ദോഹ: കളിയുടെ 79-ാം മിനിറ്റ്‌വരെ അർജന്റീന ജയം ഉറപ്പിച്ച മത്സരം. പിന്നെയങ്ങോട്ട് കാര്യങ്ങൾ മാറിമാറിഞ്ഞത് വളരെ പെട്ടന്നായിരുന്നു. എംബപ്പെയുടെ പെനാൽറ്റി കിക്കിൽ നിന്ന് കൈയകലം പോയ അർജന്റീനയുടെ ലോകകപ്പ് മോഹങ്ങൾ തിരിച്ചു പിടിക്കാൻ ഷൂട്ടൗട്ടോളം നീണ്ട പോരാട്ടം വേണ്ടി വന്നു. അവിടെ അർജന്റീനയുടെ രക്ഷകനായത് എമിലിയാനോ മാർട്ടിനസെന്ന മെസ്സിപടയാളിയുടെ വിശ്വസ്തമായ കൈകളായിരുന്നു.
അടിക്ക് തിരിച്ചടി കണ്ട മത്സരത്തില്‍ ഷൂട്ടൗട്ടില്‍ കിങ്‌സ്‌ലി കോമാന്റെ ഷോട്ട് തടുത്തിട്ട് അര്‍ജന്റീനയ്ക്ക് മേല്‍ക്കൈ സമ്മാനിച്ചത് മാർട്ടിനെസായിരുന്നു. അതിനും മുമ്പ് അധികസമയത്തേക്ക് നീണ്ട മത്സരം അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ കോളോ മുവാനിയുടെ ഗോളെന്നുറച്ച ഷോട്ട് രക്ഷപ്പെടുത്തി എമിലിയാനോ അര്‍ജന്റീനയ്ക്ക് ജീവന്‍ വീണ്ടെടുത്ത് നല്‍കുകയായിരുന്നു. അങ്ങനെ നഷ്ടമായെന്ന് തോന്നിപ്പോയ ലോക കിരീടം ഫ്രാൻസിൽ നിന്ന് പിടിച്ചുവാങ്ങി എമി മെസ്സിയുടെ കൈയിലേക്ക് വച്ചുകൊടുത്തു.
നെതര്‍ലന്‍ഡ്സിനെതിരായ അത്യന്തം നാടകീയമായ ക്വാര്‍ട്ടറില്‍ നിര്‍ഭാഗ്യത്തിന്റെ കുഴിയില്‍ വീണുപോകാതെ അര്‍ജന്റീനയെ കാത്തതും മാർട്ടിനെസ് തന്നെയായിരുന്നു. ഡച്ചിനെതിരേ അവസാന സെക്കന്‍ഡിലെ സമനിലഗോളില്‍ തുടങ്ങി പെനാല്‍റ്റി ഷൂട്ടൗട്ടുവരെ നീണ്ട മത്സരത്തില്‍ വിര്‍ജില്‍ വാന്‍ഡെയ്ക്കിന്റെയും സ്റ്റീവന്‍ ബെര്‍ഗുയിസിന്റെയും കിക്കുകള്‍ രക്ഷപ്പെടുത്തി അവര്‍ക്ക് സെമിയിലേക്ക് ടിക്കറ്റ് സമ്മാനിച്ചതും മാർട്ടിനെസായിരുന്നു. ഇതോടെ ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഷൂട്ടൗട്ട് ജയിക്കുന്ന ടീമായും അര്‍ജന്റീന മാറിയിരുന്നു.
അര്‍ജന്‍റീന ടീമില്‍ എമിലിയാനോ മെസിക്ക് എത്രത്തോളം പ്രിയപ്പെട്ടവനാണെന്നറിയാന്‍ നെതര്‍ലന്‍ഡ്സിനെതിരായ ലോകകപ്പ് ക്വാര്‍ട്ടറിലെ അര്‍ജന്‍റീനയുടെ വിജയ നിമിഷത്തിലേക്ക് ഒന്ന് തിരിഞ്ഞു നോക്കിയാല്‍ മതിയാവും.
