'പ്രിയപ്പെട്ട ദൈവജനമേ... മാപ്പ്'; ക്രിസ്തുമസിനോട് അനുബന്ധിച്ച് വൈദികന്റെ വൈകാരികമായ കുറിപ്പ്

 'പ്രിയപ്പെട്ട ദൈവജനമേ... മാപ്പ്'; ക്രിസ്തുമസിനോട് അനുബന്ധിച്ച് വൈദികന്റെ വൈകാരികമായ കുറിപ്പ്

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയിലെ സെന്റ് മേരീസ് ബസിലിക്കയില്‍ നടന്ന അനിഷ്ട സംഭവങ്ങളില്‍ മാപ്പ് ചോദിച്ചുകൊണ്ടുള്ള വൈദികന്റെ കുറിപ്പ് ചര്‍ച്ചയാകുന്നു. സൊസൈറ്റി ഓഫ് ഡിവൈന്‍ വൊക്കേഷന്‍ സമൂഹാംഗമായ ഫാ. റോയി ആണ് ക്രിസ്തുമസിനോട് അനുബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായ കുറിപ്പ് പങ്കുവെച്ചത്.

ക്ഷമിക്കാനും പൊറുക്കുവാനും അള്‍ത്താരയില്‍ നിന്ന് പറയുകയും പരസ്യമായി അതിന് എതിരെ പറയുകയും ചെയ്യുന്ന ഞങ്ങളുടെ എല്ലാ വൈദികരെയുംപ്രതി പ്രിയപ്പെട്ട ദൈവജനത്തോട് മാപ്പ് ചോദിക്കുകയാണെന്ന് അദേഹം പറയുന്നു. ദൈവത്തിന്റെ ദീര്‍ഘ ക്ഷമയെ ബലഹീനതയായി കണ്ട് വീണ്ടും പാപം ആവര്‍ത്തിക്കുന്നവരുടെ അന്ത്യത്തെക്കുറിച്ച് പത്രോസ് ശ്ലീഹ പറഞ്ഞുവെച്ചിട്ടുണ്ടെന്നു അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

വിശുദ്ധ കുര്‍ബാനയെ അപമാനിക്കുന്ന ഈ കാട്ടിക്കൂട്ടലുകള്‍ എല്ലാം കാണുന്ന ജനങ്ങള്‍ ദൈവത്തില്‍ നിന്നോ വിശ്വാസത്തില്‍ നിന്നോ അകന്ന് പോയാല്‍ അതിനും ദൈവസന്നിധിയില്‍ നിങ്ങള്‍ കണക്കു കൊടുക്കേണ്ടി വരും.

ഭൂമിയില്‍ നിങ്ങളെ താല്‍ക്കാലികമായി പിന്താങ്ങുന്ന ഓരോരുത്തര്‍ക്കും ദൈവത്തിനു മുന്നില്‍ നിങ്ങള്‍ക്ക് മധ്യസ്ഥം വഹിക്കാന്‍ കഴിയുകയില്ല എന്നോര്‍ത്ത് കൊള്ളണമെന്നും കുറിപ്പില്‍ ഓര്‍മ്മപ്പെടുത്തുന്നു. കുറിപ്പ് വായിക്കുമ്പോള്‍ പക്ഷം പിടിക്കുകയാണെന്ന് ചിന്തിക്കുന്നവര്‍ക്കുള്ള മറുപടിയും പോസ്റ്റില്‍ കൃത്യമായി നല്‍കുന്നുണ്ട്.

