ബഫര്‍ സോണ്‍ ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ടില്‍ അപാകത: സുപ്രീം കോടതിയില്‍ നല്‍കില്ലെന്ന് വനംമന്ത്രി; നേരിട്ടുള്ള സര്‍വേ നടത്തണമെന്ന് പ്രതിപക്ഷം

 ബഫര്‍ സോണ്‍ ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ടില്‍ അപാകത: സുപ്രീം കോടതിയില്‍ നല്‍കില്ലെന്ന് വനംമന്ത്രി; നേരിട്ടുള്ള സര്‍വേ നടത്തണമെന്ന് പ്രതിപക്ഷം

കോഴിക്കോട്: ബഫര്‍ സോണ്‍ ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ടില്‍ അപാകതകളുണ്ടന്നും അതിനാല്‍ റിപ്പോര്‍ട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിക്കില്ലെന്നും വനം മന്ത്രി എ.കെ ശശീന്ദ്രന്‍. സര്‍വേ നടത്തിയത് സുപ്രീം കോടതിയെ ബോധ്യപ്പെടുത്താനാണ്. ജനങ്ങളുടെ പരാതി പരിശോധിച്ച് മാറ്റം വരുത്തിയ റിപ്പോര്‍ട്ടാണ് കോടതിയില്‍ സമര്‍പ്പിക്കുക.

ജനവാസമേഖലയെ ബഫര്‍ സോണായി പ്രഖ്യാപിക്കരുതെന്നാണ് സര്‍ക്കാര്‍ നിലപാട്. ഇക്കാര്യം കോടതിയെ ബോധിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ആവശ്യമെങ്കില്‍ ഫീല്‍ഡ് സര്‍വേ നടത്തും. അവ്യക്തമായ മാപ്പു നോക്കി സാധാരണക്കാരന് മനസിലാക്കാന്‍ ബുദ്ധിമുട്ടുണ്ട്. തികച്ചും ന്യായമായ കാര്യമാണത്.

അതു മനസ്സില്‍ കണ്ടു കൊണ്ടാണ് പഞ്ചായത്തുകളുടെ സഹകരണം തേടാന്‍ ആവശ്യപ്പെട്ടിട്ടുള്ളത്. പഞ്ചായത്തുകളില്‍ വരുന്ന പരാതികളെല്ലാം പ്രാഥമികമായി പഞ്ചായത്തുകളെക്കൊണ്ടു തന്നെ പരിശോധിപ്പിക്കാമെന്നും മന്ത്രി പറഞ്ഞു.

അത്തരത്തില്‍ പരിശോധിച്ച ശേഷം കമ്മീഷന് തീരുമാനമെടുക്കാം. ചിലര്‍ ആവശ്യപ്പെട്ടത് റവന്യൂ വകുപ്പിന്റെ സഹായം സ്വീകരിക്കണമെന്നാണ്. റവന്യൂ വകുപ്പിന്റെ സഹായം തേടി വനം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇന്നലെ റവന്യൂ വകുപ്പിന് രേഖാമൂലം കത്തു നല്‍കിയിട്ടുണ്ട് എന്നും മന്ത്രി അറിയിച്ചു.

വനത്തോട് ചേര്‍ന്നുള്ള ഒരു കിലോമീറ്റര്‍ ജനവാസ മേഖല ആണെന്ന് തെളിയിക്കല്‍ ആണ് ഉപഗ്രഹ സര്‍വേയുടെ ഉദ്ദേശ്യം. ജനവാസ മേഖല ഒരു കിലോമീറ്ററില്‍ ഉണ്ടെന്നു തെളിയിക്കണമെങ്കില്‍ അവിടെ എത്ര ജനങ്ങളുണ്ട്, സ്ഥാപനങ്ങള്‍ ഉണ്ട് എന്ന് തെളിയിക്കണം. വസ്തുതകള്‍ക്ക് വിരുദ്ധമാണെങ്കില്‍ അത് ചൂണ്ടിക്കാണി്ക്കാന്‍ അവസരം ഉണ്ടെന്നും മന്ത്രി പറഞ്ഞു.

ബഫര്‍സോണ്‍ പ്രശ്‌നത്തില്‍ സര്‍ക്കാര്‍ രൂപീകരിച്ച ജസ്റ്റിസ് തോട്ടത്തില്‍ ബി രാധാകൃഷ്ണന്‍ അധ്യക്ഷനായ വിദഗ്ധ സമിതിയുടെ കാലാവധി രണ്ടു മാസം കൂടി നീട്ടി. പരാതി സമര്‍പ്പിക്കാന്‍ ഉള്ള തിയതിയും നീട്ടും. ഇതില്‍ തീരുമാനം എടുക്കേണ്ടത് വിദഗ്ധ സമിതിയാണ്.

അതേസമയം ബഫര്‍ സോണില്‍ ഉപഗ്രഹ സര്‍വേ നിര്‍ത്തി വെക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആവശ്യപ്പെട്ടു. ഉപഗ്രഹ സര്‍വേ അവ്യക്തമാണ്. നേരിട്ടുള്ള സര്‍വേ ഉടന്‍ നടത്തണം. സര്‍ക്കാര്‍ ചെയ്തത് മാപ്പര്‍ഹിക്കാത്ത കുറ്റമാണെന്നും ബഫര്‍ സോണ്‍ സമരം പ്രതിപക്ഷം ഏറ്റെടുക്കുമെന്നും വി.ഡി സതീശന്‍ പറഞ്ഞു.

കേന്ദ്ര സര്‍ക്കാറിന്റെ സംശയം തീര്‍ക്കാന്‍ സംസ്ഥാന സര്‍ക്കാറിനായില്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ആശയക്കുഴപ്പമുണ്ടാക്കി. വ്യക്തതയില്ലാത്ത ഉത്തരവാണ് സംസ്ഥാന സര്‍ക്കാര്‍ ഇറക്കിയത്. പ്രശ്നത്തെ സര്‍ക്കാര്‍ ഗൗരവമായി കാണണം. ഇത് ജനങ്ങളെ ബാധിക്കുന്ന പ്രശ്നമാണ്. വിഷയത്തില്‍ കെ റെയില്‍ മോഡല്‍ സമരം സംഘടിപ്പിക്കുമെന്നും സതീശന്‍ പറഞ്ഞു.

ഇപ്പോള്‍ കാര്യങ്ങള്‍ മനസിലാക്കിയിട്ട് കാര്യമില്ല. വിവാദമായപ്പോഴാണ് പോരായ്മകള്‍ പഠിക്കുന്നത്. അതുവരെ ഫ്രീസറില്‍ വെച്ചെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.