തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജനെതിരായ സിപിഎം നേതാവ് പി.ജയരാജന്റെ ആരോപണത്തില്‍ അന്വേഷണ കമ്മിറ്റി വേണമോയെന്ന് സിപിഎം സംസ്ഥാന ഘടകത്തിന് തീരുമാനിക്കാമെന്ന് കേന്ദ്ര നേതൃത്വം. തെറ്റ് തിരുത്തല്‍ രേഖയില്‍ വിട്ടുവീഴ്ച വേണ്ടെന്നും സി.പി.എം കേന്ദ്ര നേതൃത്വം സംസ്ഥാന നേതൃത്തെ അറിയിച്ചു.
അതിനിടെ ആന്തൂരിലെ വൈദേകം റിസോര്‍ട്ട് നിര്‍മാണം അനുമതിയില്ലാതെയെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്തു വന്നു. കുഴല്‍ക്കിണര്‍ നിര്‍മാണത്തിന് ഭൂജല വകുപ്പിന്റെ ക്ലിയറന്‍സ് ഇല്ല. നിര്‍മാണത്തിന് മലിനീകരണ നിയന്ത്രണ ബോര്‍ഡും അനുമതി നല്‍കിയിട്ടില്ല. ആന്തൂര്‍ നഗരസഭ നിര്‍മാണാനുമതി നല്‍കിയത് രേഖകള്‍ പരിശോധിക്കാതെയെന്നും രേഖകള്‍ വ്യക്തമാക്കുന്നു.
റിസോര്‍ട്ടിന്റെ നിര്‍മാണ ഘട്ടത്തില്‍ തന്നെ പ്രാദേശികമായി എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു. ശാസ്ത്ര സാഹിത്യ പരിഷത്ത് ഉള്‍പ്പെടെ റിസോര്‍ട്ട് നിര്‍മാണം അനുമതിയില്ലാതെയെന്ന് ചൂണ്ടിക്കാട്ടി ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. കുന്നിടിച്ച് നടത്തുന്ന നിര്‍മാണമാണെങ്കിലും ആ മണ്ണ് അവിടെ തന്നെ നിക്ഷേപിച്ചിട്ടുണ്ടെന്ന വാദമാണ് കളക്ടര്‍ ഉന്നയിച്ചതെന്ന് രേഖകളില്‍ വ്യക്തമാകുന്നു.
മണ്ണെടുക്കുന്നതിനായി നഗരസഭാ സെക്രട്ടറിയില്‍ നിന്നും ഡെവലപ്മെന്റ് സാക്ഷ്യപത്രം വാങ്ങേണ്ടതുണ്ട്. അതും വാങ്ങാതെയാണ് റിസോര്‍ട്ട് നിര്‍മാണം നടക്കുന്നത്. ഈ രേഖകളൊന്നും പരിശോധിക്കാതെയാണ് ആന്തൂര്‍ നഗരസഭ നിര്‍മാണത്തിന് അനുമതി നല്‍കിയത്.
ആന്തൂര്‍ നഗരസഭയ്ക്ക് കീഴിലുള്ള മൊറാഴയിലെ ആയുര്‍വേദ റിസോര്‍ട്ടിന്റെ പേരിലാണ് നിലവില്‍ വിവാദം. 30 കോടി രൂപ മുടക്കി നിര്‍മ്മിക്കുന്ന റിസോര്‍ട്ടിനു പിന്നില്‍ ഇ.പി ജയരാജനാണെന്ന ഗുരുതരമായ ആരോപണമാണ് പി. ജയരാജന്‍ ഉന്നയിച്ചത്.
കേരള ആയുര്‍വേദിക് ആന്റ് കെയര്‍ ലിമിറ്റഡിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ ഇ.പിയുടെ ഭാര്യയും മകനും ഉണ്ട്. താന്‍ ഉന്നയിക്കുന്ന ആരോപണം ഉത്തമ ബോധ്യത്തോടെയാണെന്ന് പി. ജയരാജന്‍ സംസ്ഥാന സമിതിയില്‍ പറയുകയും ചെയ്തു.
എന്നാല്‍ വൈദേകം റിസോര്‍ട്ടിനെതിരെ നടക്കുന്നത് ദുഷ്പ്രചരണമെന്ന് സി.ഇ.ഒ തോമസ് ജോസഫ് പറഞ്ഞു. താന്‍ അവധിയില്‍ പോയ സമയം നോക്കിയാണ് പി. ജയരാജന്‍ ആരോപണം ഉന്നയിച്ചത്. വൈദേകം റിസോര്‍ട്ടില്‍ ഇ.പിയുടെ ഭാര്യക്കും മകനും ഒരു കോടിയുടെ നിക്ഷേപം പോലുമില്ല.
രണ്ടുപേരും 2014 ന് ശേഷം നിക്ഷേപം നടത്തിയിട്ടില്ല. ഇ.പി ജയരാജന് കമ്പനിയുമായി ഒരു ബന്ധവുമില്ല. കമ്പനി രൂപീകരണത്തില്‍ ജെയ്‌സന്റെ പങ്കിനെ കുറിച്ച് അറിയില്ലെന്നും സി.ഇ.ഒ തോമസ് ജോസഫ് പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.