ഡല്‍ഹിയില്‍ ഗവര്‍ണറും സര്‍ക്കാരും തുറന്ന പോരിലേക്ക്; പരസ്യത്തിന് ചിലവാക്കിയ 97 കോടി തിരിച്ചടയ്ക്കണമെന്ന നിര്‍ദേശം തള്ളി സര്‍ക്കാര്‍

ഡല്‍ഹിയില്‍ ഗവര്‍ണറും സര്‍ക്കാരും തുറന്ന പോരിലേക്ക്; പരസ്യത്തിന് ചിലവാക്കിയ 97 കോടി തിരിച്ചടയ്ക്കണമെന്ന നിര്‍ദേശം തള്ളി സര്‍ക്കാര്‍

 ന്യൂഡല്‍ഹി: സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള തുറന്ന പോര് ഡല്‍ഹിയിലും രൂക്ഷമായി. സര്‍ക്കാര്‍ പരസ്യങ്ങളിലൂടെ പാര്‍ട്ടി പ്രചാരണം നടത്തിയ വകയില്‍ ചെലവായ 97 കോടി രൂപ ഉടന്‍ തിരിച്ചടയ്ക്കണമെന്നാണ് ലെഫ്റ്റനന്റ് ഗവര്‍ണറുടെ പുതിയ ഉത്തരവ്. എന്നാല്‍ എഎപി സര്‍ക്കാര്‍ ഇതിനോട് വഴങ്ങുന്നില്ല. ഗവര്‍ണര്‍ ഇല്ലാത്ത അധികാരമാണ് പ്രയോഗിക്കുന്നതെന്ന ആക്ഷേപവുമായി മുഖ്യമന്ത്രിയും മന്ത്രിമാരും അടക്കമുള്ള എഎപി നേതാക്കള്‍ രംഗത്തെത്തി.  

പതിനഞ്ച് വര്‍ഷമായി തുടരുന്ന ബിജെപി ഭരണം അവസാനിപ്പിച്ച് തദ്ദേശ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി അട്ടിമറിവിജയം നേടിയതിന് പിന്നാലെയാണ് ഗവര്‍ണറുടെ ഉത്തരവ്. ഇത്തരമൊരു ഉത്തരവിറക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നും ഗവര്‍ണറുടെ 'പുതിയ പ്രണയലേഖന'മാണ് ഇതെന്നും എഎപി നേതാക്കള്‍ പ്രതികരിച്ചു.

സര്‍ക്കാര്‍ പരസ്യങ്ങളിലെ ഉള്ളടക്കം സംബന്ധിച്ച് 2015ല്‍ സുപ്രീം കോടതിയും 2016ല്‍ ഡല്‍ഹി ഹൈക്കോടതിയും പുറത്തിറക്കിയ ഉത്തരവുകളും കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ നിര്‍ദേശങ്ങളും ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ. സക്‌സേന എഎപിയോട് പണം തിരികെ അടയ്ക്കാന്‍ ആവശ്യപ്പെട്ടത്. സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ചെലവാക്കിയ തുക തിരിച്ചു പിടിക്കാന്‍ ചീഫ് സെക്രട്ടറിയ്ക്ക് ഗവര്‍ണര്‍ നിര്‍ദേശവും നല്‍കി. 

മറ്റു സംസ്ഥാനങ്ങളിലെ സര്‍ക്കാര്‍ പരസ്യങ്ങള്‍ ചൂണ്ടിക്കാട്ടി ഗവര്‍ണറുടെ ഉത്തരവിന്റെ സാധുതയെ സംബന്ധിച്ച് എഎപി എംഎല്‍എ സൗരഭ് ഭരദ്വാജ് ചോദ്യമുയര്‍ത്തി. ബിജെപി ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങളിലെ സര്‍ക്കാരുകളുടെ പരസ്യങ്ങള്‍ ഡല്‍ഹിയിലും പ്രസിദ്ധപ്പെടുത്തിയതായും അതിനുവേണ്ടി ചെലവാക്കിയ 22,000 കോടി രൂപ ബി.ജെ.പിയുടെ പക്കല്‍ നിന്ന് എപ്പോഴാണ് തിരിച്ചുപിടിക്കുന്നതെന്ന് വ്യക്തമാക്കണമെന്നും സൗരഭ് ഭരദ്വാജ് പറഞ്ഞു.

2017 ലാണ് സര്‍ക്കാര്‍പരസ്യം സംബന്ധിച്ച വിവാദം ആരംഭിക്കുന്നത്. 97.14 കോടി രൂപ എഎപി സര്‍ക്കാരിന്റെ പരസ്യത്തിനായി ചെലവഴിച്ചെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച സമിതിയായ ഡയറക്ടറേറ്റ് ഓഫ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിസിറ്റി കണ്ടെത്തിയത്. 42.26 കോടി രൂപ ഖജനാവിലേക്ക് ഉടനടി തിരിച്ചടയ്ക്കണമെന്ന് ഡിഐപി അന്ന് നിര്‍ദേശം നല്‍കിയിരുന്നു. ബാക്കി തുകയായ 54.87 കോടി രൂപ മുപ്പത് ദിവസത്തിനുള്ളില്‍ നല്‍കണമെന്നും നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഒരു രൂപ പോലും എഎപി നല്‍കാതിരുന്നതിനെ തുടര്‍ന്നാണ് ഗവര്‍ണറുടെ ഇടപെടല്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.