'മനം കവര്‍ന്ന് മലയാളികള്‍'; കേരളത്തിലെ കുട്ടികള്‍ക്ക് ഫുട്ബോള്‍ പരിശീലനം നല്‍കാന്‍ തയ്യാറെന്ന് അര്‍ജന്റീന

'മനം കവര്‍ന്ന് മലയാളികള്‍'; കേരളത്തിലെ കുട്ടികള്‍ക്ക് ഫുട്ബോള്‍ പരിശീലനം നല്‍കാന്‍ തയ്യാറെന്ന് അര്‍ജന്റീന

ന്യൂഡൽഹി: കേരളത്തിലെ കുട്ടികള്‍ക്ക് ഫുട്‌ബോള്‍ പരിശീലനം നല്‍കാന്‍ തയാറെന്ന് അര്‍ജന്റീന. തുടര്‍ നടപടികളുമായി മുന്നോട്ട് പോകുമെന്നു എംബസി കൊമേര്‍സ്ഷ്യല്‍ ഹെഡ് ഫ്രാങ്കോ അഗസ്റ്റിന്‍ സെനില്ലിയനി മെല്‍ഷ്യര്‍ പറഞ്ഞു. ലോകകപ്പ് ഫുട്‌ബോള്‍ മത്സരത്തില്‍ അര്‍ജന്റീനയെ പിന്തുണച്ച മലയാളികളെയും മാധ്യമങ്ങളെയും നന്ദി അറിയിക്കുന്നതിനായി കേരള ഹൗസിലെത്തിയതായിരുന്നു ഫ്രാങ്കോ അഗസ്റ്റിന്‍ സെനില്ലിയനി മെല്‍ഷ്യര്‍.

ഇന്ത്യ മുഴുവന്‍ അര്‍ജന്റീനയുടെയും ലയണല്‍ മെസ്സിയുടെയും ആരാധകരുണ്ടെങ്കിലും ഹൃദയം കവരുന്ന ആരാധകര്‍ കേരളത്തിലാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ അര്‍ജന്റീന അംബാസിഡര്‍ ഹ്യുഗോ ജാവിയര്‍ ഗോബിയും സംഘവും വൈകാതെ കേരളം സന്ദര്‍ശിക്കും. കേരളവുമായുള്ള സഹകരണത്തിലെ സാധ്യതകള്‍ പരിശോധിക്കും. ഫുട്ബോളിനു പുറമേ കൃഷി, മത്സ്യബന്ധനം തുടങ്ങിയ സാധ്യതകള്‍ പരിശോധിക്കും. കേരളത്തിലെ ആരാധകരെ നേരിട്ടുകാണാന്‍ കാത്തിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളഹൗസില്‍ റെസിഡന്റ് കമ്മിഷണര്‍ സൗരഭ് ജെയിന്‍ ഫ്രാങ്കോ അഗസ്റ്റിന്‍ സെനില്ലിയനിയെ പൊന്നാടയണിയിച്ച് സ്വീകരിച്ചു. ലോകകപ്പ് ഫൈനല്‍ ദിവസം കേരളത്തിന്റെ വിവിധഭാഗങ്ങളില്‍ നടന്ന മലയാളി ആരാധകരുടെ ആഹ്ലാദപ്രകടനങ്ങള്‍ ചേര്‍ത്തു തയ്യാറാക്കിയ വീഡിയോ പ്രദര്‍ശിപ്പിച്ചു. 

അര്‍ജന്റീനയുടെ വിജയത്തിന്റെ പശ്ചാത്തലത്തില്‍ പ്രത്യേകം തയ്യാറാക്കിയ ക്രിസ്മസ് കേക്ക് മുറിച്ചു. തുടര്‍ന്ന് കേരളഹൗസിലെ അര്‍ജന്റീന ഫാന്‍സിനൊപ്പം പന്തുതട്ടി. അനുമോദനയോഗത്തില്‍ കേരളഹൗസ് കണ്‍ട്രോളര്‍ സി.എ. അമീര്‍, ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സിനി കെ. തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.