ദുബായ്: യുഎഇ ഉള്‍പ്പടെയുളള ഗള്‍ഫ് രാജ്യങ്ങളില്‍ സാമാന്യം പരക്കെ മഴപെയ്തു. യുഎഇയിലെ എല്ലാ എമിറേറ്റുകളിലും മഴ ലഭിച്ചു. പലയിടത്തും ഓറഞ്ച് യെല്ലോ അലർട്ടുകള്‍ നല്‍കിയിട്ടുണ്ട്. മിന്നല്‍ പ്രളയമുണ്ടാകാനിടയുളള സ്ഥലങ്ങളിലൂടെയുളള യാത്ര ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്. വെളളിയാഴ്ച വരെ അസ്ഥിര കാലാവസ്ഥ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്കുന്ന സൂചന.
തീര പ്രദേശങ്ങളിലും ഉള്‍പ്രദേശങ്ങളിലും തണുത്ത കാറ്റ് വീശും. മണിക്കൂറില്‍ 40 കിലോമീറ്റർ വേഗതയിലുളള പൊടിക്കാറ്റ് വീശുമെന്നാണ് അറിയിപ്പ്. ഇടിമിന്നലോടുകൂടിയ മഴയും പ്രതീക്ഷിക്കാം.
ശനിയാഴ്ചയോടെയാണ് യുഎഇയില്‍ മഴ ആരംഭിച്ചത്. ഞായറാഴ്ചയും തിങ്കളാഴ്ചയും വിവിധ എമിറേറ്റുകളില്‍ മഴ കിട്ടി. ജബല്‍ ജെയ്സില്‍ ശനിയാഴ്ച 8.3 ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയ കുറഞ്ഞ താപനില.
അല്‍ ദഫ്ര മേഖലയില്‍ രേഖപ്പെടുത്തിയ 31.1 ഡിഗ്രി സെല്‍ഷ്യസാണ് ശരാശരി ഉയർന്ന താപനില. മഴയും മഞ്ഞും കാഴ്ചപരിധി കുറയ്ക്കുന്നതിനാല്‍ വാഹനമോടിക്കുന്നവർ ജാഗ്രതപാലിക്കണമെന്ന് വിവിധ എമിറേറ്റുകളിലെ പോലീസ് മുന്നറിയിപ്പ് നല്കകിയിട്ടുണ്ട്. റോഡുകളിലെ വെളളക്കെട്ടുകളും ശ്രദ്ധിക്കണം. മുന്നറിയിപ്പുകള്‍ക്കനുസരിച്ച് വേണം വാഹനമോടിക്കാനെന്നും അധികൃതർ ഓർമ്മിപ്പിച്ചു.
കനത്ത മഴയുടെ സാഹചര്യത്തിൽ ഷാർജയിലെ എല്ലാ പാർക്കുകളും ഇന്നലെ മുതൽ താൽക്കാലികമായി അടച്ചിടുമെന്ന് ഷാർജ സിറ്റി മുനിസിപ്പാലിറ്റി അറിയിച്ചു. കാലാവസ്ഥ സാധാരണ നിലയിലായാൽ പാർക്കുകൾ വീണ്ടും പൊതുജനങ്ങൾക്കായി തുറക്കുമെന്നും അധികൃതർ വ്യക്തമാക്കി. മഴമൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾ പരിഹരിക്കാൻ റെയിൻ എമർജൻസി ടീമുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
ഒമാനിലെ വിവിധ സ്ഥലങ്ങളിലും ഇടിയോടുകൂടിയ മഴ പെയ്തു. വുസ്ത, അല്‍ ഖാർഖിയ തെക്ക്, ദോഫാർ ഗവർണറേറ്റുകളില്‍ കനത്ത മൂടല്‍ മഞ്ഞും അനുഭവപ്പെട്ടു.മുസണ്ടം,അല്‍ ബുറൈമി, മസ്കറ്റ് ഉള്‍പ്പടെയുളള മേഖലകളില്‍ കൂടുതല്‍ മഴ പ്രതീക്ഷിക്കാമെന്നും അറിയിപ്പില്‍ പറയുന്നു.
ഖത്തറിലും ഇടിമിന്നലോടെയാണ് മഴ ലഭിച്ചതെന്ന് കാലാവസ്ഥാ വിഭാഗം ട്വീറ്റ് ചെയ്തു.ചില ഭാഗങ്ങളിൽ ശക്തമായ കാറ്റോട് കൂടിയാണ് മഴ പെയ്തത്. വരും ദിവസങ്ങളിലും സമാനമായ കാലാവസ്ഥ തുടരുമെന്നാണ് അറിയിപ്പ്. സൗദി അറേബ്യയിലും വരും ദിവസങ്ങളില്‍ മഴയും ആലിപ്പഴ വർഷവും തുടരുമെന്നാണ് മുന്നറിയിപ്പ്.
തബൂക്ക് മേഖലയിലും തീരപ്രദേശങ്ങളിലും ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. മക്ക, മദീന, വടക്കൻ അതിർത്തികൾ, അൽ ജൗഫ്, തബൂക്ക്, ഹാഇൽ, അൽ ഖസീം, കിഴക്കൻ, റിയാദ് പ്രവിശ്യകളുടെ വടക്കൻ ഭാഗം തുടങ്ങിയ സ്ഥലങ്ങളിലെല്ലാം താപനില താഴും. മക്കയില്‍ 25 ഡിഗ്രി സെല്‍ഷ്യസാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ താപനില. തബൂക്കില്‍ 16 ഡിഗ്രി സെല്‍ഷ്യസും. എന്നാല്‍ തുറൈഫിലാണ് രാജ്യത്തെ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത്.
വെള്ളിയാഴ്ച ഇവിടെ 3 ഡിഗ്രി സെല്‍ഷ്യസായിരുന്നു താപനില. ഇനിയും ഇത് താഴാന്‍ സാധ്യതയുണ്ട്. രാജ്യത്ത് കനത്ത മൂടല്‍ മഞ്ഞ് അനുഭവപ്പെടുമെന്നും അറിയിപ്പുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.