''ആര്‍ഐപി, ഐ മിസ് യു'' മകന്റെ ഫേസ്ബുക്ക് പോസ്റ്റ് കണ്ട് ഞെട്ടി 'മരിക്കാത്ത' പിതാവ്; സംഭവം പീരുമേട്ടില്‍

''ആര്‍ഐപി, ഐ മിസ് യു'' മകന്റെ ഫേസ്ബുക്ക് പോസ്റ്റ് കണ്ട് ഞെട്ടി 'മരിക്കാത്ത' പിതാവ്; സംഭവം പീരുമേട്ടില്‍

ഇടുക്കി: പിതാവിന്റെ മരണവിവരം അറിയിച്ച് ഫേസ്ബുക്കില്‍ വ്യാജ പോസ്റ്റ് വന്നതിന് പിന്നാലെ ആദരാഞ്ജലികള്‍ക്കും അനുശോചനങ്ങള്‍ക്കും മറുപടി നല്‍കാന്‍ കഴിയാതെ അന്ധാളിച്ച് നില്‍ക്കുകയാണ് ജീവനോടെയുള്ള പിതാവ്. മകന്‍ തന്നെയാണ് വ്യാജ വാര്‍ത്ത പരത്തിയതെന്നാണ് ഏറെ വൈരുദ്ധ്യം. ഇടുക്കി പീരുമേട് പഞ്ചായത്തിലെ ജനപ്രതിനിധിയായിരുന്ന 60-കാരന്റെ മരണവാര്‍ത്ത' ഇന്നലെയാണ് മുപ്പത്തിനാലുകാരനായ മകന്‍ നാടിനെ അറിയിച്ചത്.

പിതാവിന്റെ ചിത്രങ്ങള്‍ക്കൊപ്പം, 'ആര്‍ഐപി, ഐ മിസ് യു' എന്നിങ്ങനെയുള്ള വാചകങ്ങളും മകന്‍ ചേര്‍ത്തിരുന്നു. മൂത്ത മകന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്നാണ് മരണ വിവരം അറിയിക്കുന്ന പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ഇളയമകന്റെ വാട്സ്ആപ്പില്‍ വന്ന സന്ദേശത്തില്‍ നിന്നായിരുന്നു ഇക്കാര്യമെല്ലാം പിതാവ് അറിയുന്നത്. തുടര്‍ന്ന് ഫേസ്ബുക്കില്‍ നോക്കിയപ്പോഴാണ് ബന്ധുക്കളും സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും അദ്ദേഹത്തിന് അനുശോചനം രേഖപ്പെടുത്തിയതായി കണ്ടത്. കുടുംബാംഗങ്ങളുടെ ഫോണിലേക്കുള്‍പ്പെടെ മരണകാരണം തിരക്കി ഫോണ്‍ കോളുകള്‍ വരികയാണ്. സംസ്‌കാര സമയം ചോദിക്കുന്നവരോട് മരിച്ചിട്ടില്ലെന്ന യാഥാര്‍ഥ്യം മപറഞ്ഞ് വീട്ടുകാര്‍ മടുത്തു.

അച്ഛനും മകനും നിരന്തരം വഴക്കിട്ടിരുന്നതായി കുടുംബാംഗങ്ങള്‍ പറയുന്നു. ഇതിനെ തുടര്‍ന്നാണ് ഇത്തരത്തില്‍ പോസ്റ്റിട്ട് കടും കൈ ചെയ്തതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച മകനെതിരെ പൊലീസില്‍ പരാതി നല്‍കാനാണ് പിതാവ് ആദ്യം തീരുമാനിച്ചത്. എന്നാല്‍ കുടുംബാംഗങ്ങളുമായി ആലോചിച്ച ശേഷം മകന് മാപ്പ് നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.
എന്നാല്‍ തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ കയറി മറ്റാരോ പോസ്റ്റ് ചെയ്തതാണ് പിതാവിന്റെ വ്യാജ മരണ വാര്‍ത്തയെന്നാണ് മറ്റൊരു ജില്ലയില്‍ ജോലി ചെയ്യുന്ന മകന്റെ വിശദീകരണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.