന്നതിന് സൗദിയില്‍ അഞ്ജുവിന്റെ കുടുംബത്തിനൊപ്പം താമസിച്ചിട്ടുള്ള കൃഷ്ണമ്മ, ഇക്കാലത്ത് മര്‍ദനം നേരിട്ട് കണ്ടതായും വ്യക്തമാക്കുന്നു. അഞ്ജുവും മക്കളും സൗദിയില്‍ കഴിഞ്ഞത് ഭയത്തോടെയാണ്. കൈകള്‍ കൊണ്ടും തുണി ഉപയോഗിച്ചും അഞ്ജുവിന്റെ കഴുത്ത് ഞെരിച്ചിട്ടുണ്ട്.

കുട്ടികള്‍ക്കു നേരെയും ആക്രമണം നടത്തിയിരുന്നു. കുട്ടികളെ തുണി ഉപയോഗിച്ച് ശ്വാസം മുട്ടിക്കുന്നതു കൂടാതെ സാജു അവരെ ദൂരേക്ക് വലിച്ചെറിയുകയും ചെയ്തിരുന്നു. അച്ഛനോട് ഇക്കാര്യങ്ങള്‍ പറയരുത്. താന്‍ ആത്മഹത്യ ചെയ്യില്ലെന്നും അഞ്ജു പറഞ്ഞിട്ടുണ്ടെന്ന് ഇവര്‍ പറഞ്ഞു. അടുത്തിടെയായി അഞ്ജു വീട്ടിലേക്ക് ഫോണ്‍ ചെയ്യുന്നതു പോലും സാജു വിലക്കിയതായി ബന്ധുക്കള്‍ പറഞ്ഞു.

വൈക്കം ഇത്തിപ്പുഴ അറയ്ക്കല്‍ വീട്ടില്‍ അശോകന്റെ മകള്‍ അഞ്ജുവും (40), ഇവരുടെ മക്കളായ ജീവ (ആറ്), ജാന്‍വി (നാല്) എന്നിവരും കഴിഞ്ഞ ദിവസമാണ് യു.കെയില്‍ ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് കണ്ണൂര്‍ ഇരിക്കൂര്‍ പടിയൂര്‍ കൊമ്പന്‍പാറ സാജു ബ്രിട്ടീഷ് പൊലീസിന്റെ കസ്റ്റഡിയിലാണ്. ജീവയും ജാന്‍വിയും വര്‍ഷങ്ങളായി വൈക്കത്തെ വീട്ടിലായിരുന്നു. വീടിന് മാത്രമല്ല, നാടിനും പൊന്നോമനകളായിരുന്നു ഇവര്‍. കഴിഞ്ഞ സെപ്റ്റംബറിലാണ് അഞ്ജുവിനും സാജുവിനുമൊപ്പം ബ്രിട്ടനിലേക്ക് യാത്രയായത്.

അതിനിടെ, അഞ്ജുവിന്റെയും മക്കളുടെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള ശ്രമം തുടങ്ങി. കൊലപാതകമായതിനാല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം വീട്ടുകിട്ടാന്‍ രണ്ടാഴ്ച എടുക്കുമെന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ 30 ലക്ഷം രൂപ വേണ്ടിവരും. നിര്‍ധനകുടുംബത്തിന് ഇത്രയും തുക കണ്ടെത്താനാവാത്ത സാഹചര്യമാണ്. ഇതില്‍ സര്‍ക്കാര്‍ ഇടപെടലുണ്ടാകണമെന്നാണ് ആവശ്യം.

വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍, എം.പിമാരായ തോമസ് ചാഴികാടന്‍, സുരേഷ് ഗോപി, സി.കെ. ആശ എം.എല്‍.എ എന്നിവര്‍ എംബസിയുമായി ബന്ധപ്പെട്ട് നടപടിക്രമങ്ങള്‍ വേഗത്തിലാക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി.

മൂന്നുപേരുടെയും പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ശനിയാഴ്ച പൂര്‍ത്തിയായതായും ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. അഞ്ജുവിനെ തലയണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് ഇതിലെ സൂചന. രണ്ടുകുട്ടികളുടെയും കഴുത്തിലുണ്ടായ മാരക മുറിവാണ് മരണകാരണമെന്നാണ് ബ്രിട്ടീഷ് പൊലീസ് വ്യക്തമാക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.