സീറോ മലബാര്‍ സിനഡിന്റെയും പരിശുദ്ധ പിതാവിന്റെയും തീരുമാനങ്ങളാണ് എന്റെ പക്ഷം. അത് അവസാന ശ്വാസം വരെയും ഞാന്‍ ഉറക്കെ പറയുകയും ചെയ്യും. കാരണം റോമിലെ മാര്‍പാപ്പയെയും എന്റെ സഭയായ സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പിനെയും ഞാന്‍ ശുശ്രൂഷ ചെയ്യുവാന്‍ നിയോഗിക്കപ്പെടുന്ന സ്ഥലത്തെ മെത്രാനെയും അനുസരിച്ചു കൊള്ളാമെന്ന് സുവിശേഷം സാക്ഷിയാക്കി, എന്റെ കുടുംബാംഗങ്ങളുടെയും ഇടവക ജനത്തിന്റെയും മുന്നില്‍ പ്രതിജ്ഞ എടുത്തിരുന്നുവെന്നും ഫാ. റോയി കുറിച്ചു.

ഫാ. റോയിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം:

പ്രിയപ്പെട്ടവരെ,

ക്രിസ്മസ് ആശംസകള്‍ നേരണമെന്ന് ആഗ്രഹമുണ്ട്. എന്നാല്‍ സീറോ മലബാര്‍ സഭയിലെ, എറണാകുളം അങ്കമാലി അതിരൂപതയിലെ ഞങ്ങളുടെ സഹോദര വൈദികരുടെ എതിര്‍ സാക്ഷ്യങ്ങളും പരസ്യമായ അനുസരണക്കേടും വിശുദ്ധ കുര്‍ബാനയെ വരെ അവഹേളിക്കുന്ന സഭയുടെ അംഗീകാരമില്ലാത്ത കുര്‍ബാന ക്രമങ്ങളും ഒക്കെ കാണുമ്പോള്‍, അല്‍മായര്‍ വരെ അള്‍ത്താരയില്‍ കയറി ആ വൈദികരെ പിടിച്ചു വലിച്ചു പുറത്താക്കുന്നത് കാണുമ്പോള്‍ മെറി ക്രിസ്മസ് എന്ന ആശംസിക്കുവാന്‍ എന്തൊക്കെയോ ഒരു ബുദ്ധിമുട്ടുകള്‍.

സീറോ മലബാര്‍ സഭ ഉറച്ച തീരുമാനങ്ങള്‍ എടുക്കുവാന്‍ കഴിവില്ലാത്ത അധികാരികള്‍ മൂലമോ, അല്ലെങ്കില്‍ സിനഡിന്റെ തീരുമാനത്തെ പോലും പരസ്യമായി വെല്ലുവിളിക്കുന്ന എറണാകുളം അങ്കമാലി അതിരൂപതയിലെ വിരലിലെണ്ണാവുന്ന വൈദികരുടെ പ്രവര്‍ത്തനങ്ങള്‍ മൂലമോ വളരെയേറെ വിമര്‍ശനങ്ങള്‍ക്കിടയിലൂടെ കടന്നു പോവുകയാണ്.

എറണാകുളം അങ്കമാലി അതിരൂപതയിലെ ഞങ്ങളുടെ ചില മുതിര്‍ന്ന വൈദികരുടെ വാട്‌സപ്പ് പോസ്റ്റുകളും ഫേസ്ബുക്ക് പോസ്റ്റുകളും കാണുമ്പോള്‍ പലപ്പോഴും തലതാഴ്ത്തി നില്‍ക്കാറുണ്ട്.

ക്രിസ്തുവിന്റെ സ്‌നേഹത്തെക്കുറിച്ച് ക്ഷമയെക്കുറിച്ച് വാതോരാതെ പ്രസംഗിക്കുന്ന ചില ധ്യാനഗുരുക്കന്മാര്‍ വരെ തിരുസഭയുടെയും സിനഡിന്റെയും പരിശുദ്ധ പിതാവിന്റെയും വരെ നിര്‍ദ്ദേശങ്ങളെ തള്ളിക്കളയുന്നത് കാണുമ്പോള്‍ ഇവരുടെ ആത്മീയത എന്താണ് എന്നൊരു ചോദ്യം സാധാരണക്കാരായ വിശ്വാസികള്‍ ചോദിച്ചാല്‍ അതില്‍ അത്ഭുതപ്പെടേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ല.

