തിരുവനന്തപുരം: ടൈറ്റാനിയത്തില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്. സ്ഥിരം നിയമനത്തിനായി 29 പേരിൽ നിന്ന് 10 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്. സംഭവത്തിൽ ടൈറ്റാനിയത്തിലെ ലീഗൽ എജിഎമ്മും ഇടനിലക്കാരിയായ യുവതിയും അടക്കം അഞ്ച് പേർക്കെതിരെ കന്‍റോണ്‍മെന്‍റ് പൊലീസും വെഞ്ഞാറമൂട് പൊലീസും കേസെടുത്തു.
ടൈറ്റാനിയം ലീഗൽ എജിഎം ശശി കുമാരൻ തമ്പി അഞ്ചാം പ്രതിയാണ്. പണം നേരിട്ട് വാങ്ങിയ ദിവ്യ ജ്യോതി എന്ന ദിവ്യാ നായർ ആണ് ഒന്നാം പ്രതി. ദിവ്യ ജ്യോതിയുടെ ഭർത്താവ് രാജേഷും പ്രതിയാണ്. പ്രേം കുമാർ, ശ്യാം ലാൽ എന്നിവരാണ് മറ്റുപ്രതികൾ. പണം നൽകി ജോലി കിട്ടാതെ കബളിക്കപ്പെട്ട തിരുവനന്തപുരം സ്വദേശികളുടെ പരാതികളിലാണ് കേസുകൾ എടുത്തിരിക്കുന്നത്.
മാസം 75000 രൂപ ശമ്പളത്തിൽ ട്രാവൻ കൂർ ടൈറ്റാനിയത്തിൽ അസിസ്ൻ്ൻറ് കെമിസ്റ്റ് തസ്തികയിൽ ജോലി വാഗ്ദാനം ചെയ്ത് രണ്ട് തവണയായി 10 ലക്ഷം രൂപ വാങ്ങിയെന്നാണ് കൻറോൺമെന്റ് പൊലീസ് എടുത്ത കേസ്. പണം കൊടുത്തിട്ടും ജോലി കിട്ടാതെ വന്നപ്പോഴാണ് യുവതി പൊലീസിനെ സമീപിച്ചത്. സമാന പരാതിയിലാണ് വെഞ്ഞാറമൂട് പൊലീസും കേസെടുത്തത്.
2018 മുതൽ തട്ടിപ്പ് നടക്കുന്നുണ്ടെന്നാണ് പൊലീസിന്റെ വിവരം. ദിവ്യ നായരാണ് ഇടനിലക്കാരി. ഇവർ വിവിധ ഫേസ് ബുക്ക് ഗ്രൂപ്പുകളിൽ ടൈറ്റാനിയത്തിൽ ഒഴിവുകൾ ഉണ്ടെന്ന് ചൂണ്ടിക്കാണിച്ച് പോസ്റ്റുകളിടും. വിവരം ചോദിച്ച് വരുന്നവർക്ക് ഇൻബോക്സിലൂടെ മറുപടി നൽകും. ഒപ്പം പണവും ആവശ്യപ്പെടും. ദിവ്യ ജ്യോതിയുടെ പാളയത്തെ വീട്ടിലെത്തി ഭർത്താവ് രാജേഷിന്‍റെ സാന്നിധ്യത്തിൽ ആണ് പരാതിക്കാരി പണം നൽകിയത്.
പ്രേം കുമാറിന്റെ സഹായത്തോടെ ശ്യാം ലാല്‍ എന്നയാളാണ് പണം നൽകിയവരെ സമീപിക്കുന്നത്. ശ്യാം ലാലിന്‍റെ വാഹനത്തിലാണ് ഇന്‍റര്‍വ്യൂവിന് കൊണ്ടുപോയത്. ടൈറ്റാനിയം ലീഗല്‍ അസിസ്റ്റന്‍റ് ജനറല്‍ മാനേജര്‍ ശശി കുമാരന്‍ തമ്പിയാണ് ഇന്‍റര്‍വ്യൂ നടത്തുന്നത്. 15 ദിവസത്തിനകം അപ്പോയിന്‍റ്മെന്‍റ് ലെറ്റര്‍ കിട്ടുമെന്നായിരുന്നു വാഗ്ദാനം. ടൈറ്റാനിയത്തിലെ നിയമനം ഇതുവരെ പിഎസ്‍സിക്ക് വിട്ടിട്ടില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.