കാബൂള്‍: അഫ്ഗാനിസ്ഥാനിൽ താലിബാന്‍ ഭരണകൂടം ആറാം ക്ലാസിനു മുകളിലുള്ള പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കുമ്പോഴും ഉന്നത താലിബാൻ നേതാക്കളുടെ പെണ്‍മക്കള്‍ വിദേശരാജ്യങ്ങളിൽ വിദേശ സ്‌റ്റേറ്റ് സ്‌കൂളുകളിലേക്കും സർവകലാശാലകളിലേക്കും അയയ്ക്കുന്നതായി റിപ്പോർട്ട്. ദോഹ, പെഷവാർ, കറാച്ചി എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് ഭൂരിഭാഗം പേരും പഠിക്കുന്നത്.
അധികാരം പിടിച്ചെടുത്തതിനുശേഷം അഫ്ഗാനിസ്ഥാനിലെ ദശലക്ഷക്കണക്കിന് പെൺകുട്ടികളുടെ സ്കൂൾ വിദ്യാഭ്യാസം നിഷേധിച്ചെങ്കിലും ഉന്നത ഉദ്യോഗസ്ഥർ തങ്ങളുടെ കുട്ടികളെ വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അയയ്ക്കുന്നുവെന്നാണ് അഫ്ഗാനിസ്ഥാൻ അനലിസ്റ്റ്‌സ് നെറ്റ്‌വർക്കിന്റെ (AAN) റിപ്പോർട്ട് വ്യക്തമാക്കുന്നത്.
താലിബാന്‍ ആരോഗ്യമന്ത്രി ഖലന്ദർ ഇബാദ്, ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി ഷെർ മുഹമ്മദ് അബ്ബാസ് സ്റ്റാനിക്‌സായി, വക്താവ് സുഹൈൽ ഷഹീൻ എന്നിവരാണ് പെണ്‍മക്കളെ വിദേശത്ത് പഠിപ്പിക്കുന്ന ചില പ്രമുഖ താലിബാൻ നേതാക്കൾ.
സുഹൈൽ ഷഹീന്റെ രണ്ട് പെൺമക്കളും അഫ്ഗാന്‍ ഇസ്‌ലാമിക് എമിറേറ്റിന്‍റെ പൊളിറ്റിക്കൽ ഓഫീസിന്റെ ആസ്ഥാനമായ ദോഹയിലെ സർക്കാർ നിയന്ത്രിത സ്‌കൂളിൽ പഠിക്കുകയാണ്. ഒപ്പം അദ്ദേഹത്തിന്റെ മൂന്ന് ആൺമക്കളും ദോഹയിലാണ് പഠിക്കുന്നത്. ഇദ്ദേഹത്തിന്റെ മൂത്ത മകൾ അവര്‍ പഠിക്കുന്ന സ്‌കൂൾ ടീമിന് വേണ്ടി ഫുട്‌ബോൾ കളിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടിൽ വ്യക്തമാക്കുന്നു.
ഇസ്‌ലാമാബാദിലെ നംഗർഹർ യൂണിവേഴ്‌സിറ്റിയിൽ നിന്നും പാകിസ്ഥാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ നിന്നും ബിരുദം നേടിയ നേരത്തെ പ്രാക്ടീസ് ചെയ്തിരുന്ന ഫിസിഷ്യനായിരുന്നു താലിബാന്‍ ആരോഗ്യമന്ത്രി ഖലന്ദർ ഇബാദ്. ഇദ്ദേഹം തന്റെ മകളെയും മെഡിക്കൽ വിദ്യാഭ്യാസത്തിന് അയച്ചിരിക്കുകയാണ്.
താലിബാൻ ഗ്രൂപ്പിന്റെ മുൻ നേതൃത്വ കൗൺസിൽ അംഗവും നിലവിൽ അഫ്ഗാനിസ്ഥാനിൽ മന്ത്രിയുമായ സ്റ്റാനിക്‌സായിയുടെ മകൾ ദോഹയിലെ പ്രശസ്ത സ്‌കൂളിലെ ഹൈസ്‌കൂൾ വിദ്യാഭ്യാസത്തിന് ശേഷം ദോഹയിൽ മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കുന്നു എന്നാണ് താലിബാനുമായി അടുത്ത വൃത്തങ്ങൾ കൂട്ടിച്ചേർത്തു.
