കൊച്ചി: റിലയന്‍സ് ജിയോയുടെ 5 ജി സേവനമായ 'ജിയോ ട്രൂ 5 ജി'  പ്രവര്‍ത്തനമാരംഭിച്ചു.  കൊച്ചിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ഇതോടെ കൊച്ചിയിലും ഗുരുവായൂര്‍ ക്ഷേത്ര പരിസരത്തും ഇന്നു മുതല്‍ 5 ജി ലഭ്യമാകും. 
ഈ മാസം 22 മുതല്‍ തിരുവനന്തപുരത്തും ജനുവരിയില്‍ കോഴിക്കോട്, മലപ്പുറം, തൃശൂര്‍ നഗരങ്ങളിലും  5 ജി പ്രവര്‍ത്തന നിരതമാകും. 5 ജി സേവനം കേരളത്തിന്റെ ആരോഗ്യ, വിദ്യാഭ്യാസ, വ്യവസായിക മേഖലയ്ക്ക് കൂടുതല്‍ ഊര്‍ജം നല്‍കുമെന്ന് മുഖ്യമന്ത്രി  പറഞ്ഞു. 
എയര്‍ടെല്‍ 5 ജി കൊച്ചിയില്‍ പലയിടങ്ങളിലും ലഭ്യമാണെങ്കിലും ഔദ്യോഗികമായി ആരംഭിച്ചിട്ടില്ല. ജിയോയുടെ 5 ജി ശൃംഖല അടുത്ത വര്‍ഷം ഡിസംബറോടെ രാജ്യമെമ്പാടും വ്യാപിപ്പിക്കാനാണ് പദ്ധതി.
സെക്കന്‍ഡില്‍ 1 ജിബി വരെ വേഗം നല്‍കുമെന്നാണ് ജിയോയുടെ അവകാശവാദം. പല ടെലികോം കമ്പനികളും അവരുടെ പക്കലുള്ള 4 ജി ശൃംഖലയിലൂടെ തന്നെ 5 ജി സിഗ്നല്‍ അയയ്ക്കുന്ന നോണ്‍-സ്റ്റാന്‍ഡ് എലോണ്‍ പതിപ്പാണ് ഉപയോഗിക്കുന്നത്. 
ഇത് പൂര്‍ണമായും കാര്യക്ഷമമല്ലാത്തതിനാല്‍ 4 ജി ശൃംഖലയെ ഒരു തരത്തിലും ആശ്രയിക്കാത്ത വേറിട്ട സംവിധാനമാണ് 'റിലയന്‍സ് ട്രൂ 5 ജി'യിലുണ്ടാവുക എന്നാണ് കമ്പനി വ്യക്തമാക്കുന്നത്.
ജിയോ ഉപയോക്താക്കള്‍ക്ക് 5 ജി ലഭിക്കാന്‍ സിം കാര്‍ഡ് മാറേണ്ടതില്ല. 5 ജി പിന്തുണയ്ക്കുന്ന ഫോണ്‍ ഉണ്ടായിരിക്കണം. പോസ്റ്റ് പെയ്ഡ് കണക്ഷനോ അടിസ്ഥാന പ്രീപെയ്ഡ് പ്ലാന്‍ ആയ 239 രൂപയോ അതിനു മുകളിലുള്ള പ്ലാനോ ഉണ്ടായിരിക്കണം. ഇത്രയുമുണ്ടെങ്കില്‍ ജിയോ വെല്‍കം ഓഫര്‍ ലഭിക്കാന്‍ അര്‍ഹതയുണ്ടായിരിക്കും. 
മൈ ജിയോ ആപ്പ് തുറക്കുമ്പോള്‍ ഏറ്റവും മുകളില്‍ ജിയോ വെല്‍കം ഓഫര്‍ എന്ന ബാനര്‍ കാണുന്നുണ്ടെങ്കില്‍ ക്ഷണം ലഭിച്ചുവെന്നര്‍ഥം. അതില്‍ 'I'm interested' ഓപ്ഷന്‍ തെരഞ്ഞെടുത്ത് നടപടി പൂര്‍ത്തിയാക്കാം. 
ഫോണിന്റെ സെറ്റിങ്സില്‍ മൊബൈല്‍ നെറ്റ്വര്‍ക് മെനു തുറന്ന് ജിയോ സിം തെരഞ്ഞെടുക്കുക. ഇതില്‍ 'പ്രിഫേര്‍ഡ് നെറ്റ്വര്‍ക് ടൈപ്പില്‍' 5 ജി ഓപ്ഷന്‍ തെരഞ്ഞെടുക്കുന്നതോടെ ഫോണിന്റെ മുകളില്‍ 5 ജി ചിഹ്നം പ്രത്യക്ഷമാകും. അതോടെ നിങ്ങള്‍ 5 ജി കവറേജിലാകും.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.