തായ്‌വാനില്‍ വീണ്ടും ചൈനയുടെ കടന്നുകയറ്റം; 71 യുദ്ധ വിമാനങ്ങളും ഏഴ് യുദ്ധക്കപ്പലുകളും നിരത്തി ആക്രമണ ഭീഷണി

തായ്‌വാനില്‍ വീണ്ടും ചൈനയുടെ കടന്നുകയറ്റം; 71 യുദ്ധ വിമാനങ്ങളും ഏഴ് യുദ്ധക്കപ്പലുകളും നിരത്തി ആക്രമണ ഭീഷണി

അമേരിക്കയുടെ വാര്‍ഷിക പ്രതിരോധ ബില്ലില്‍ തായ് വാന് പ്രധാന്യം നല്‍കിയതാണ് ചൈനയെ പ്രകോപിപ്പിച്ചത്.

ബീജിംങ്: അമേരിക്കയുടെ വാര്‍ഷിക പ്രതിരോധ ബില്ലില്‍ തായ് വാന് പ്രധാന്യം നല്‍കിയതില്‍ പ്രതിഷേധിച്ച് തായ് വാന് ചുറ്റും 71 യുദ്ധ വിമാനങ്ങളും ഏഴ് യുദ്ധക്കപ്പലുകളും നിരത്തി ചൈനയുടെ ആക്രമണ ഭീഷണി. ഇന്നലെയും ഇന്നുമായി ചൈനീസ് വിമാനങ്ങള്‍ തങ്ങളുടെ സമുദ്രാതിര്‍ത്തി മറികടന്നതായും തായ് വാന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ശനിയാഴ്ച പാസാക്കിയ യു.എസ് വാര്‍ഷിക പ്രതിരോധ ബില്ലില്‍ തായ് വാനുമായി ബന്ധപ്പെട്ട വ്യവസ്ഥകളിലുള്ള അമര്‍ഷത്തിന്റെ ഭാഗമായാണ് ചൈനയുടെ സൈനിക നീക്കം. തായ് വാനുമായുള്ള സുരക്ഷാ സഹകരണം വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ടാതായിരുന്നു അമേരിക്കയുടെ ബില്ല്.

ഞായറാഴ്ച രാവിലെ ആറിനും തിങ്കളാഴ്ച രാവിലെ ആറിനും ഇടയില്‍ 47 ചൈനീസ് വിമാനങ്ങള്‍ തായ് വാന്‍ കടലിടുക്കിന്റെ അനൗദ്യോഗിക അതിര്‍ത്തി കടന്നു പോയതായി തായ് വാന്‍ ദേശീയ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. കര അധിഷ്ഠിത മിസൈല്‍ സംവിധാനങ്ങളിലൂടെയും സ്വന്തം നാവികസേനാ കപ്പലുകളിലൂടെയും ചൈനയുടെ നീക്കങ്ങള്‍ നിരീക്ഷിച്ചു വരുന്നതായി തായ് വാന്‍ അറിയിച്ചു.

ഇപ്പോഴത്തെ യു.എസ്-തായ് വാന്‍ ബന്ധത്തിനും പ്രകോപനത്തിനുമുള്ള ഉറച്ച പ്രതികരണമാണിതെന്നാണ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ ഈസ്റ്റേണ്‍ തിയേറ്റര്‍ കമാന്‍ഡിന്റെ വക്താവ് ഷി യി പറഞ്ഞത്. തായ് വാന് ചുറ്റുമുള്ള സമുദ്രത്തില്‍ ചൈനീസ് സേന സംയുക്ത യുദ്ധ പട്രോളിംങും സംയുക്ത സ്ട്രൈക്ക് ഡ്രില്ലുകളും നടത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

തായ് വാന്‍ സ്വയം ഭരണ പ്രദേശമെന്ന് അവകാശപ്പെടുമ്പോഴും തങ്ങളുടെ അധീനതയിലുള്ള പ്രദേശമാണ് തായ് വാനെന്നാണ് ചൈനയുടെ വാദം. വര്‍ഷങ്ങളായി തായ് വാനെ തങ്ങളുടെ വിശാല സാമ്രാജ്യത്തിന്റെ ഭാഗമാക്കാന്‍ ചൈന ശ്രമിക്കുന്നുണ്ട്. ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ ചൈനയുടെ വാദം അംഗീകരിക്കുന്നില്ല.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.