തിരുപ്പിറവിത്തൈകളില്‍ നവവത്സരച്ചില്ലകള്‍

തിരുപ്പിറവിത്തൈകളില്‍ നവവത്സരച്ചില്ലകള്‍

ഭൂമിയില്‍ മനുഷ്യത്വത്തിനു ജീവനേകാന്‍ വന്ന്, മാനവകുലത്തിന്റെ ജീവന്റെ ജീവനായി മാറിയ യേശുക്രിസ്തുവിന്റെ പിറവി ആഗതമാവുകയായി. പ്രപഞ്ചമാകെ പുതു ജീവന്റെ പ്രസരിപ്പൂവിടര്‍ത്തുന്ന ക്രിസ്തുമസ് ജാതിമത വ്യത്യാസമില്ലാതെ ഏവര്‍ക്കും പുതുവര്‍ഷത്തെ വരവേല്‍ക്കാനുള്ള വാതിലാണ്.

ക്രിസ്തുമസ് ആഘോഷങ്ങളുടെ ഒരു പ്രധാന ഭാഗമാണ് ക്രിസ്തുമസ് ട്രീ. ക്രിസ്തുമസ് ആഘോഷിക്കുന്ന വീടുകളിലും ദേവാലയങ്ങളിലും സ്ഥാപനങ്ങളിലും വലിയ മരച്ചില്ലകള്‍ മുറിച്ച് മുറ്റത്തു കുഴിച്ചിട്ട് അതില്‍ നക്ഷത്രങ്ങളും ബലൂണുകളും വര്‍ണ്ണ കടലാസുകളും സമ്മാനപ്പൊതികളും കെട്ടി വൈദ്യുത ദീപങ്ങള്‍ ചാര്‍ത്തിയാണ് ക്രിസ്തുമസ് ട്രീ ഒരുക്കുന്നത്. ക്രിസ്തുമസ് ട്രീയുടെ അരികിലാവും പുല്‍ക്കൂടൊരുക്കുന്നത്. ഇങ്ങനെ ഈ ആഴ്ചയില്‍ ലക്ഷക്കണക്കിനു വീടുകളില്‍ ക്രിസ്തുമസ് ട്രീയുടെ പേരില്‍ ലക്ഷക്കണക്കിനു വൃക്ഷ ശിഖരങ്ങളാണ് മുറിഞ്ഞു വീഴുന്നത്.

ക്രിസ്തു പിറന്നത് പ്രപഞ്ചത്തിന് പുതുജീവനേകാനല്ലേ? ആ ഓര്‍മ്മ നമ്മുടെ മണ്ണിലെ ജീവന്റെ ചിഹ്നമായ മരങ്ങള്‍ക്ക് മരണം വിധിക്കാനുള്ള അവസരമാകുന്നത് ഉചിതമാണോ? മരിച്ച മരച്ചില്ലകളുടെ അഴകാര്‍ന്ന നിഴലിലാണ് ജീവന്റെ നാഥന്‍ ജനിക്കുന്നതെങ്കില്‍, അത്  ജീവപ്രകൃതിയോടുള്ള അനീതിയല്ലേ? ഒരു തളിരു തളരുമ്പോള്‍ പോലും കരള്‍ നോവുന്ന തമ്പുരാന് നാം അരിഞ്ഞെടുത്ത ശിഖരങ്ങളുടെ കരിഞ്ഞ ഇലകള്‍ കൊണ്ടുവേണോ തണല്‍ കൂടൊരുക്കാന്‍ ?
ലക്ഷക്കണക്കിനു മരച്ചില്ലകള്‍ മുറിക്കാന്‍ എളുപ്പമാണ്. എന്നാല്‍, അത്രയും പുതിയ ചില്ലുകളില്‍ ആ ഹരിത സമൃദ്ധി മുളപ്പിക്കാന്‍ ഈ വരള്‍ച്ചയുടെ വിളര്‍ച്ച തീണ്ടിയ നവ വര്‍ഷക്കാലത്ത്, ഈ ഭൂമി എത്ര തുള്ളി കണ്ണീര്‍ മഴ പൊഴിക്കണം?

അപ്പോള്‍ നാം എന്തു ചെയ്യണം? മാനവികതയ്ക്കു പുതിയ സംസ്‌കാരം രചിച്ച ക്രിസ്തുമസ് ദിനത്തില്‍ നമ്മള്‍ പ്രകൃതിയുടെ ജീവസമൃദ്ധിക്കായി ഒരു പുതിയ സംസ്‌കാരത്തിനു വിത്തു പാകണം. ക്രിസ്തുമസ് ആഘോഷിക്കുന്നവരും അല്ലാത്തവരും ഈ ക്രിസ്തുമസ് പുലരിയില്‍ സ്വന്തം വീട്ടുമുറ്റത്ത് ഒരു മരത്തൈ നടണം. ജലവും വളവും നല്‍കി വളര്‍ത്തണം. തിരുപ്പിറവികളില്‍ നവവത്സരച്ചില്ലകള്‍ വിരിയട്ടെ. അടുത്ത ക്രിസ്തുമസിന് ക്രിസ്തുമസ് ട്രീ ഒരുക്കാന്‍ നീ മരം വെട്ടാന്‍ മഴുവെടു ക്കില്ല. നിന്നേക്കാള്‍ വളര്‍ന്ന ഒരു ക്രിസ്തുമസ് ട്രീ നിന്റെ ഭവനാങ്കണത്തിന് ജീവചൈതന്യം പകര്‍ന്നു കൊണ്ട് ഇളം കാറ്റിലിളകിയാടുന്നുണ്ടാകും.

