കോവിഡ് പ്രതിരോധം: കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ച അടിയന്തര യോഗം ഇന്ന്; മുന്‍കരുതല്‍ നടപടികള്‍ തീരുമാനിക്കും

കോവിഡ് പ്രതിരോധം: കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ച അടിയന്തര യോഗം ഇന്ന്; മുന്‍കരുതല്‍ നടപടികള്‍ തീരുമാനിക്കും

ന്യൂഡൽഹി: ചൈനയിലും മറ്റു രാജ്യങ്ങളിലും കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ഉന്നതതല യോഗം വിളിച്ച് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ. ഇന്ന് രാവിലെ 11 മണിക്കാണ് ദില്ലിയിൽ യോഗം ചേരുക. 

പ്രതിരോധ മാർഗങ്ങളുടെ സ്ഥിതി, വാക്സിനേഷൻ പുരോഗതി മുതലായവ വിലയിരുത്തുകയാണ് അജണ്ട. മുന്‍കരുതല്‍ നടപടികള്‍ തീരുമാനിക്കും. ആരോഗ്യ സെക്രട്ടറി അടക്കമുള്ള പ്രധാന ഉദ്യോഗസ്ഥർ, നീതി ആയോഗ് അംഗം, കൊവിഡ് സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കും.

കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം ജാഗ്രത നിര്‍ദേശം നൽകി. പോസിറ്റീവ് കേസുകളുടെ സാമ്പിളുകള്‍ ജീനോം സീക്വന്‍സിങ് ലബോറട്ടറികളില്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ സമര്‍പ്പിക്കണമെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക്‌ നിർദേശം നൽകിയിരിക്കുന്നത്.

അമേരിക്ക, ജപ്പാന്‍, കൊറിയ, ബ്രസീല്‍, ചൈന എന്നിവിടങ്ങളില്‍ കോവിഡ് കേസുകളില്‍ വന്‍ വര്‍ധന ഉണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പോസിറ്റീവ് കേസുകളുടെ ജീനോം സീക്വന്‍സിങ് വര്‍ധിപ്പിക്കണം. ഇവ പരിശോധന നടത്തി പുതിയ വകഭേദങ്ങള്‍ കണ്ടെത്താം. അതിലൂടെ ആവശ്യമായ പൊതുജനാരോഗ്യ നടപടികള്‍ സ്വീകരിക്കാനാകും ആരോഗ്യ മന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷന്‍ സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്തില്‍ പറയുന്നു.

ചൈനയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ നീക്കിയതിനു പിന്നാലെയാണ് കോവിഡ് കേസുകളില്‍ വര്‍ധനയുണ്ടായത്. കൊവിഡ് രോഗികളാൽ ചൈനയിലെ ആശുപത്രികൾ നിറഞ്ഞിരിക്കുകയാണ്. മൂന്നു മാസത്തിനിടയില്‍ ചൈനയിലെ 60 ശതമാനം ജനങ്ങളെയും ആഗോളതലത്തില്‍ 10 ശതമാനം ജനങ്ങളെയും കോവിഡ് ബാധിച്ചേക്കാമെന്നാണ് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. 

അതിനിടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം ആശുപത്രികളിൽ കൂട്ടി ഇട്ടിരിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ശ്മശാനങ്ങളിൽ മൃത്ദേഹങ്ങൾ സംസ്കാരിക്കാനായെത്തിയവരുടെ നീണ്ട നിരയാണ്. എന്നാൽ മരിച്ചവരുടെ കണക്ക് പുറത്ത് വിടാൻ ചൈന തയ്യാറായിട്ടില്ല. ആശുപത്രികളിൽ മെഡിക്കൽ ഓക്സിജൻ അടക്കം അത്യാവശ്യ മരുന്നുകളുടെ ക്ഷാമവും രൂക്ഷമാണ്. 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.