കൊടിതോരണങ്ങള്‍ നീക്കം ചെയ്യേണ്ടത് തദ്ദേശ സ്വയം ഭരണ വകുപ്പ് സെക്രട്ടറിമാരുടെ ഉത്തരവാദിത്വം: കര്‍ശന നിര്‍ദേശവുമായി ഹൈക്കോടതി

കൊടിതോരണങ്ങള്‍ നീക്കം ചെയ്യേണ്ടത് തദ്ദേശ സ്വയം ഭരണ വകുപ്പ് സെക്രട്ടറിമാരുടെ ഉത്തരവാദിത്വം: കര്‍ശന നിര്‍ദേശവുമായി ഹൈക്കോടതി

കൊച്ചി: പലവട്ടം നിര്‍ദേശം നല്‍കിയിട്ടും സംസ്ഥാനത്തെ അനധികൃത കൊടി തോരണങ്ങള്‍ നീക്കം ചെയ്യാന്‍ വൈകുന്നതില്‍ അതൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ് തദ്ദേശ സ്ഥാപനങ്ങളുടെ സെക്രട്ടറിമാര്‍ക്ക് ഒരാഴ്ചയ്ക്കകം അയച്ചു നല്‍കണമെന്ന് ഹൈക്കോടതി കര്‍ശന നിര്‍ദേശം നല്‍കി.

നിയമ ലംഘനം ആവര്‍ത്തിച്ചാല്‍ അത് തദ്ദേശ സ്വയം ഭരണ വകുപ്പ് സെക്രട്ടറിമാരുടെ സ്വകാര്യ ഉത്തരവാദിത്വമായിരിക്കും. തദ്ദേശ തലത്തില്‍ രൂപീകരിച്ചിട്ടുള്ള സമിതികള്‍ കൃത്യമായി സംസ്ഥാന കണ്‍വീനര്‍ അധ്യക്ഷനായ സമിതിക്ക് റിപ്പോര്‍ട്ട് നല്‍കണം. സംസ്ഥാന സമിതി റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉത്തരവിട്ടു

കൊടിതോരണങ്ങള്‍ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഈ മാസം 12 നാണ് ഉത്തരവ് പുറത്തിറക്കിയത്. ഈ ഉത്തരവാണ് തദ്ദേശ സ്ഥാപനങ്ങളുടെ സെക്രട്ടറിമാര്‍ക്ക് അയക്കേണ്ടത്. ഉത്തരവ് സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് ബോധവല്‍ക്കരണം നല്‍കണമെന്നും കോടതി ഉത്തരവിട്ടു. എന്നിട്ടും കൊടിതോരണങ്ങള്‍ നീക്കം ചെയ്യാതിരുന്നാല്‍ ആ വീഴ്ചയില്‍ തദ്ദേശ സ്വയം ഭരണ വകുപ്പ് സെക്രട്ടറിമാര്‍ക്കാണ് ഉത്തരവാദിത്തം.

ഇടുക്കി തൊടുപുഴയില്‍ റോഡിന് കുറുകെ സ്ഥാപിച്ച കയര്‍ കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രക്കാരന് പരുക്കേറ്റിരുന്നു. സംഭവത്തില്‍ പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ക്കെതിരെ പൊലീസ് കെസെടുക്കുകയും ചെയ്തു.

തൃശൂര്‍ അയ്യന്തോളിലും സമാന സംഭവം ഇന്ന് രാവിലെയുണ്ടായി. കൊടിത്തോരണം കഴുത്തില്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രികയായ അഭിഭാഷകയ്ക്കാണ് പരിക്കേറ്റത്. കിസാന്‍ സഭയുടെ ദേശീയ സമ്മേളനത്തിനായി സ്ഥാപിച്ച കൊടിതോരണമാണ് കഴുത്തില്‍ കുരുങ്ങിയത്.

പരാതി ലഭിച്ചതിന് പിന്നാലെ തോരണങ്ങള്‍ നീക്കം ചെയ്യാന്‍ തൃശൂര്‍ വെസ്റ്റ് പൊലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ രണ്ട് സംഭവങ്ങള്‍ക്കും പിന്നാലെയാണ് കൊടിതോരണങ്ങള്‍ നീക്കം ചെയ്യുന്നതില്‍ ഹൈക്കോടതി കര്‍ശന നിര്‍ദേശം നല്‍കിയത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.