'ജനവാസ കേന്ദ്രങ്ങളെയും കൃഷിയിടത്തെയും ഒഴിവാക്കും': ബഫര്‍ സോണില്‍ ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി

'ജനവാസ കേന്ദ്രങ്ങളെയും കൃഷിയിടത്തെയും ഒഴിവാക്കും': ബഫര്‍ സോണില്‍ ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ബഫര്‍ സോണില്‍ നിന്നും ജനവാസ കേന്ദ്രങ്ങളെയും കൃഷിയിടത്തെയും ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി. ജനങ്ങളുടെ ജീവനോ ജീവനോപാധിയെയോ ബാധിക്കുന്ന ഒരു നടപടിയും ഉണ്ടാകില്ല. ജനവാസ കേന്ദ്രങ്ങളും കൃഷിയിടങ്ങളും ഒഴിവാക്കണമെന്നതാണ് നിലപാടെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ബഫര്‍ സോണ്‍ വിഷയത്തില്‍ തെറ്റിധാരണ സൃഷ്ടിക്കാന്‍ ശ്രമം നടക്കുന്നതായും അദ്ദേഹം പറഞ്ഞു. ബഫര്‍ സോണായി നിശ്ചയിച്ച പ്രദേശങ്ങള്‍ ജനവാസ കേന്ദ്രങ്ങളാണെന്ന് സുപ്രീം കോടതിയെ അറിയിക്കും. ഭൂപടങ്ങളും കണക്കുകളും സമര്‍പ്പിക്കും. രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്താണ് ബഫര്‍ സോണ്‍ വരുന്നത്. ജയറാം രമേശായിരുന്നു അന്ന് പരിസ്ഥിതി മന്ത്രി. കടുത്ത നിലപാടാണ് അദ്ദേഹം എടുത്തതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ഈ മേഖലകളിലെ എല്ലാ ജനങ്ങളുടെയും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പരിശോധിച്ച് എല്ലാ കെട്ടിടങ്ങളും നിര്‍മാണങ്ങളും ചേര്‍ത്ത് മാത്രമേ അന്തിമ റിപ്പോര്‍ട്ട് സുപ്രീം കോടതിയില്‍ നല്‍കുകയുള്ളൂ.

ബഫര്‍ സോണ്‍ ആയി കോടതി നിശ്ചയിച്ച സ്ഥലങ്ങളിലെ താമസക്കാര്‍ക്കോ കര്‍ഷകര്‍ക്കോ യാതൊരുവിധത്തിലുള്ള ആശങ്കയും ഉണ്ടാകേണ്ടതില്ല. ഈ പ്രദേശങ്ങള്‍ ബഫര്‍ സോണ്‍ ആക്കാന്‍ പ്രായോഗികമായുള്ള പ്രയാസങ്ങള്‍ സുപ്രീം കോടതിയെ ബോധ്യപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

ജനവാസ പ്രദേശങ്ങള്‍ വ്യക്തമാക്കി നിര്‍മാണങ്ങളുടെയും കെട്ടിടങ്ങളുടെയും കണക്കുകളും ഭൂപടം സഹിതമുള്ള തെളിവുകളും ഹാജരാക്കും. സുപ്രീം കോടതിയില്‍ കേരളം ഫയല്‍ ചെയ്ത പുനപരിശോധനാ ഹര്‍ജി ഹിയറിങിന് വരുമ്പോള്‍ ഈ തെളിവുകള്‍ പൂര്‍ണ തോതില്‍ ലഭ്യമാക്കും.

2016 ല്‍ അധികാരത്തിലെത്തിയ എല്‍ഡിഎഫ് സര്‍ക്കാര്‍ ആളുകളുടെ ജീവിതം, ഉപജീവനം എന്നിവയെ ബാധിക്കാത്ത വിധത്തില്‍ ബഫര്‍സോണ്‍ ഏര്‍പ്പെടുത്താനാണ് നിലപാടെടുത്തത്. അതിനായി വിവിധ തലത്തിലുള്ള ചര്‍ച്ചകള്‍ക്ക് സര്‍ക്കാര്‍ മുന്‍കൈയെടുത്തു.

കേരളത്തെ പോലുള്ള സംസ്ഥാനങ്ങളുടെ സമ്മര്‍ദ്ദ ഫലമായി 2019 ഓഗസ്റ്റ് എട്ടിന് കേന്ദ്ര പരിസ്ഥിതി, വന മന്ത്രാലയം പുതുക്കിയ ഓഫീസ് മെമ്മോറാണ്ടം പുറത്തിറക്കി. അതുപ്രകാരം 10 കിലോമീറ്റര്‍ ബഫര്‍ സോണിനകത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നാഷണല്‍ ബോര്‍ഡ് ഫോര്‍ വൈല്‍ഡ് ലൈഫിന്റെ അനുമതി വേണ്ട എന്ന നില വന്നു.

ബഫര്‍ സോണില്‍ ഒരു പ്രവൃത്തിയും പറ്റില്ല എന്ന് പറഞ്ഞിടത്താണ് സംസ്ഥാനങ്ങളുടെ സമ്മര്‍ദം മൂലം ഈ ഇളവുകള്‍ നല്‍കാന്‍ കേന്ദ്രം നിര്‍ബന്ധിതമായതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.