തമിഴ്നാട്: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട നിവാർ ചുഴലിക്കാറ്റ് ഇന്ന് രാത്രി, എട്ടിനും പത്തു മണിയ്ക്കുമിടയിൽ കര തൊടുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാവിലെയോടെ കാറ്റ് അതിതീവ്രരൂപം പ്രാപിയ്ക്കും. ഇതേ അവസ്ഥയിലായിരിക്കും കരയിലെത്തുക. അതുകൊണ്ടുതന്നെ മണിക്കൂറിൽ 130 മുതൽ 145 കിലോമീറ്റർ വരെ വേഗമുണ്ടാകും. തമിഴ്‌നാട്, പുതുച്ചേരി, ആന്ധ്ര തീരങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. പുതുച്ചേരിയിലെ കാരയ്ക്കാൽ മുതൽ തമിഴ്നാട്ടിലെ മഹാബലിപുരം വരെയുള്ള 250 കിലോമീറ്റർ കടലോര മേഖലയിലാകും കാറ്റ് കര തൊടുക.
ജനങ്ങൾ പരമാവധി പുറത്തിറങ്ങരുതെന്നാണ് സർക്കാർ നിർദ്ദേശം. കടലോര മേഖലയിൽ താമസിയ്ക്കുന്ന നൂറു കണക്കിന് കുടുംബങ്ങളെ ഇതിനകം തന്നെ മാറ്റി പാർപ്പിച്ചു കഴിഞ്ഞു. പുതുച്ചേരിയിൽ നിരോധനാജ്ഞയും തമിഴ്‍നാട്ടിൽ പൊതു അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ചെന്നൈ ഉള്‍പ്പെടെയുള്ള മേഖലകളില്‍ കനത്ത മഴയാണ് ഉള്ളത്. മൂന്ന് സംസ്ഥാനങ്ങളിലായി ദേശീയ ദുരന്ത നിവാരണ സേനയുടെ 22 സംഘങ്ങൾ സേവനത്തിലുണ്ട്.
ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശങ്ങള്‍ ജനം കര്‍ശനമായി പാലിക്കണം എന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നിവാര്‍ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ നിരവധി ട്രെയ്‍ന്‍-വിമാന സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. 24 ട്രെയ്‌നുകളാണ് നിവാര്‍ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ദക്ഷിണ റെയില്‍വേ റദ്ദാക്കിയത്. ചെന്നൈ തുറമുഖം അടച്ചിട്ടിരിക്കുകയാണ്. 2016ല്‍ വരദയും, 2018ല്‍ ഗജയേയും നേരിട്ട തമിഴ്‌നാടിന് ഇത്തവണ കോവിഡ് കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. സാമൂഹിക അകലം ഉറപ്പാക്കുന്നതിനായി ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണം വര്‍ധിപ്പിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.