ഐപിഎല്‍ താരലേലം സമാപിച്ചു; മലയാളികളില്‍ നറുക്കു വീണത് മൂന്നു പേര്‍ക്ക്

ഐപിഎല്‍ താരലേലം സമാപിച്ചു;  മലയാളികളില്‍ നറുക്കു വീണത് മൂന്നു പേര്‍ക്ക്

കൊച്ചി: കൊച്ചിയില്‍ നടന്ന ഐ.പി.എല്‍ താരലേലം അവസാനിച്ചു. മലയാളി താരങ്ങളില്‍ കെ.എം ആസിഫിനും വിഷ്ണു വിനോദിനും പി.എ അബ്ദുല്‍ ബാസിതിനും മാത്രമാണ് അവസരം ലഭിച്ചത്. തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്ന രോഹന്‍ എസ് കുന്നുമ്മല്‍ ഒരു ടീമിലും ഇടം നേടിയില്ല.

വിഷ്ണു വിനോദിനെ അടിസ്ഥാന വിലയായ 20 ലക്ഷം മുടക്കി മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കി. ആസിഫ് 30 ലക്ഷം രൂപയ്ക്കും ബാസിത്തിന് 20 ലക്ഷം രൂപയ്ക്കും രാജസ്ഥാന്‍ റോയല്‍സിലെത്തി. സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് ഏറ്റവുമധികം താരങ്ങളെ സ്വന്തമാക്കിയ ടീം.

താര ലേലത്തില്‍ നേട്ടമുണ്ടാക്കിയത് ഇംഗ്ലണ്ട് താരങ്ങളാണ്. ഐ.പി.എല്ലിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തുകയ്ക്ക് ഇംഗ്ലീഷ് ഓള്‍ റൗണ്ടര്‍ സാം കറനെ പഞ്ചാബ് കിങ്‌സ് സ്വന്തമാക്കി. 18.50 കോടി രൂപയ്ക്കാണ് താരത്തെ പഞ്ചാബ് പാളയത്തിലെത്തിച്ചത്.

ഓസ്ട്രേലിയയുടെ കാമറൂണ്‍ ഗ്രീനിനെ 17.50 കോടി രൂപയ്ക്ക് മുംബൈ ഇന്ത്യന്‍സും ഇംഗ്ലീഷ് സൂപ്പര്‍ താരം ബെന്‍ സ്റ്റോക്സിനെ 16.25 കോടി രൂപയ്ക്ക് ചെന്നൈ സൂപ്പര്‍ കിങ്സും സ്വന്തമാക്കി.

ഇംഗ്ലീഷ് താരം ഹാരി ബ്രൂക്കിനെ 13.25 കോടി രൂപയ്ക്ക് സണ്‍റൈസേഴ്സ് സ്വന്തമാക്കി. ബ്രൂക്കിനെ കൂടാതെ 8.25 കോടി രൂപയ്ക്ക് മായങ്ക് അഗര്‍വാളിനെയും സണ്‍റൈസേഴ്സ് ടീമിലെടുത്തു. വെസ്റ്റ് ഇന്‍ഡീസ് താരം നിക്കോളാസ് പൂരനെ 16 കോടി രൂപയ്ക്ക് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് റാഞ്ചി.

ഇന്ത്യന്‍ യുവതാരങ്ങളില്‍ അവിശ്വസനീയമായ നേട്ടമുണ്ടാക്കിയത് ജമ്മു കശ്മീരിന്റെ വിവ്‌റാന്ത് ശര്‍മയും ബംഗാളിന്റെ മുകേഷ് കുമാറുമാണ്. 20 ലക്ഷം മാത്രം അടിസ്ഥാന വിലയുണ്ടായിരുന്ന ഇരുവരും കോടികള്‍ നേടി. മുകേഷ് കുമാറിനെ 5.5 കോടി രൂപ മുടക്കി ഡല്‍ഹി ക്യാപിറ്റല്‍സ് സ്വന്തമാക്കിയപ്പോള്‍ വിവ്‌റാന്തിനെ രണ്ട് കോടി രൂപയ്ക്ക് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമിലെത്തിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.