അര്‍ജന്റീന- ഫ്രാന്‍സ് ഫൈനല്‍ വീണ്ടും നടത്തണം; രണ്ട് ലക്ഷം പേര്‍ ഒപ്പ് വച്ച് ഭീമ ഹര്‍ജി

അര്‍ജന്റീന- ഫ്രാന്‍സ് ഫൈനല്‍ വീണ്ടും നടത്തണം; രണ്ട് ലക്ഷം പേര്‍ ഒപ്പ് വച്ച് ഭീമ ഹര്‍ജി

പാരീസ്: ഖത്തര്‍ ലോകകപ്പിലെ അര്‍ജന്റീന- ഫ്രാന്‍സ് ഫൈനല്‍ മത്സരം വീണ്ടും നടത്തണമെന്നാവശ്യപ്പെട്ട് ഭീമ ഹര്‍ജി നല്‍കാനൊരുങ്ങി ഫ്രഞ്ച് ആരാധകര്‍. ഇതിനായി രണ്ട് ലക്ഷത്തിലേറെ പേര്‍ നിലവില്‍ ഒപ്പിട്ടു കഴിഞ്ഞു.

മത്സരത്തില്‍ റഫറിയിങിലെ പിഴവുകളാണ് അര്‍ജന്റീനയ്ക്ക് വിജയം ഒരുക്കിയതെന്നാണ് ഫ്രഞ്ച് ആരാധകര്‍ ആരോപിക്കുന്നത്. ഫൈനലില്‍ നടന്ന വാശിയേറിയ മത്സരത്തില്‍ എക്സ്ട്രാ ടൈമിനുശേഷം സ്‌കോറുകള്‍ 3-3ന് സമനിലയിലായപ്പോള്‍ പെനാല്‍റ്റിയില്‍ അര്‍ജന്റീന 4-2ന് ഫ്രാന്‍സിനെ തോല്‍പിച്ച് കപ്പ് നേടുകയായിരുന്നു.

'ഫ്രാന്‍സ് 4 എവര്‍' ന്റെ നേതൃത്വത്തിലാണ് നിവേദനം നല്‍കാന്‍ തയാറെടുപ്പ് നടത്തുന്നത്. 'ഈ മത്സരം ഒരിക്കലും പെനാല്‍റ്റിയിലേക്ക് പോകില്ലായിരുന്നു. മാത്രമല്ല, അര്‍ജന്റീനയുടെ രണ്ടാം ഗോളിന് കൈലിയന്‍ എംബാപ്പെയെ ഫൗള്‍ ചെയ്യുകയും ചെയ്തു' എന്നും ഹര്‍ജിയില്‍ പറയുന്നു.

എക്‌സ്ട്രാ ടൈമില്‍ അര്‍ജന്റീനയെ മുന്നലെത്തിച്ച ഗോള്‍ നേടിയതും അര്‍ജന്റൈന്‍ നായകന്‍ തന്നെയായിരുന്നു. ഫ്രാന്‍സ് ഗോള്‍ കീപ്പര്‍ ഹ്യൂഗോ ലോറിസിന്റെ ഒരു രക്ഷപ്പെടുത്തലില്‍ നിന്ന് ലഭിച്ച പന്ത് മെസി ഗോള്‍ വര കടത്തുകയായിരുന്നു. താരം ഓഫ്‌സൈഡ് ആയിരിക്കുമെന്ന് ചിലരെങ്കിലും കരുതിയിരുന്നെങ്കിലും വാര്‍ പരിശോധനയില്‍ അല്ലെന്ന് വ്യക്തമായിരുന്നു.

പക്ഷേ, ഈ ഗോളിനെ ചൊല്ലി വിവാദം ഉയര്‍ന്നു. ലിയോണല്‍ മെസിയുടെ ആ ഗോള്‍ അനുവദിക്കാന്‍ പാടില്ലായിരുന്നുവെന്നാണ് ചിലര്‍ വാദിക്കുന്നത്. അര്‍ജന്റീന നായകന്‍ ഗോളിലേക്ക് ഷോട്ട് എടുക്കുമ്പോള്‍ തന്നെ കുറച്ച് അര്‍ജന്റീന താരങ്ങള്‍ സൈഡ് ലൈന്‍ കടന്ന് ഗ്രൗണ്ടിലേക്ക് കയറിയെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്.

ഇതിനുള്ള വീഡിയോ തെളിവുകളും സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. ഗോള്‍ നേടുമ്പോള്‍ മൈതാനത്ത് അധികമായി ഒരാള്‍ ഉണ്ടായിരുന്നുവെന്ന് ഒരു ഗോള്‍ വീണതിന് ശേഷം കളി പുനരാരംഭിക്കുന്നതിന് മുമ്പായി റഫറി മനസിലാക്കിയാല്‍ ആ ഗോള്‍ അനുവദിക്കരുതെന്നുള്ള ഫിഫ നിയമമാണ് മെസിയുടെ ഗോളിനെ എതിര്‍ക്കുന്നവര്‍ ചൂണ്ടിക്കാണിക്കുന്നത്.

ഫ്രഞ്ച് മാധ്യമങ്ങള്‍ ഉള്‍പ്പെടെ ഈ വിഷയത്തിന് വലിയ വാര്‍ത്താ പ്രാധാന്യം നല്‍കിയിരുന്നു. എന്നാല്‍, ഇപ്പോള്‍ മത്സരം നിയന്ത്രിച്ച പോളിഷ് റഫറി ഷിമന്‍ മാഴ്‌സിനിയാക്ക് ഈ വിഷയത്തില്‍ മറുടി പറഞ്ഞിരിക്കുകയാണ്.

ഷിമന്‍ മാഴ്‌സിനിയാക്ക് എംബാപ്പെ നേടിയ ഒരു ഗോളിന്റെ വീഡിയോ കാണിച്ചാണ് ഇതിനു മറുപടി നല്‍കിയത്. ഫ്രഞ്ചുകാര്‍ എന്തുകൊണ്ട് ഈ ചിത്രം പരാമര്‍ശിക്കുന്നില്ല എന്ന അദ്ദേഹം ചോദിച്ചു. എംബാപ്പെ ഒരു ഗോള്‍ നേടുമ്പോള്‍ ഏഴ് ഫ്രഞ്ച് താരങ്ങള്‍ മൈതാനത്തുണ്ടെന്ന് കാണാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. എംബാപ്പെ എക്‌സ്ട്രാ ടൈമില്‍ പെനാല്‍റ്റിയിലൂടെ ഗോള്‍ നേടുമ്പോഴാണ് ഏഴോളം ഫ്രഞ്ച് താരങ്ങള്‍ അധികമായി മൈതാനത്തുണ്ടായിരുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.