ചങ്ങനാശ്ശേരി: അതിപുരാതന തീർത്ഥാടന കേന്ദ്രമായ മുട്ടാർ സെന്റ് തോമസ് കുമരംചിറ പള്ളിയിൽ, വിശുദ്ധ അന്തോനീസിന്റെ തിരുനാൾ 2023 ജനുവരി 1 മുതൽ 17 വരെ ഭക്തിസാന്ദ്രമായ തിരുക്കർമ്മങ്ങളോടെ ആചരിക്കുന്നു. കുട്ടനാടിന്റെ പാദുവ എന്നറിയപ്പെടുന്ന ഈ ദേവാലയം അതിന്റെ ശതോത്തര രജതജൂബിലി ആഘോഷങ്ങളിലേക്ക് കടക്കുകയാണ്.
അനേകായിരങ്ങൾക്ക് ആകുലതകളിൽ ആശ്വാസവും, രോഗങ്ങളിൽ സൗഖ്യവും പകർന്ന് ഈ ദേവാലയം 125 പുണ്യവത്സരങ്ങൾ പൂർത്തിയാക്കാൻ ഒരുങ്ങുന്നതിനിടയിൽ നടത്തപ്പെടുന്ന തിരുനാളിന് ധാരാളം പ്രത്യേകതകളുണ്ട്.
തിരുനാളിന്റെ വിവിധ ദിവസങ്ങളിൽ ചങ്ങനാശ്ശേരി അതിരൂപതാ മെത്രാപ്പോലീത്ത മാർ ജോസഫ് പെരുന്തോട്ടം, മുൻ മെത്രാപ്പോലീത്ത മാർ ജോസഫ് പൗവത്തിൽ സഹായ മെത്രാൻ മാർ തോമസ് തറയിൽ, പത്തനംതിട്ട രൂപതാധ്യക്ഷൻ സാമുവേൽ മാർ ഐറെനിയോസ് , കോതമംഗലം രൂപതാ മെത്രാൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, മാവേലിക്കര രൂപതാ മെത്രാൻ ജോഷ്വാ മാർ ഇഗ്നാത്തിയോസ് , ആർച്ച് ബിഷപ്പ് എമിരിത്തൂസ് മാർ ജോർജ്ജ് കോച്ചേരി, തക്കല രൂപതാ മെത്രാൻ മാർ ജോർജ്ജ് രാജേന്ദ്രൻ തുടങ്ങിയവർ മുഖ്യകാർമികരായി വിശുദ്ധ കുർബാനയും അനുബന്ധ ചടങ്ങുകളും സംഘടിപ്പിച്ചിട്ടുണ്ട്.
പ്രധാന തിരുനാൾ ദിവസമായ ജനുവരി 17 ന് ചങ്ങനാശ്ശേരി അതിരൂപതയിലെ ഈ വർഷം വൈദിക പട്ടം സ്വീകരിക്കുന്ന നവ വൈദികർ ഒന്നുചേർന്ന് ആഘോഷമായ തിരുനാൾ കുർബാന അർപ്പിക്കും.
ചങ്ങനാശ്ശേരി കുന്നന്താനം ദൈവപരിപാലനാ ഭവനത്തിലെ അംഗങ്ങളുടെ കലാവിരുന്നും, വണ്ടാനം മെഡിക്കൽ കോളേജിൽ ക്യാൻസർ രോഗികൾക്കും കൂട്ടിരിക്കുന്നവർക്കും ഭക്ഷണം നൽകുന്നതുൾപ്പടെയുള്ള വിവിധ കാരുണ്യ പ്രവർത്തികളും, ആത്മീയ പ്രഭാഷണങ്ങളും, ആഘോഷമായ വി കുർബാനയും മറ്റ് പ്രാർത്ഥനകളും തിരുനാളിന്റെ ഭാഗമായി നടത്തപ്പെടുന്നു.
