ന്യൂഡല്‍ഹി: ചൈനയിലും മറ്റു രാജ്യങ്ങളിലും കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ ജാഗ്രത നിര്‍ദേശം. പോസിറ്റീവ് കേസുകളുടെ സാമ്പിളുകള്‍ ജീനോം സീക്വന്‍സിങ് ലബോറട്ടറികളില്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ സമര്‍പ്പിക്കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം എല്ലാ സംസ്ഥാനങ്ങള്‍ക്കും കത്തെഴുതി.
അമേരിക്ക, ജപ്പാന്‍, കൊറിയ, ബ്രസീല്‍, ചൈന എന്നിവിടങ്ങളില്‍ കോവിഡ് കേസുകളില്‍ വന്‍ വര്‍ധന ഉണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പോസിറ്റീവ് കേസുകളുടെ ജീനോം സീക്വന്‍സിങ് വര്‍ധിപ്പിക്കണം. ഇവ പരിശോധന നടത്തി പുതിയ വകഭേദങ്ങള്‍ കണ്ടെത്താം. അതിലൂടെ ആവശ്യമായ പൊതുജനാരോഗ്യ നടപടികള്‍ സ്വീകരിക്കാനാകും ആരോഗ്യ മന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷന്‍ സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്തില്‍ പറയുന്നു.
ചൈനയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ നീക്കിയതിനു പിന്നാലെയാണ് കോവിഡ് കേസുകളില്‍ വര്‍ധനയുണ്ടായത്. മൂന്നു മാസത്തിനിടയില്‍ ചൈനയിലെ 60 ശതമാനം ജനങ്ങളെയും ആഗോളതലത്തില്‍ 10 ശതമാനം ജനങ്ങളെയും കോവിഡ് ബാധിച്ചേക്കാമെന്നാണ് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.
നവംബര്‍ 19നും 23നും ഇടയില്‍ നാല് കോവിഡ് മരണം മല്ലാതെ മറ്റു കോവിഡ് മരണങ്ങളൊന്നും ചൈനയില്‍ ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. എന്നാല്‍ ബെയ്ജിങ്ങില്‍ കോവിഡ് മൂലം മരിക്കുന്നവരെ സംസ്‌കരിക്കുന്ന ശ്മശാനത്തില്‍ മൃതശരീരങ്ങള്‍ നിറഞ്ഞിരിക്കുകയാണെന്ന് വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആശുപത്രികളെല്ലാം തന്നെ കോവിഡ് ബാധിതരാല്‍ നിറഞ്ഞിരിക്കുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
മൃതദേഹം സംസ്‌കരിക്കുന്നതിനും മരണാനന്തര ചടങ്ങുകള്‍ക്കും തിരക്ക് വര്‍ധിച്ചിരിക്കുകയാണെന്നും അതിനാല്‍ 24 മണിക്കൂറും ജോലിചെയ്യേണ്ട സ്ഥിതിയാണെന്നും ശ്മശാനത്തിലെ ജോലിക്കാരെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. പ്രതിദിനം 3040 മൃതശരീരങ്ങള്‍ എത്തിയിരുന്നിടത്ത് 200 ഓളം മൃതദേഹങ്ങള്‍ എത്തുന്നുണ്ടെന്നും അര്‍ധരാത്രിയിലും പുലര്‍ച്ചെയും വരെ ശ്മശാനം പ്രവര്‍ത്തിക്കുന്നുണ്ടെന്നും ജീവനക്കാരില്‍ പലര്‍ക്കും കോവിഡ് പിടിപെട്ടതായും ബെയ്ജിങ്ങിലെ ഡോങ്ജിയാവോ ക്രിമേറ്ററിയത്തിലെ ജീവനക്കാരിയെ ഉദ്ദരിച്ച് റിപ്പോര്‍ട്ട് പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.