ബ്യൂണസ് ഐറിസ്: അര്‍ജന്റീനന്‍ മണ്ണില്‍ ഉറങ്ങാതെ കാത്തിരുന്ന ആരാധകര്‍ക്ക് നടുവിലേക്ക് മെസിയും സംഘവും പറന്നിറങ്ങി. വിശ്വ കിരീടവുമായി വിമാനമിറങ്ങിയ താരങ്ങളെ ആര്‍പ്പുവിളികളും സംഗീതവുമായിട്ടാണ് ആരാധകര്‍ വരവേറ്റത്.
പ്രത്യേക വിമാനത്തില്‍ പ്രദേശിക സമയം പുലര്‍ച്ചെ 2.30 ഓടെയാണ് കീരീടവുമായി ലോക ചാമ്പ്യന്‍മാര്‍ പറന്നിറങ്ങിയത്. മെസിയും കോച്ച് സ്‌കലോനിയുമാണ് ആദ്യം വിമാനത്തില്‍ നിന്നും പുറത്തേക്കിറങ്ങിയത്. പിന്നാലെ ടീം അംഗങ്ങള്‍ ഓരോരുത്തരായി പുറത്തേക്ക്.
വിമാനത്താവളത്തില്‍ സര്‍ക്കാര്‍ പ്രതിനിധികളും ആരാധകരും മാധ്യമ പ്രവര്‍ത്തകരും ചേര്‍ന്ന് ആവേശകരമായ സ്വീകരണമാണ് സ്വപ്ന നേട്ടം സ്വന്തമാക്കിയ മെസിപ്പടക്ക് ഒരുക്കിയത്.
ഡീഗോ മറഡോണയുടെ കൈകളിലേറി 1986ല്‍ അര്‍ജന്റീനയില്‍ എത്തിയ ലോകകപ്പ്, 36 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അര്‍ജന്റീനയുടെ മണ്ണിലെത്തുന്നത്. ഒരു ടീം, ഒരു രാജ്യം, ഒരു സ്വപ്നം എന്ന് സ്പാനിഷ് ഭാഷയില്‍ രേഖപ്പെടുത്തിയിരുന്ന വിമാനത്തിലാണ് മെസിയും സംഘവും അര്‍ജന്റീനയുടെ മണ്ണില്‍ കാലുകുത്തിയത്.
ലോകകിരീടവുമായി അര്‍ജന്റീന ടീം തലസ്ഥാനമായ ബ്യൂണസ് അയേഴ്‌സിനെ വലം വെക്കും. നീലപ്പതാകകള്‍ വീശിയും നീലക്കുപ്പായങ്ങള്‍ ധരിച്ചും, ലോകകിരീടം നേടിയ സ്വന്തം ടീമിനെ ഒരുനോക്ക് കാണാന്‍ തെരുവില്‍ ലക്ഷക്കണക്കിന് ജനങ്ങളാണ് തടിച്ച് കൂടിയിരിക്കുന്നത്.
ഫുട്‌ബോള്‍ ആവേശം അതിന്റെ മൂര്‍ദ്ധന്യത്തിലെത്തിയ ഫൈനലില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കഴിഞ്ഞ ലോകകപ്പിലെ ചാമ്പ്യന്മാരായ ഫ്രാന്‍സിനെ 4-2ന് പരാജയപ്പെടുത്തിയാണ് അര്‍ജന്റീന കിരീടം നേടിയത്. നിശ്ചിത സമയത്ത് 2-2 എന്ന സ്‌കോറിലും അധിക സമയത്ത് 3-3 എന്ന സ്‌കോറിലും തുല്യത പാലിച്ച ശേഷമായിരുന്നു ഇരു ടീമുകളും ഷൂട്ടൗട്ടിലേക്ക് കടന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.