തിരക്കനുസരിച്ച് നിരക്കുയര്‍ത്തി റെയില്‍വേയുടെ ഫ്‌ളക്‌സി സംവിധാനം: യാത്രക്കാരില്‍ നിന്ന് കൊള്ളയടിച്ചത് 2442 കോടി

തിരക്കനുസരിച്ച് നിരക്കുയര്‍ത്തി റെയില്‍വേയുടെ ഫ്‌ളക്‌സി സംവിധാനം: യാത്രക്കാരില്‍ നിന്ന് കൊള്ളയടിച്ചത്  2442 കോടി

കൊച്ചി: തിരക്കനുസരിച്ച് നിരക്കുയര്‍ത്തുന്ന ഫ്‌ളക്‌സി സംവിധാനത്തിലൂടെ റെയില്‍വേ മൂന്നു വര്‍ഷം കൊണ്ട് യാത്രക്കാരില്‍ നിന്ന് ഈടാക്കിയത് 2442 കോടി രൂപ. 2019 മുതല്‍ 2022 ഒക്ടോബര്‍ വരെയുള്ള കണക്കാണിത്.

ഫ്‌ളക്‌സി കൊള്ളയിലൂടെ ഈ വര്‍ഷം ഒക്ടോബര്‍ വരെ റെയില്‍വേയുടെ അക്കൗണ്ടിലെത്തിയത് 680 കോടി രൂപയാണെന്ന് മന്ത്രാലയത്തിന്റെ തന്നെ കണക്കുകള്‍ വ്യക്തമാക്കുന്നു. പാസഞ്ചറുകളെല്ലാം എക്‌സ്പ്രസുകളാക്കിയും മുതിര്‍ന്നവര്‍ക്കുള്ള ആനുകൂല്യങ്ങളൊന്നും പുനസ്ഥാപിക്കാതെയുമാണ് ഈ പിടിച്ചുപറി.

പാസഞ്ചറുകള്‍ എക്‌സ്പ്രസുകളായതോടെ ചെറിയ ദൂരം സഞ്ചരിക്കേണ്ടവര്‍ പോലും എക്‌സ്പ്രസ് നിരക്ക് നല്‍കേണ്ടി വരുകയാണ്. ഇതുമൂലം 2021 നെ അപേക്ഷിച്ച് 2022 ല്‍ 76 ശതമാനമാണ് ടിക്കറ്റ് ഇനത്തിലെ വരുമാന വര്‍ധന. 2021 ഏപ്രില്‍ മുതല്‍ നവംബര്‍ 30 വരെ 23,483.87 കോടിയായിരുന്നു ടിക്കറ്റ് വരുമാനമെങ്കില്‍ 2022 ലെ ഇതേ കാലയളവില്‍ 41,335.16 കോടിയായാണ് വര്‍ധിച്ചത്. 17,851.29 കോടിയുടെ അധിക വരുമാനം.

ചരക്ക് വരുമാനത്തിലെ വര്‍ധന 16.15 ശതമാനം മാത്രമാണ്. കോവിഡിന്റെ മറവില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ഇളവുകള്‍ വെട്ടിക്കുറച്ചതിലൂടെ ലഭിച്ചത് 1500 കോടിയോളം രൂപയാണ്. 2020 മാര്‍ച്ചില്‍ കോവിഡിനെ തുടര്‍ന്ന് ട്രെയിന്‍ സര്‍വിസുകളെല്ലാം നിര്‍ത്തിയിരുന്നു. ഇതോടെയാണ് കണ്‍സഷനുകള്‍ അവസാനിച്ചത്.

ലോക്ഡൗണ്‍ ഇളവുകളെ തുടര്‍ന്ന് സര്‍വിസുകള്‍ പുനരാരംഭിച്ചെങ്കിലും മുതിര്‍ന്ന പൗരന്മാരുടെയടക്കം ഇളവുകള്‍ പുനസ്ഥാപിക്കേണ്ടതില്ലെന്നാണ് റെയില്‍വേയുടെ നിലപാട്. 2020 മാര്‍ച്ച് 20 മുതല്‍ 2022 മാര്‍ച്ച് 31 വരെയുള്ള കണക്ക് പ്രകാരം 7.31 കോടി മുതിര്‍ന്ന പൗരന്മാരാണ് റെയില്‍വേയില്‍ യാത്ര ചെയ്തത്.

ഇക്കാലയളവില്‍ മുതിര്‍ന്ന പൗരന്മാരില്‍ നിന്നുള്ള മൊത്തം ടിക്കറ്റ് വരുമാനം 3,464 കോടി രൂപയാണ്. ഇതില്‍ യാത്രയിളവ് ഒഴിവാക്കിയതിലൂടെ അധികമായി ലഭിച്ചത് 1,500 കോടി രൂപയാണ്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.