പെനല്‍റ്റി ഷൂട്ടൗട്ടിലെ അവസാന കിക്ക് ലക്ഷ്യത്തിലേക്ക് പായിച്ച് ലൗതാരോ മാര്‍ട്ടിനെസ് അര്‍ജന്‍റീനക്ക് സെമിയിലേക്കുള്ള വഴി തുറന്നപ്പോള്‍ സഹതാരങ്ങള്‍ ഒന്നടങ്കം ഓടിയെത്തി മാര്‍ട്ടിനെസിനെ വാരിപുണര്‍ന്ന് വിജയാഘോഷം നടത്തി. ആ സമയം ഗ്രൗണ്ടിന്‍റെ മറുവശത്ത് സന്തോഷാധിക്യത്താല്‍ ഗ്രൗണ്ടില്‍ മുഖം പൂഴ്ത്തി കരയുകയായിരുന്നു എമിലിയാനോ. ആ വിജയമിനിഷത്തില്‍ ഗ്രൗണ്ടില്‍ വീണ് വിതുമ്പുന്ന എമിലിയാനോയുടെ അരികിലേക്ക് ഓടിയെത്തിയ ഒരേയൊരാള്‍. അത് മെസിയായിരുന്നു. ഗ്രൗണ്ടിലമര്‍ന്ന എമിയുടെ മുഖം കൈക്കുമ്പിളില്‍ കോരിയെടുത്ത് എഴുന്നേല്‍പ്പിച്ച് ആലിംഗനം ചെയ്യുന്ന മെസിയിലുണ്ട് അയാള്‍ അര്‍ജന്‍റീനക്ക് എത്രമാത്രം പ്രിയപ്പെട്ടവനും പ്രധാനപ്പെട്ടവനുമാണെന്ന്.
എതിരാളികളുടെ ഗോള്‍മുഖം ആക്രമിക്കാനിറങ്ങുമ്പോഴും പെനല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങുമ്പോഴും സ്വന്തം ഗോള്‍ പോസ്റ്റിന് താഴെ ആത്മവിശ്വാസത്തിന്‍റെ ആള്‍രൂപമായി നില്‍ക്കുന്ന എമി മെസിക്കും സംഘത്തിനും നല്‍കുന്ന ധൈര്യം ചെറുതല്ല. ഇന്‍ഡിപെന്‍ഡെന്‍റയിലൂടെ കളി തുടങ്ങി 2011ല്‍ ആദ്യമായി അര്‍ജന്‍റീനയുടെ ദേശീയ ടീമിലെത്തിയെങ്കിലും ഒരു ദശകത്തോളം അനിശ്ചിതത്വങ്ങളുടെ ഇടനാഴിയില്‍ കാവല്‍ നില്‍ക്കാനായിരുന്നു എമിലിയാനോടയുടെ വിധി.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആഴ്സണലിനൊപ്പം മൂന്ന് വര്‍ഷം സൈഡ് ബെഞ്ചില്‍ അക്ഷമനായി കാത്തിരുന്നതിന് ശേഷം 2019-20 സീസണിലെ എഫ്എ കപ്പിലാണ് എമിലിയാനോക്ക് ആദ്യമായി അവസരം ലഭിക്കുന്നത്. അന്ന് ചെല്‍സിയെ തോല്‍പ്പിച്ച് ആഴ്സണല്‍ കിരീടം നേടിയപ്പോഴാണ് എമിലിയാനോ മാര്‍ട്ടിനെസെന്ന പേര് ആരാധകരുടെ മനസില്‍ ആദ്യമായി പതിയുന്നത്. ഇനി പകരക്കാരനാവില്ല തുടരുന്നെങ്കില്‍ ഒന്നാം നമ്പര്‍ ഗോള്‍ കീപ്പറായി മാത്രം എന്ന് ആഴ്സണലിനെ അറിയിച്ച് ആസ്റ്റണ്‍വില്ലയിലേക്ക് കൂടുമാറിയ എമിലിയാനോ അവരുടെ വിശ്വസ്തനാവാന്‍ അധികം നാളുകളേറെ എടുത്തില്ല.
അപ്പോഴും അര്‍ജന്‍റീനയുടെ ഒന്നാം നമ്പര്‍ ഗോള്‍ കീപ്പര്‍ ആയിരുന്നില്ല എമിലിയാനോ. കഴിഞ്ഞ വര്‍ഷം ജൂണില്‍ ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ ചിലിക്കെതിരെ ആണ് എമി ആദ്യമായി അര്‍ജന്‍റീനയുടെ ഗോള്‍വലക്ക് മുന്നില്‍ നില്‍ക്കുന്നത്. 2021ലെ കോപ അമേരിക്കയില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ചിലിക്കെതിരായ മത്സരത്തില്‍ ആര്‍തുറോ വിദാലെടുത്ത പെനല്‍റ്റി കിക്ക് തടുത്തിട്ട് ഞെട്ടിച്ച എമിക്ക് പക്ഷെ അന്ന് എഡ്വേര്‍ഡോ വര്‍ഗാസിന്‍റെ റീ ബൗണ്ട് അന്ന് തടുക്കാനായില്ല. എന്നാല്‍ പെനല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട സെമിയില്‍ കൊളംബിയയുടെ മൂന്ന് കിക്കുകള്‍ തടുത്തിട്ടതോടെയാണ് എമി വിശ്വതനായ കവലാളാണെന്നു അര്‍ജന്‍റീന ആദ്യമായി തിരിച്ചറിയുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.