ആയിരക്കണക്കിനു ദേവാലയങ്ങളുടെയും വിദ്യാലയങ്ങളുടെയും സ്ഥാപനങ്ങളുടെയും വീടുകളുടെയും മുറ്റങ്ങളില്‍ ജീവനുള്ള തിരുപ്പിറവികള്‍ വളര്‍ന്നു പടര്‍ന്നു പന്തലിക്കുമ്പോള്‍ ഈ ഭൂമി ഒരു പൂങ്കാവനമാകും. മണ്ണിനു സ്‌നേഹം നല്‍കാന്‍ വിണ്ണില്‍ നിന്നും വരുന്ന ദൈവകുമാരനെ നാമൊരുക്കുന്ന സ്‌നേഹപ്പൂങ്കാവനത്തിന്റെ ജീവസമൃദ്ധിയിലേക്ക് വരവേല്‍ക്കാന്‍ നമുക്കു കഴിയും.

ജാതിമത വ്യത്യാസമില്ലാതെ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങളില്‍, എല്ലാവരും ഇന്ന് ആശംസകള്‍ നേരാനും പ്രസംഗിക്കാനും കടമെടുക്കുന്നത് അമേരിക്കയിലും യൂറോപ്പിലുമൊക്കെ നടന്ന സല്‍ക്കര്‍മ്മങ്ങളുടെ കഥകളും, വിശ്വസാഹിത്യ കൃതികളിലെ വിവിധ കഥാ സന്ദര്‍ഭങ്ങളുമാണ്. ഉണക്ക മരത്തില്‍ വിദേശനിര്‍മ്മിത അലങ്കാര വസ്തുക്കള്‍ തൂക്കി ക്രിസ്തുമസ് ട്രീ ഒരുക്കുന്നപോലെയാണത്. സ്വന്തം വീട്ടുമുറ്റത്ത സ്വയം വളര്‍ത്തുന്ന ജീവനുള്ള ക്രിസ്മസ് മരത്തിന്റെ തണലും തണുപ്പും ഗുണവും മണവും നമ്മുടെ ക്രിസ്തുമസിന് അലങ്കാരമാകുമ്പോള്‍, നമുക്ക് നമ്മുടെ നന്മകള്‍ പങ്കുവച്ച് ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങള്‍ അനുഗ്രഹ ദായകമാക്കാന്‍ കഴിയും. അങ്ങനെ കൃത്രിമ സൗന്ദര്യത്തിന്റെ വര്‍ണ്ണക്കടലാസുകളും വൈദ്യുതി ദീപങ്ങളും ഒരാഴ്ചത്തേക്കു മാത്രം തീര്‍ക്കുന്ന നിര്‍ജീവമായ നിറച്ചാര്‍ത്തുകളില്‍ നിന്ന് നമ്മുടെ വീട്ടുമുറ്റങ്ങളെ വിമോചിപ്പിക്കാം. ഈ പ്രപഞ്ചത്തിനു ജീവനുണ്ടാകുവാനും അത് സമൃദ്ധമായുണ്ടാകുവാനും ജന്മമെടുത്ത ദൈവപുത്രനെ മൃതസംസ്‌കാരത്തിന്റെ അനുരൂപങ്ങള്‍ക്കൊണ്ട് വിരൂപമാക്കാതിരിക്കാം .

പ്രകൃതിക്കു ജീവനായി നമ്മുടെ തിരുപ്പിറവികള്‍ നവവത്സരച്ചില്ലകള്‍ വിടര്‍ത്തി വളരുന്ന പോലെ, മാനവികതയുടെ സഹജനന്മകള്‍ പൂത്തുലയുന്ന സഹജീവികളുടെ തണല്‍മരമായി പടരുന്ന സാര്‍ത്ഥകമായ ജീവിതത്തിന്റെ സാക്ഷ്യമാകാന്‍ നമുക്കു കഴിയട്ടെ എന്ന പ്രാര്‍ത്ഥന, ഏവര്‍ക്കുമുള്ള ക്രിസ്തുമസ് പുതുവത്സരാശംസയായി അര്‍പ്പിക്കുന്നു.

ഫാ റോയി കണ്ണന്‍ചിറയുടെ 'പ്രപഞ്ചമാനസം' എന്ന ഗ്രന്ഥത്തില്‍ നിന്നും.

ഫാ. റോയി കണ്ണന്‍ചിറയുടെ കൂടുതല്‍ കൃതികള്‍ വായിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.