ബഫര്‍സോണ്‍ വിഷയത്തില്‍ സര്‍ക്കാരിനു തെറ്റുപറ്റിയിട്ടില്ല; നേതാക്കളുടെ അനധികൃത സ്വത്ത് സമ്പാദനം പരിശോധിക്കുമെന്ന് സിപിഎം

ബഫര്‍സോണ്‍ വിഷയത്തില്‍ സര്‍ക്കാരിനു തെറ്റുപറ്റിയിട്ടില്ല; നേതാക്കളുടെ അനധികൃത സ്വത്ത് സമ്പാദനം പരിശോധിക്കുമെന്ന് സിപിഎം

തിരുവനന്തപുരം: പാര്‍ട്ടി നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ അനധികൃത സ്വത്ത് സമ്പാദനങ്ങള്‍ പരിശോധിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ജനവിരുദ്ധമായ ഒന്നിനേയും പാര്‍ട്ടിയില്‍ വെച്ചുപൊറുപ്പിക്കില്ല. പാര്‍ട്ടിജീവിതത്തില്‍ ഉടനീളം തെറ്റുതിരുത്തല്‍ പ്രക്രിയ തുടരണം. എല്ലാ ദൗര്‍ബല്യങ്ങളും പരിഹരിച്ച് പാര്‍ട്ടി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിനെ പ്രയാസപ്പെടുത്തുന്ന തരത്തിലുള്ള സാമ്പത്തിക നിലപാടുകളാണ് സ്വീകരിച്ചുവരുന്നത്. സംഘപരിവാര്‍ അജണ്ട ഉയര്‍ത്തിപ്പിടിച്ച് വരാനിരിക്കുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പും ശേഷമുള്ള ആര്‍എസ്എസിന്റെ നൂറാം വാര്‍ഷികവും ചേര്‍ത്തുവെച്ച് ഹിന്ദു രാഷ്ട്ര പ്രഖ്യാപനത്തിലേക്കുള്ള കാര്യങ്ങളാണ് കേന്ദ്രം നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. 

ഇതിനെയെല്ലാം ജനങ്ങള്‍ക്ക് മുമ്പില്‍ തുറന്നു കാട്ടാനുള്ള പ്രക്ഷോഭം ആരംഭിക്കും. തുടക്കമെന്ന രീതിയില്‍ ജനുവരി 20 മുതല്‍ 31വരെ എല്ലാ പഞ്ചായത്തുകളിലും കേന്ദ്രവിരുദ്ധ പ്രക്ഷോഭം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. 

ബഫര്‍സോണ്‍ വിഷയത്തില്‍ ജനങ്ങളെ സര്‍ക്കാരിനെതിരെ തിരിക്കാന്‍ പ്രതിപക്ഷം ശ്രമിച്ചെങ്കിലും വിജയിച്ചില്ലെന്ന് എം.വി.ഗോവിന്ദന്‍ പറഞ്ഞു. ബഫര്‍സോണ്‍ വിഷയത്തില്‍ സര്‍ക്കാരിനു തെറ്റുപറ്റിയിട്ടില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.