ശതോത്തര രജത ജൂബിലിയുടെ ലോഗോ പ്രകാശനം മാവേലിക്കര രൂപതാ മെത്രാൻ മാർ ഇഗ്നാത്തിയോസ് മെത്രാപ്പോലീത്ത നിർവഹിക്കും. പാദുവാ ദൂതിന്റെ പ്രത്യേക പ്രകാശനം മാർ ജോർജ്ജ് കോച്ചേരി നിർവഹിക്കും. തിരുനാളിനോടനുബന്ധിച്ചു നടത്തപ്പെടുന്ന ഇടവക ദിനാഘോഷവും നസ്രാണി സംഗമവും ജലസേചന വകുപ്പു മന്ത്രി റോഷി അഗസ്റ്റിൻ ഉദ്‌ഘാടനം ചെയ്യും. ശതോത്തര രാജത ജൂബിലി സ്മാരക സ്റ്റാമ്പ് പ്രകാശനവും തദവസരത്തിൽ അദ്ദേഹം നിർവഹിക്കും. ചടങ്ങിൽ അതിരൂപതാ വികാരി ജനറൽ റവ. ഫാ. ജോസഫ് വാണിയപ്പുരക്കൽ അധ്യക്ഷനായിരിക്കും. അതിരൂപതാ ചാൻസലർ റവ. ഡോ. ഐസക്ക് ആലഞ്ചേരി, ഫാ. ജസ്റ്റിൻ കായങ്കുളത്തുശ്ശേരി, ഫാ. തോമസ് ചൂളപ്പറമ്പിൽ, ഫാ. ജെയിംസ് പൊങ്ങാനായിൽ, ഫാ. ജോൺ വി തടത്തിൽ, ഫാ. ജോസഫ് കടപ്രാക്കുന്നേൽ, ഫാ. ജോബിൻ പെരുമ്പളത്തുശേരി, ഫാ. മാർട്ടിൻ തൈപ്പറമ്പിൽ ഫാ. ഫിലിപ്പ് കാവിത്താഴെ, ഫാ. ഇമ്മാനുവേൽ നെല്ലുവേലി തുടങ്ങിയ വൈദികർ വിവിധ ദിവസങ്ങളിലെ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.
ഇടവക ജനങ്ങളുടെ പൂർണ സഹകരണത്തോടെയാണ് 16 ദിവസം നീണ്ടു നിൽക്കുന്ന തിരുനാൾ സംഘടിപ്പിക്കുന്നതെന്നും, അതിനോടനുബന്ധിച്ച് വിവിധ സാമൂഹിക സാംസ്കാരിക കാരുണ്യ പ്രവർത്തനങ്ങൾ നടത്തുമെന്നും ഇടവക വികാരി ഫാ. ഡോ. സോണി മുണ്ടുനടയ്ക്കൽ അറിയിച്ചു.
വിവിധ സ്ഥലങ്ങളിലെ ഭിന്നശേഷിയുള്ള കുട്ടികൾക്കുള്ള ക്രിസ്തുമസ്സ് സമ്മാനം ഇടവകയിലെ ജനങ്ങൾ തയാറാക്കുന്ന തിരക്കിലാണെന്നും എത്രയും വേഗം പരമാവധി കുട്ടികൾക്ക് സമ്മാനങ്ങൾ എത്തിച്ച് നൽകാൻ ശ്രമിക്കുമെന്നും ഫാ സോണി അറിയിച്ചു.
ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലകളിൽ നിന്നുള്ള ധാരാളം തീർത്ഥാടകർ അനുദിനം കുട്ടനാടിന്റെ പാദുവാ എന്നറിയപ്പെടുന്ന കുമരംചിറ സെന്റ് ആന്റണീസ് ദേവാലയത്തിൽ എത്തുന്നുണ്ടെന്നും, തിരുനാൾ തിരുക്കർമങ്ങളിൽ ഭക്തിപൂർവം പങ്കെടുത്ത് അത്ഭുത പ്രവർത്തകനായ, വിശുദ്ധ അന്തോനീസിന്റെ മാദ്ധ്യസ്ഥത്തിൽ അനുഗ്രഹങ്ങൾ പ്രാപിക്കാൻ എല്ലാവരെയും ക്ഷണിക്കുന്നു എന്നും വികാരി ഫാ. ഡോ. സോണി മുണ്ടുനടയ്ക്കൽ, കൈക്കാരന്മാരായ ദേവസ്യ തോമസ് പുത്തൻപറമ്പിൽ, മാർട്ടിൻ തോമസ് തുരുത്തിൽ, തിരുനാൾ ജനറൽ കൺവീനർ തോമസ് ജെറോം മേപ്രത്തുശേരി, ജോയിന്റ് ജനറൽ കൺവീനർ ബിനു ടോം ജോസഫ് നല്ലൂപ്പറമ്പിൽ, പാരിഷ് കൗൺസിൽ സെക്രട്ടറി ജോസഫ് സക്കറിയാ എഴുപുന്നയിൽ എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.