നിരക്ക് ഇരട്ടിയാക്കി വിമാന കമ്പനികളും ബസുടമകളും; ക്രിസ്തുമസ്, ന്യൂ ഇയര്‍ അവധിക്ക് നാട്ടിലെത്താൻ ചിലവേറും

നിരക്ക് ഇരട്ടിയാക്കി വിമാന കമ്പനികളും ബസുടമകളും; ക്രിസ്തുമസ്, ന്യൂ ഇയര്‍ അവധിക്ക് നാട്ടിലെത്താൻ ചിലവേറും

തിരുവനന്തപുരം: വിമാന കമ്പനികളും അന്തർ സംസ്ഥാന ബസുടമകളും നിരക്ക് ഇരട്ടിയാക്കിയതോടെ ക്രിസ്തുമസ് ന്യൂ ഇയര്‍ അവധിക്കാലത്ത്  മലയാളികൾ നാട്ടിലെത്താൻ ഇരട്ടി ചിലവ്. 

അവധിക്കാലത്തെ യാത്രയുടെ  അത്യാവശ്യം മുതലെടുത്താണ് ഈ പതിവ് കൊള്ള.അഭ്യന്തര വിമാന സര്‍വീസുകള്‍ക്ക് ഡിസംബര്‍ 15 മുതല്‍ തന്നെ ചാര്‍ജ്ജ് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

യാത്ര  ബുക്കു ചെയ്യുന്നവരില്‍ നിന്ന്  ഇപ്പോഴുള്ളതിന്‍റെ ഇരട്ടിയിലധികം ചാര്‍ജ്ജാണ് വിമാനകമ്പനികളും സ്വകാര്യ ബസുടമകളും  ഈടാക്കുന്നത്.

ഇക്കണോമി ക്ലാസില്‍  മുംബൈയില്‍ നിന്ന് കൊച്ചിയിലേക്കുള്ള വിമാന  ടിക്കറ്റ് നിരക്ക് ശരാശരി 7308 രൂപയാണെങ്കില്‍ ക്രിസ്തുമസിന് തലേന്ന് ഇത് ആറിരട്ടിയിലധികമായി. ആഭ്യന്തര യാത്രയില്‍ സീറ്റുകള്‍ക്ക് ആവശ്യക്കാര്‍ ഏറുന്നതുകൊണ്ടാണ് വിമാന കമ്പനികളുടെ ഈ കൊള്ള.

ചിലവ് താങ്ങാനാവാതെ ആകാശയാത്ര വേണ്ടെന്ന് വച്ച്  അന്തര്‍ സംസ്ഥാന സ്വകാര്യ ബസ് ആശ്രയിക്കാൻ തീരുമാനിച്ചാലും  രക്ഷയില്ല.
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള യാത്രക്ക് സ്വകാര്യ ബസുകളെല്ലാം അവധിക്കാലത്ത് ഈടാക്കുന്നത് ഭീമമായ തുകയാണ്.

സാധാരണ ദിവസങ്ങളിൽ 800 രൂപ മുതൽ 2000 രൂപ വരെ ഈടാക്കുന്ന വിവിധ സംസ്ഥാനങ്ങളിലേക്കുള്ള  ടിക്കറ്റുകള്‍  മൂവ്വായിരം മുതല്‍ നാലായിരം രൂപവരെയായി  വർദ്ധിച്ചിരിക്കുന്നു.

ക്രിസ്തുമസ്  അടുക്കുന്നതോടെ ഇത് പിന്നേയും വര്‍ദ്ധിപ്പിക്കും.ഈ കൊള്ളക്ക് വേണ്ടി  പല സ്വകാര്യ ബസുകളിലും അവധിക്കാലത്തെ ടിക്കറ്റ് ഇപ്പോള്‍ ബുക്കു ചെയ്യാൻ കഴിയുന്നില്ല. മറ്റ് സംസ്ഥാനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളും ജോലി ചെയ്യുന്നവരുമടക്കമുള്ള ആയിരങ്ങളാണ് ഈ കൊള്ളക്ക് ഇരകളാവുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.