ക്ഷമിക്കാനും പൊറുക്കുവാനും അള്‍ത്താരയില്‍ നിന്ന് പറയുകയും പരസ്യമായി അതിന് എതിരെ പറയുകയും ചെയ്യുന്ന ഞങ്ങളുടെ എല്ലാ വൈദികരെയുംപ്രതി പ്രിയപ്പെട്ട ദൈവജനമേ നിങ്ങളോട് മാപ്പ് ചോദിക്കുന്നു.

ഈശോയില്‍ പ്രിയപ്പെട്ട എറണാകുളം അതിരൂപതയിലെ വിഘടിച്ചു നില്‍ക്കുന്ന വൈദികരെ ദൈവത്തിന്റെ ദീര്‍ഘ ക്ഷമയെ ബലഹീനതയായി കണ്ട് വീണ്ടും പാപം ആവര്‍ത്തിക്കുന്നവരുടെ അന്ത്യത്തെക്കുറിച്ച് പത്രോസ് ശ്ലീഹ പറഞ്ഞുവെച്ചിട്ടുണ്ട്.

തിരുസഭയും സിനഡും കാണിക്കുന്ന ഈ ദീര്‍ഘ ക്ഷമ ഒരു ബലഹീനതയായി കാണാതെ ആഴമായ പശ്ചാത്താപത്തോടെ തെറ്റുകള്‍ ഏറ്റുപറഞ്ഞ് തമ്പുരാന്റെ മുന്നിലേക്ക് നമുക്ക് പോകാം.

അല്ലെങ്കില്‍ ഒരു പക്ഷെ ഇനിയൊരു തിരിച്ചുവരവ് സാധ്യമല്ലാത്ത അവസ്ഥകളിലേക്ക്, നിങ്ങള്‍ ഇപ്പോള്‍ ഏറ്റവും അവമതിക്കുന്ന പൗരോഹിത്യമെന്ന ദാനം പോലും നിങ്ങളില്‍ നിന്ന് എടുത്തു മാറ്റപ്പെട്ടേക്കാം...

ഇടവക ജനത്തിന് ആവശ്യം തങ്ങളെ നയിക്കുന്ന, നന്മയിലേക്ക് നയിക്കുന്ന വൈദികരെയാണ്. തിരുസഭയ്ക്കും അധികാരികള്‍ക്കും എതിരെ അള്‍ത്താരയില്‍ നിന്ന് പ്രസംഗിക്കുന്നവരെ പിന്താങ്ങുവാന്‍ സഭയെ വെറുക്കുന്ന വളരെ കുറച്ച് ആളുകളെ ഉണ്ടാവുകയുള്ളൂ. എറണാകുളം അങ്കമാലി അതിരൂപതയിലെ 98 ശതമാനം ജനങ്ങളും പരിശുദ്ധ പിതാവിന്റെയും സീറോ മലബാര്‍ സഭയുടെ സിനഡിന്റെ കൂടെയും തന്നെയാണ്.

നിങ്ങള്‍ ഇപ്പോള്‍ നടത്തുന്ന വിശുദ്ധ കുര്‍ബാനയെ അപമാനിക്കുന്ന ഈ കാട്ടിക്കൂട്ടലുകള്‍ എല്ലാം കാണുന്ന ജനങ്ങള്‍ ദൈവത്തില്‍ നിന്നോ വിശ്വാസത്തില്‍ നിന്നോ അകന്ന് പോയാല്‍ അതിനും ദൈവസന്നിധിയില്‍ നിങ്ങള്‍ കണക്കു കൊടുക്കേണ്ടി വരും. ഭൂമിയില്‍ നിങ്ങളെ താല്‍ക്കാലികമായി പിന്താങ്ങുന്ന ഒരുത്തര്‍ക്കും ദൈവത്തിനു മുന്നില്‍ നിങ്ങള്‍ക്ക് മധ്യസ്ഥം വഹിക്കാന്‍ കഴിയുകയില്ല എന്നോര്‍ത്ത് കൊള്ളുക..

