ശമ്പളത്തിന് വകയില്ല; പുതുവര്‍ഷത്തില്‍ കെഎസ്ആര്‍ടിസിക്ക് 1783 പുത്തന്‍ ബസുകള്‍

ശമ്പളത്തിന് വകയില്ല; പുതുവര്‍ഷത്തില്‍ കെഎസ്ആര്‍ടിസിക്ക് 1783 പുത്തന്‍ ബസുകള്‍

തിരുവനന്തപുരം: ശമ്പളം കൊടുക്കാന്‍ കാശില്ലെങ്കിലും പുതിയ ബസുകള്‍ വാങ്ങി പുതുവര്‍ഷം ആഘോഷമാക്കാനാണ് കെഎസ്ആര്‍ടിസിയുടെ തീരുമാനം. അടുത്ത മാസം ആദ്യം 1783 പുത്തന്‍ ബസുകളാണ് നിരത്തിലിറങ്ങാന്‍ പോവുന്നത്. ടെന്‍ഡര്‍ നടപടികളെല്ലാം അന്തിമ ഘട്ടത്തിലാണ്. 

614 ഇലക്ട്രിക് ബസുകളും 1169 ഡീസല്‍ എന്‍ജിന്‍ ബസുകളുമാണ് വാങ്ങുന്നത്. കിഫ്ബി ഫണ്ടിലൂടെയാണ് ബസുകള്‍ക്കുള്ള പണം കണ്ടെത്തുക. തിരുവനന്തപുരം നഗരത്തിലെ സിറ്റി സര്‍ക്കുലറിനായി സ്മാര്‍ട്ട് സിറ്റി പദ്ധതി വഴി 120 ഇലക്ട്രിക് ബസുകള്‍ അടുത്ത നാല് മാസം കൊണ്ട് എത്തും.

2022 കെഎസ്ആര്‍ടിസി ഏറെ പ്രതിസന്ധി നേരിട്ടതും പേരുദോഷം കേട്ടതുമായ വര്‍ഷമാണ് കടന്നു പോകുന്നത്. കൊവിഡില്‍ നിന്ന് ഒരുവിധത്തില്‍ കരകയറി വരികയായിരുന്നു. ആ സമയത്താണ് ഡീസല്‍ പ്രതിസന്ധി തിരിച്ചടിയായത്. പിന്നീട് പ്രതിസന്ധികളുടെ ബഹളമായിരുന്നു.

കെഎസ്ആര്‍ടിസിയില്‍ പന്ത്രണ്ട് വര്‍ഷത്തിന് ശേഷം ശമ്പള പരിഷ്‌കരണം യാഥാര്‍ഥ്യമായിരുന്നു. എന്നാല്‍ ശമ്പളം കൃത്യസമയത്ത് കൊടുക്കാനാവാതെ ജീവനക്കാരുടെ സമരവും പണിമുടക്കും നേരിടേണ്ടി വന്നു. ദീര്‍ഘദൂര സര്‍വീസിനുള്ള സ്വിഫ്റ്റ് കമ്പനിയും, ഗ്രാമവണ്ടി സര്‍വീസ് തുടങ്ങാനായതും നേട്ടമായി.

അതേസമയം 2022ല്‍ ജീവനക്കാരുടെ മോശം പെരുമാറ്റം കാരണം കെഎസ്ആര്‍ടിസി ഏറ്റവും കൂടുതല്‍ വെട്ടിലായ വര്‍ഷം കൂടിയായിരുന്നു. ശമ്പള പ്രതിസന്ധിയാണെങ്കില്‍ കോടതിയിലാണ്. ഡിസംബര്‍ മാസത്തെ ശമ്പളം ജനുവരി അഞ്ചിന് കിട്ടുമോയെന്ന് അറിയില്ല. എന്നാല്‍ പുതിയ ബസുകളും മറ്റും വരുന്നതിന്റെ ആവേശത്തിലാണ് കെഎസ്ആര്‍ടിസി. എല്ലാം പ്രതിസന്ധികളും 2023ല്‍ മാറുമെന്ന് ജീവനക്കാരു പ്രതീക്ഷിക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.