ശീതക്കൊടുങ്കാറ്റിൽ വലഞ്ഞ് അമേരിക്ക; 2300 വിമാനങ്ങള്‍ റദ്ദാക്കി

ശീതക്കൊടുങ്കാറ്റിൽ വലഞ്ഞ് അമേരിക്ക; 2300 വിമാനങ്ങള്‍ റദ്ദാക്കി

ന്യൂയോര്‍ക്ക്: ശീതക്കാറ്റും മഞ്ഞുവീഴ്ചയും മഴയും മൂലം അമേരിക്കയില്‍ വെള്ളിയാഴ്ച്ച മാത്രം 2300ലധികം വിമാന സര്‍വീസുകള്‍ റദ്ദാക്കി. ശീതക്കൊടുക്കാറ്റ് ബസ്, ട്രെയിന്‍ സര്‍വീസുകളെയും ബാധിച്ചതോടെ ജനജീവിതം ദുസഹമായി. പതിറ്റാണ്ടുകള്‍ക്കിടയിലെ ഏറ്റവും തണുത്ത ക്രിസ്മസ് ദിനങ്ങളാണ് വരാന്‍ പോകുന്നതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

ഷിക്കാഗോ, ഡെന്‍വര്‍ മേഖലയിലാണ് ശീതക്കൊടുക്കാറ്റ് കൂടുതല്‍ ആഘാതം സൃഷ്ടിച്ചത്. ഇരു നഗരങ്ങളിലെയും വിമാനത്താവളങ്ങളില്‍ നൂറു കണക്കിന് വിമാന സര്‍വീസുകളാണ് റദ്ദാക്കിയത്. കടുത്ത തണുപ്പിനെ തുടര്‍ന്ന് അമേരിക്കയില്‍ പത്തുകോടി ജനങ്ങളോടാണ് ജാഗ്രത പാലിക്കാന്‍ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ചില പ്രദേശങ്ങളില്‍ അന്തരീക്ഷ താപനില മൈനസ് 13 ഡിഗ്രിയിലേക്ക് വരെ താഴ്ന്നതായാണ് റിപ്പോര്‍ട്ട്. മഞ്ഞുവീഴ്ച ശക്തമായതോടെ റോഡുകളിലൂടെയുള്ള വാഹന ഗതാഗതം തടസപ്പെട്ടിട്ടുണ്ട്. ഇതോടെ നിരവധിപ്പേരാണ് പലയിടങ്ങളിലായി കുടുങ്ങി കിടക്കുന്നത്.

ഫ്‌ളോറിഡയിലും 30 വര്‍ഷത്തിനിടെ ഏറ്റവും തണുപ്പേറിയ ക്രിസ്മസ് ദിനങ്ങളാണു വരാന്‍ പോകുന്നതെന്നാണു കാലാവസ്ഥാ പ്രവചനം. കനത്ത മഞ്ഞുവീഴ്ചയ്ക്കു പുറമെ കനത്ത കാറ്റും ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്.

വ്യാഴം, വെള്ളി ദിവസങ്ങളിലായി രാജ്യത്താകമാനം 5,300ല്‍ അധികം വിമാനങ്ങള്‍ റദ്ദാക്കിയതായി ഫ്‌ളൈറ്റ് ട്രാക്കിങ് വെബ്‌സൈറ്റായ 'ഫ്‌ലൈറ്റ് അവെയ്‌റി'നെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ തന്നെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളില്‍ ഒന്നായ ഷിക്കാഗോ വിമാനത്താവളത്തിലും വിമാനങ്ങള്‍ റദ്ദാക്കി. ഏകദേശം 8,450 വിമാനങ്ങള്‍ വൈകുകയും ചെയ്തു.

അമേരിക്കന്‍ എയര്‍ലൈന്‍, യുണൈറ്റഡ് എയര്‍ലൈന്‍, സൗത്ത് വെസ്റ്റ് എയര്‍ലൈന്‍ എന്നിവരുടെ വിമാനങ്ങളാണ് പ്രധാനമായും വൈകുന്നത്. യാത്രാദുരിതം കണക്കിലെടുത്ത് യുണൈറ്റഡ്, ഡെല്‍റ്റ, അമേരിക്കന്‍ തുടങ്ങിയ വിമാനക്കമ്പനികള്‍ യാത്ര പുനക്രമീകരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ടിക്കറ്റ് നിരക്ക് കുറച്ചു.

റോഡ് ഗതാഗതവും താറുമാറായ സ്ഥിതിയിലാണ്. കൊളോറാഡോ വ്യോമിങ് അതിര്‍ത്തിയോടു ചേര്‍ന്ന പാത ബുധനാഴ്ച കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് അടച്ചിട്ടു.

ടെക്‌സാസ് സംസ്ഥാനത്ത് പതിനായിരത്തോളം ആളുകളാണ് വൈദ്യുതിയില്ലാതെ ദുരിതത്തില്‍ കഴിയുന്നത്. ആര്‍ട്ടിക്കില്‍ നിന്ന് മണിക്കൂറില്‍ 40-45 മൈല്‍ വരെ വേഗതയുള്ള ശക്തമായ കാറ്റാണ് വീശുന്നത്. 40 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ശൈത്യമാണ് ഇവിടെ അനുഭവപ്പെടുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.