ഈ കാര്യങ്ങളെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ എഴുതരുതെന്ന് പലപ്പോഴും ആഗ്രഹിച്ചിരുന്നതാണ്. പക്ഷേ ഇന്നലെയും ഇന്നും ആളുകളുടെ ചോദ്യങ്ങളും ഷെയര്‍ ചെയ്യപ്പെടുന്ന വീഡിയോകളും ഞങ്ങളിനി എന്തുചെയ്യുമെന്ന അവരുടെ ചോദ്യവും ഇങ്ങനെ ഒരു അവസ്ഥയിലേക്ക് എത്തിച്ചിരിക്കുകയാണ്.

പ്രിയപ്പെട്ട ദൈവജനമേ, ഹൃദയത്തിന്റെ ഉള്ളില്‍നിന്ന് നിങ്ങളോട് മാപ്പ് ചോദിക്കുന്നു. തിരുസഭയില്‍ ഇതിനേക്കാള്‍ വലിയ ഒത്തിരി ഏറെ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ട്. തിരുസഭ അതിനെയെല്ലാം അതിജീവിച്ചിട്ടുണ്ട്. അതുകൊണ്ട് നമുക്ക് പ്രാര്‍ത്ഥിക്കാം. തായ്തണ്ടിനോട് ചേരാതെ മറുതലിച്ചു നില്‍ക്കുന്ന ശിഖരങ്ങള്‍ വെട്ടികളയാന്‍ ഉള്ള ധൈര്യം പരിശുദ്ധാത്മാവ് തിരുസഭാധികാരികള്‍ക്ക് നല്‍കട്ടെ....

ഒരുപക്ഷേ ഇത് വായിക്കുമ്പോള്‍ ഞാന്‍ പക്ഷം പിടിച്ച് എഴുതുന്നത് പോലെ ചിലര്‍ക്കെങ്കിലും തോന്നിയേക്കാം. തീര്‍ച്ചയായും ഞാന്‍ പക്ഷം പിടിക്കുക തന്നെ ചെയ്യും. സീറോ മലബാര്‍ സിനഡിന്റെയും പരിശുദ്ധ പിതാവിന്റെയും തീരുമാനങ്ങളാണ് എന്റെ പക്ഷം. അത് അവസാന ശ്വാസം വരെയും ഞാന്‍ ഉറക്കെ പറയുകയും ചെയ്യും.

കാരണം റോമിലെ മാര്‍പാപ്പയെയും എന്റെ സഭയായ, സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പിനെയും, ഞാന്‍ ശുശ്രൂഷ ചെയ്യുവാന്‍ നിയോഗിക്കപ്പെടുന്ന സ്ഥലത്തെ മെത്രാനെയും അനുസരിച്ചു കൊള്ളാം എന്ന് സുവിശേഷ ഗ്രന്ഥം സാക്ഷിയാക്കി, എന്റെ കുടുംബാംഗങ്ങളുടെയും ഇടവക ജനത്തിന്റെയും മുന്നില്‍ ഞാനൊരു പ്രതിജ്ഞ എടുത്തിരുന്നു.

ഞാന്‍ മാത്രമല്ല, ഇന്ന് പരസ്യമായി തിരുസഭയെ അവഹേളിക്കുന്ന വൈദികരും തങ്ങളുടെ തിരുപട്ട ദിവസത്തെ ആ പ്രതിജ്ഞ ഒന്നുകൂടെ ഓര്‍ത്തു നോക്കിയാല്‍, അത് ജീവിതത്തില്‍ പാലിക്കുവാന്‍ തീരുമാനിച്ചാല്‍ അവസാനിക്കുന്ന പ്രശ്‌നങ്ങളെ ഇന്ന് സഭയിലുള്ളൂ...

ഉണ്ണിശോ എല്ലാവരെയും അനുഗ്രഹിക്കട്ടെ.
റോയിച്ചന്‍.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.