തങ്ങളുടെ കുട്ടികളെ ഖത്തറിലെ സ്കൂളിൽ പഠിപ്പിക്കാൻ തുടങ്ങിയതായി ദോഹയിലെ താലിബാന്റെ ചർച്ചാ സംഘത്തിലെ ഒരു അംഗം പറഞ്ഞു. "അയൽപക്കത്തുള്ള എല്ലാവരും സ്കൂളിൽ പോകുന്നതിനാൽ, സ്കൂളിൽ പോകണമെന്ന് ഞങ്ങളുടെ കുട്ടികൾ ആവശ്യപ്പെട്ടു. അതിനാൽ ഞങൾ സ്കൂളിൽ അയച്ചു" എന്ന അദ്ദേഹം പറഞ്ഞു.
താലിബാന്റെ ഖത്തർ ഓഫീസിലെ രണ്ട് അംഗങ്ങൾ അവരുടെ വിദ്യാഭ്യാസം തടസ്സപ്പെടാതിരിക്കാൻ കാബൂളിലേക്ക് മടങ്ങുമ്പോൾ കുട്ടികളെ ദോഹയിൽ നിർത്തിയതായി പറയപ്പെടുന്നു. "ഖത്തറിൽ താമസിക്കുന്ന താലിബാൻ അംഗങ്ങൾക്കും അവരുടെ കുടുംബങ്ങൾക്കും ആധുനിക വിദ്യാഭ്യാസത്തിന് ശക്തമായ ആവശ്യങ്ങളുണ്ട്" എന്ന് മുമ്പ് ഖത്തർ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ഒരു താലിബാൻ ഉദ്യോഗസ്ഥൻ എഎഎന്നിനോട് പറഞ്ഞു.
അതേസമയം തങ്ങളുടെ പെൺമക്കളെ വിദേശത്ത് പഠിപ്പിക്കുന്ന താലിബാന്‍ നേതാക്കളെ സംബന്ധിച്ച് താലിബാൻ ഇതുവരെ പ്രതികച്ചിട്ടില്ല.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി നിരവധി താലിബാൻ നേതാക്കൾ നാടുകടത്തപ്പെട്ട അയൽരാജ്യമായ പാകിസ്ഥാനിലെ ഇഖ്‌റ സമ്പ്രദായം എന്നറിയപ്പെടുന്ന 'പാശ്ചാത്യ' പഠനവും മതപഠനവും സമന്വയിപ്പിക്കുന്ന സ്കൂളുകളിലേക്കാണ് ചില ഉദ്യോഗസ്ഥർ തങ്ങളുടെ കുട്ടികളെ അയയ്ക്കുന്നത്.
താലിബാന്‍ സര്‍ക്കാറിലെ നിരവധി മുതിർന്ന മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും മക്കൾ ഇപ്പോൾ പെഷവാറിലും കറാച്ചിയിലുമായി ഇസ്‌ലാമിക വിഷയങ്ങളോടൊപ്പം ആധുനിക വിദ്യാഭ്യാസം നൽകുന്ന ഇഖ്‌റ സ്‌കൂളുകളിൽ പഠിക്കുന്നു. താലിബാന്റെ ശക്തമായ സൈനിക കമ്മീഷനിലെ നാല് അംഗങ്ങളുടെ പെൺമക്കൾ കഴിഞ്ഞ വർഷം കാബൂൾ പിടിച്ചെടുക്കുന്നതിന് മുമ്പ് ഇഖ്‌റ സ്കൂളുകളിൽ പഠിച്ചിരുന്നതായി വിവരമുണ്ട്.
പരമ്പരാഗതമായി നൽകുന്ന മതപഠനത്തിനൊപ്പം ഇംഗ്ലീഷ്, സയൻസ്, കമ്പ്യൂട്ടറുകൾ തുടങ്ങിയ വിഷയങ്ങളുമായി സംയോജിപ്പിച്ച് "മുസ്‌ലിംങ്ങളെയും അവരുടെ കുട്ടികളെയും യഥാർത്ഥ മുസ്‌ലിംങ്ങളാക്കാൻ" ആഗ്രഹിക്കുന്നുവെന്ന് അവകാശപ്പെടുന്നവര്‍ നിയന്ത്രിക്കുന്ന ട്രസ്റ്റ് നടത്തുന്നതാണ് ഇഖ്‌റ സ്‌കൂളുകൾ.
