ഇടുക്കി: തൊടുപുഴയില്‍ ബൈക്ക് യാത്രക്കാരന്റെ കഴുത്തില്‍ കയര്‍ കുരുങ്ങി അപകടമുണ്ടായ സംഭവം കരാറുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കാരിക്കോട് തെക്കുംഭാഗം റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തിക്ക് കരാര്‍ എടുത്ത നസീര്‍ പി മുഹമ്മദിനെയാണ് തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. മുന്നറിയിപ്പ് ബോര്‍ഡ് ഇല്ലാതെ കയര്‍ റോഡിന് കുറുകെ ഇട്ടതിനും അശ്രദ്ധമായി അപകടമുണ്ടാകുന്ന തരത്തില്‍ പൊതുമരാമത്ത് പണികള്‍ നടത്തിയതിനുമാണ് അറസ്റ്റ് ചെയ്തത്.
സംഭവത്തില്‍ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥനെതിരെ നേരത്തെ കേസെടുത്തിരുന്നു. നിര്‍മ്മാണ ചുമതലയുള്ള അസിസ്റ്റന്റ് എഞ്ചിനീയര്‍ക്കെതിരെയാണ് കേസെടുത്തത്. ബൈക്ക് യാത്രക്കാരനായ ജോണിയുടെ പരാതിയില്‍ കരാറുകാരനെതിരെയും തൊടുപുഴ പൊലീസ് കേസെടുത്തുത്. കരാറുകാരന് വിഴ്ച്ച പറ്റിയിട്ടുണ്ടെന്ന് പ്രാഥമിക പരിശോധനയില്‍ വ്യക്തമായിരുന്നു.
കാരിക്കോട് തെക്കുംഭാഗം റോഡില്‍ ടൈല്‍ പാകുന്നതിന്റെ ഭാഗമായി കുരിശുപള്ളിക്ക് സമീപമാണ് റോഡിന് കുറുകെ കരാറുകാരന്‍ കയര്‍ കെട്ടിയത്. വഴി തടസപെടുത്തുമ്പോള്‍ വെക്കുന്ന മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥലത്ത് സ്ഥാപിച്ചിരുന്നില്ല. പണി നോക്കി നടത്തേണ്ട പൊതുമാരാമത്ത് ഉദ്യോഗസ്ഥരും സ്ഥലത്തില്ലായിരുന്നു. ചെറിയ കയറായതിനാല്‍ സ്‌കൂട്ടറില്‍ യാത്ര ചെയ്ത ജോണി അതില്‍ കുരുങ്ങുകയായിരുന്നു.
ഒപ്പമുണ്ടായിരുന്ന ഭാര്യയുടെ നിലവിളി കേട്ട് ഓടികൂടിയനാട്ടുകാരാണ് ജോണിയെ ആശുപത്രിയിലെത്തിച്ചത്. ജോണിക്ക് പരിക്ക് പറ്റിയെന്നറയിച്ചിട്ടും പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ തിരിഞ്ഞുനോക്കിയില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.