കൊച്ചി: എവേ മത്സരത്തില്‍ നേരിട്ട തോല്‍വിയ്ക്ക് സ്വന്തം തട്ടകത്തില്‍ തിരിച്ചടി നല്‍കി ബ്ലാസ്റ്റേഴ്സ്. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഒഡിഷയെ എതിരില്ലാത്ത ഒരു ഗോളിന് മഞ്ഞപ്പട മധുരപ്രതികാരം വീട്ടി. രണ്ടാം പകുതിയില്‍ സന്ദീപ് സിങാണ് വലകുലുക്കിയത്. വിജയത്തോടെ 11 മത്സരങ്ങളില്‍ നിന്ന് 22 പോയന്റുമായി ബ്ലാസ്റ്റേഴ്സ് പോയന്റ് പട്ടികയില്‍ മൂന്നാമതെത്തി.
എവേ മത്സരത്തില്‍ ഒഡിഷ 2-1 ന് ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയിരുന്നു. അതിനുള്ള തകര്‍പ്പന്‍ തിരിച്ചടിയായി ഈ മത്സരം. അനവധി അവസരങ്ങളാണ് ബ്ലാസ്റ്റേഴ്സ് തുലച്ചത് അല്ലെങ്കില്‍ വിജയത്തിന്റെ മാറ്റ് കൂടിയേനേ. ബ്ലാസ്‌റ്റേഴ്‌സിന്റെ തുടര്‍ച്ചയായ ഏഴാം ജയമാണിത്.
മത്സരം തുടങ്ങി മൂന്നാം മിനിറ്റില്‍ തന്നെ ഒഡിഷ ബ്ലാസ്റ്റേഴ്സ് ഗോള്‍മുഖത്ത് ആക്രമണം അഴിച്ചുവിട്ടു. റെയ്നിയര്‍ ഫെര്‍ണാണ്ടസിന്റെ തകര്‍പ്പന്‍ ഷോട്ട് ഭാഗ്യം കൊണ്ടാണ് ഗോളാവാതെ മാറിയത്. റെയ്നിയറിന്റെ ഷോട്ട് ക്രോസ് ബാറില്‍ തട്ടി ഗോള്‍ലൈനിന്റെ അരികില്‍ വീണ് പുറത്തേക്ക് പോയി. തുടക്കത്തില്‍ പാസുകള്‍ നല്‍കാനും പന്ത് കാലിലൊതുക്കാനും ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ പാടുപെട്ടു.
ഒഡിഷയുടെ പ്രസ്സിങ് ഗെയിമിന് മുന്നില്‍ പതറി നില്‍ക്കുന്ന ബ്ലാസ്റ്റേഴ്‌സിനെയാണ് ആദ്യ പകുതിയില്‍ കണ്ട്. വിരസമായ ഒന്നാം പകുതിയില്‍ ഇരു ടീമുകളും തുല്യ ബോള്‍ പൊസിഷനിലും അറ്റാക്കിങിനും സമനില പാലിച്ചു. ബ്ലാസ്റ്റേഴ്സ് മുന്നേറ്റനിര ആദ്യ പകുതിയില്‍ തീര്‍ത്തും നിറംമങ്ങി. കാര്യമായ ഒരു അവസരം പോലും സൃഷ്ടിക്കാന്‍ മഞ്ഞപ്പടയ്ക്ക് സാധിച്ചില്ല. ആദ്യ പകുതിയില്‍ മാത്രം കേരളത്തിന്റെ നാല് താരങ്ങളാണ് മഞ്ഞക്കാര്‍ഡ് വഴങ്ങിയത്. വൈകാതെ ആദ്യപകുതി ഗോള്‍രഹിത സമനിലയില്‍ കലാശിച്ചു.
ആദ്യ പകുതിയിലെ ബ്ലാസ്റ്റേഴ്‌സേ ആയിരുന്നില്ല രണ്ടാം പകുതിയില്‍ കണ്ടത്. എതിര്‍ മുഖത്തേക്ക് നിരന്തരം മുന്നേറ്റങ്ങള്‍ നടത്തുകയും ഷോട്ടുകള്‍ ഉതിര്‍ക്കുകയും ചെയ്യുന്ന ബ്ലാസ്‌റ്റേഴ്‌സിന്റെ തനി നിറം പുറത്തുവന്നു. പന്ത് കൈവശം വയ്ക്കുന്നതിലും ആക്രമണം നടത്തുന്നതിലും മഞ്ഞപ്പട മുന്നിട്ട് നിന്നു. അര ഡസനോളം ഷോട്ടുകള്‍ ഗോള്‍ മുഖത്തേക്ക് വര്‍ഷിച്ചെങ്കിലും ഒഡിഷ ഗോളിയുടെ മികവുറ്റ പ്രകടനം ടീമിന് രക്ഷയായി.
മത്സരത്തിന്റെ 86-ാം മിനിറ്റുവരെ ഒരു ഗോളിനു വേണ്ടിയുള്ള ബ്ലാസ്‌റ്റേഴ്‌സിന്റെ ശ്രമങ്ങള്‍ നീണ്ടു. ഒടുവില്‍ സമനിലപ്പൂട്ട് പൊളിച്ചുകൊണ്ട് സന്ദീപ് സിങാണ് മഞ്ഞപ്പടയ്ക്ക് വേണ്ടി വലകുലുക്കിയത്. പകരക്കാരനായി വന്ന ബ്രൈസ് മിറാന്‍ഡയുടെ ക്രോസില്‍ നിന്നാണ് ഗോള്‍ പിറന്നത്. മിറാന്‍ഡയുടെ ക്രോസ് തടയുന്നതില്‍ അമരീന്ദറിന് പിഴച്ചു. പന്ത് നേരെയെത്തിയത് സന്ദീപിലേക്കാണ്. ഒഴിഞ്ഞ പോസ്റ്റിലേക്ക് തകര്‍പ്പന്‍ ഹെഡറിലൂടെ പന്ത് കുത്തിയിട്ട് സന്ദീപ് കൊച്ചിയെ മഞ്ഞക്കടലാക്കി. വൈകാതെ ബ്ലാസ്റ്റേഴ്സ് അര്‍ഹിച്ച വിജയം സ്വന്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.