ഒരു താലിബാൻ കമാൻഡർ ക്വറ്റയിൽ പെൺകുട്ടികൾക്കായി സ്വന്തം ഇഖ്‌റ ശൈലിയിലുള്ള സ്കൂൾ പോലും നടത്തിയിരുന്നു. ഇത് പരമ്പരാഗത മദ്രസ വിഷയങ്ങള്‍ക്ക് പുറമേ ഗണിതം, സയൻസ്, ഇംഗ്ലീഷ് എന്നിവയിൽ ക്ലാസുകൾ നല്‍കിയിരുന്നു. മാത്രമല്ല ഉന്നത താലിബാൻ നേതാക്കൾ വിദ്യാസമ്പന്നരായ രണ്ടാം ഭാര്യമാരെ തിരഞ്ഞെടുക്കന്നതായും ഗവേഷകനായ സബാവൂൺ സമീം ഈ വർഷം ആദ്യം പുറത്തിറക്കിയ ഒരു റിപ്പോർട്ടിൽ വെളിപ്പെടുത്തിയിരുന്നു.
മറ്റ് പല താലിബാൻ ഉദ്യോഗസ്ഥർ തങ്ങളുടെ കുട്ടികളെ ഖത്തറിലെ സ്വകാര്യ പാകിസ്ഥാൻ സ്കൂളുകളിൽ ചേർത്തിട്ടുണ്ട്. അത് പാകിസ്ഥാൻ പാഠ്യപദ്ധതി പിന്തുടരുന്നുണ്ടെങ്കിലും ഇപ്പോഴും ഇംഗ്ലീഷിലാണ് പാഠങ്ങൾ പഠിപ്പിക്കുന്നത്.
അഫ്ഗാനിസ്ഥാനിലെ മറ്റ് താലിബാൻ ഉദ്യോഗസ്ഥർ തങ്ങളുടെ പെൺമക്കളെ സ്വകാര്യ സ്കൂളുകളിലും സർവകലാശാലകളിലും രഹസ്യമായി ചേർത്തിട്ടുണ്ട്. അവിടെ അവർ ഇംഗ്ലീഷും കമ്പ്യൂട്ടർ പരിജ്ഞാനവും ഉൾപ്പെടെ വിദേശമെന്ന് കരുതുന്ന വിഷയങ്ങളിൽ പാഠങ്ങൾ പഠിക്കുന്നു.
കഴിഞ്ഞ വർഷം താലിബാന്‍ അഫ്ഗാനിസ്ഥാൻ ഭരണം പിടിച്ചെടുത്തപ്പോള്‍. അവരുടെ നേതാക്കള്‍ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകുമെന്ന് ആവർത്തിച്ച് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ മാർച്ച് 23 ന് സ്കൂളുകൾ വീണ്ടും തുറന്ന് മണിക്കൂറുകൾക്ക് ശേഷം അവരുടെ തീരുമാനം പിൻവലിച്ചു. അഫ്ഗാനിസ്ഥാനിലെ 34 പ്രവിശ്യകളിൽ മൂന്നിൽ രണ്ട് ഭാഗങ്ങളിലും 12 വയസ്സിന് മുകളിലുള്ള പെൺകുട്ടികൾ സ്‌കൂളിൽ ചേരുന്നത് താലിബാൻ നിരോധിച്ചിട്ടുണ്ട്.
ഇതിന് പുറമേ താലിബാന്‍ സ്ത്രീകളെ ജോലിയിൽ നിന്ന് നീക്കം ചെയ്യുകയും പുരുഷ ബന്ധുവില്ലാതെ യാത്ര ചെയ്യാനുള്ള അവരുടെ കഴിവ് നിയന്ത്രിക്കുകയും ചെയ്തു. കഴിഞ്ഞ വർഷം താലിബാന്റെ പ്രമോഷൻ ആൻഡ് പ്രിവൻഷൻ മന്ത്രാലയം ബുർഖ ധരിക്കാൻ സ്ത്രീകളെ പ്രോത്സാഹിപ്പിച്ചുകൊണ്ടുള്ള പോസ്റ്ററുകള്‍ വ്യാപകമായി ഒട്ടിച്ചിരുന്നു.
പാഠ്യപദ്ധതിയും യൂണിഫോമും സംബന്ധിച്ച പ്രശ്‌നങ്ങൾക്ക് പുറമേ, സ്‌കൂളുകൾക്ക് ഫണ്ടിന്റെ അഭാവമുണ്ടെന്ന് ഇസ്ലാമിക് എമിറേറ്റ് നേതാക്കൾ കഴിഞ്ഞ വർഷം അവകാശപ്പെട്ടിരുന്നു. ജനുവരിയിൽ, അഫ്ഗാനിസ്ഥാനിലെ അമേരിക്കൻ പ്രത്യേക പ്രതിനിധി ടോം വെസ്റ്റ്, പെൺകുട്ടികൾക്കായി സ്കൂളുകൾ വീണ്ടും തുറന്നാൽ എല്ലാ അധ്യാപകരുടെ ശമ്പളവും നൽകുമെന്ന് പറഞ്ഞിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.