മലപ്പുറം:ബിജെപി മന്ത്രിമാരെ പുകഴ്ത്തിയ രാജ്യസഭാ എംപി പി.വി അബ്ദുല്‍ വഹാബിനെ തള്ളി മുസ്ലിം ലീഗ്. പരാമര്‍ശത്തോട് യോജിക്കുന്നില്ലെന്ന്മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. ഏതു സാഹചര്യത്തിലാണ് പരാമര്‍ശം എന്നതിനെക്കുറിച്ച് വഹാബിനോട് വിശദീകരണം തേടുമെന്നും മുസ്ലിം ലീഗ് നേതൃത്വം അറിയിച്ചു. പാര്‍ട്ടി അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങളുടെ പേരില്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ ആണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
വാര്‍ത്തക്കുറിപ്പ് :
'കേന്ദ്ര മന്ത്രിമാരെ പ്രശംസിച്ച് രാജ്യസഭയില്‍ പി.വി അബ്ദുല്‍ വഹാബ് എംപി നടത്തിയ പരാമര്‍ശത്തോടെ പാര്‍ട്ടി യോജിക്കുന്നില്ല. ഏതു സാഹചര്യത്തിലാണ് പ്രസ്തുത പരാമര്‍ശം എന്നതിനെക്കുറിച്ച് അദ്ദേഹത്തോട് ചോദിക്കും. '
വഹാബിന്റെ പരാമര്‍ശത്തില്‍ മുസ്ലിം ലീഗില്‍ അതൃപ്തി രൂക്ഷമാണ്. സാദിഖ് അലി ശിഹാബ് തങ്ങള്‍, പി.കെ കുഞ്ഞാലിക്കുട്ടി, പി.എം.എ സലാം തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ യോഗം ചേര്‍ന്നാണ് ഇക്കാര്യം തീരുമാനിച്ചത്. ഇതിനുശേഷമാണ് വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയത്.
വഹാബിന്റെ വ്യക്തി താല്‍പര്യവും പാര്‍ട്ടി താല്‍പര്യങ്ങളും രണ്ടാണെന്ന ആക്ഷേപം മുന്‍പ് തന്നെ പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്നിരുന്നതാണ്. വി. മുരളീധരനെയും രാജീവ് ചന്ദ്രശേഖരനെയും പുകഴ്ത്തിക്കൊണ്ടുള്ള വഹാബിന്റെ പരാമര്‍ശം കൂടി ഉണ്ടായതോടെ വഹാബിനെതിരെ മുസ്ലിം ലീഗിനുള്ളില്‍ നിന്ന് തന്നെ കുറ്റപ്പെടുത്തല്‍ ശക്തമായിരിക്കുകയാണ്.
കോണ്‍ഗ്രസിന്റെ ഭാഗത്തുള്ള സമ്മര്‍ദ്ദം കൂടി വന്നതോടെ മുസ്ലിം ലീഗ് നേതാക്കള്‍ക്ക് വഹാബിനെതിരെ പരസ്യ പ്രസ്താവന പുറപ്പെടുവിക്കുകയല്ലാതെ വേറെ വഴിയില്ലായിരുന്നു. ആ സാഹചര്യത്തിലാണ് സാദിഖലി ശിഹാബ് തങ്ങള്‍ തന്നെ നേരിട്ട് വഹാബിനോട് വിശദീകരണം ചോദിക്കുമെന്ന് വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയിരിക്കുന്നത്.
വഹാബിന്റെ പരാമര്‍ശത്തില്‍ മുസ്ലിം ലീഗ് ആദ്യം നിലപാട് പറയട്ടെ എന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ വിവാദത്തില്‍ പ്രതികരിച്ചത്.
കേന്ദ്ര മന്ത്രിമാരായ വി. മുരളീധരനെയും രാജീവ് ചന്ദ്രശേഖറിനെയും പ്രശംസിച്ച് രാജ്യസഭയില്‍ ആണ് പി.വി അബ്ദുല്‍ വഹാബ് സംസാരിച്ചത്. വി. മുരളീധരന്‍ ഡല്‍ഹിയില്‍ കേരളത്തിന്റെ അംബാസഡറാണെന്ന് രാജ്യസഭയില്‍ ധനവിനിയോഗ ബില്ലില്‍ നടന്ന ചര്‍ച്ചയില്‍ വഹാബ് അഭിപ്രായപ്പെട്ടു. മന്ത്രി രാജീവ് ചന്ദ്രശേഖര്‍ വൈദഗ്ധ്യ വികസനത്തില്‍ ചെയ്യുന്നത് പ്രശംസനീയമാണെന്നും അദ്ദേഹത്തെ അഭിനന്ദിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും ആയിരുന്നു പി .വി അബ്ദുല്‍ വഹാബ് പറഞ്ഞത്. 'താങ്കള്‍ ഇല്ലായിരുന്നുവെങ്കില്‍ കേരളത്തിന്റേത് ശൂന്യമാകുമായിരുന്നുവെന്ന് ' മന്ത്രി മുരളീധരനെ നോക്കി വഹാബ് പറഞ്ഞു. സ്വന്തം പാര്‍ട്ടിയുടെ മാത്രമല്ല, കേരളത്തിന്റെ കാര്യവും മന്ത്രി ശ്രദ്ധിക്കുന്നുണ്ട്. പക്ഷേ, കേരളത്തില്‍ വരുമ്പോള്‍ ആവശ്യമില്ലാത്ത ചില പരാമര്‍ശങ്ങള്‍ അദ്ദേഹം കേരള സര്‍ക്കാറിനെ കുറിച്ച് നടത്താറുണ്ടെന്നും വഹാബ് പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.