തിരുവനന്തപുരം: വര്‍ഷങ്ങളായി തടഞ്ഞുവെച്ചിരിക്കുന്ന മലയോര-ആദിവാസി മേഖലയിലെ പട്ടയ വിതരണത്തിനുള്ള സാങ്കേതിക തടസങ്ങള്‍ നീക്കാന്‍ നടപടിയുമായി റവന്യൂ വകുപ്പ്. ഇതിന്റെ ഭാഗമായി തഹസില്‍ദാര്‍മാര്‍ മുതല്‍ മുകളിലേക്കുള്ളവരുടെ മേഖല യോഗങ്ങള്‍ വിളിക്കും.
നിസാര കാരണങ്ങളുടെ പേരില്‍ തടഞ്ഞുവെച്ചിരുന്ന പട്ടയ വിതരണത്തിനുള്ള സാങ്കേതിക തടസങ്ങള്‍ നീക്കാനാണ് മൂന്ന് മേഖലകളിലായി യോഗം വിളിക്കുന്നത്. തെക്കന്‍ മേഖലയിലെ യോഗം 20 ന് തിരുവനന്തപുരത്ത് ചേരും. തിരുവനനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ ഉദ്യോഗസ്ഥര്‍ പങ്കെടുക്കും.
മധ്യമേഖല യോഗം 22ന് എറണാകുളത്ത് ചേരും. കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളിലെ ഉദ്യോഗസ്ഥര്‍ പങ്കെടുക്കും. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍കോട് ജില്ലകളിലെ ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്ന മലബാര്‍ മേഖല യോഗം 23ന് കോഴിക്കോട്ട് ചേരും.
കലക്ടര്‍മാര്‍, സബ് കലക്ടര്‍മാര്‍, എ.ഡി.എം, ആര്‍.ഡി.ഒ, ഡെപ്യൂട്ടി കലക്ടര്‍മാര്‍, സര്‍വേ സൂപ്രണ്ടുമാര്‍, താലൂക്ക് ചുമതലയുള്ള തഹസില്‍ദാര്‍മാര്‍, ഭൂരേഖ തഹസില്‍ദാര്‍മാര്‍, റവന്യൂ റിക്കവറി തഹസില്‍ദാര്‍മാര്‍, പട്ടയം കൈകാര്യം ചെയ്യുന്ന തഹസില്‍ദാര്‍മാര്‍, ഹെഡ് സര്‍വേയര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുക്കണമെന്നാണ് നിര്‍ദേശം.
പരിഹരിക്കാവുന്ന പ്രശ്‌നങ്ങള്‍ക്ക് യോഗത്തില്‍ തന്നെ പരിഹാരം നിര്‍ദേശിക്കും. സങ്കീര്‍ണമായ ഫയലുകള്‍ കളക്ടര്‍ തലത്തിലും റവന്യൂ കമീഷണറേറ്റ് തലത്തിലും പരിഹരിക്കാന്‍ നിര്‍ദേശിക്കും. കൂടാതെ സര്‍ക്കാര്‍ അനുമതി ആവശ്യമായ ഫയലുകള്‍ സെക്രട്ടേറിയറ്റില്‍ എത്തിച്ച് പ്രശ്‌നപരിഹാരം നടത്തി പട്ടയ വിതരണം വേഗത്തിലാക്കാന്‍ നിര്‍ദേശിക്കും.
പുറമ്പോക്ക് ഭൂമിയുടെ പട്ടയ വിതരണമാണ് റവന്യൂ ഉദ്യോഗസ്ഥര്‍ നേരിടുന്ന പ്രധാന പ്രതിസന്ധി. ഇതില്‍ മാറ്റംവരുത്താനുള്ള ചര്‍ച്ചകളാകും ഉരുത്തിരിയുക. രണ്ടാം പിണറായി സര്‍ക്കാറിന്റെ ആദ്യ വര്‍ഷം 54,535 പട്ടയങ്ങള്‍ വിതരണം ചെയ്തിരുന്നു. രണ്ടാംവര്‍ഷം ലക്ഷം പട്ടയ വിതരണമാണ് ലക്ഷ്യം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.