ഷാർജ: അടുത്തവർഷത്തേക്ക് 32.240 ശതകോടി ദിർഹത്തിന്‍റെ ബജറ്റിന് അംഗീകാരം നല്‍കി ഷാർജ ഭരണാധികാരി ഡോ ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി. എമിറേറ്റിന്‍റെ സാമ്പത്തിക സുസ്ഥിരത വർദ്ധിപ്പിക്കുകയെന്നുളളതാണ് ഈ വർഷത്തെ പൊതു ബജറ്റിലൂടെ ലക്ഷ്യമിടുന്നത്. 2022 ലെ ബജറ്റിനെ അപേക്ഷിച്ച് ചെലവ് 12 ശതമാനം കുറഞ്ഞു.
സാമ്പത്തിക സുസ്ഥിരത, സർക്കാർ സേവനങ്ങള്‍ മെച്ചപ്പെടുത്തല്‍, മത്സരശേഷി വർദ്ധിപ്പിക്കല്‍ എന്നിവയാണ് 2023 ലെ പൊതു ബജറ്റ് ലക്ഷ്യമിടുന്നതെന്ന് ഷാർജ ഉപ ഭരണാധികാരി ഷെയ്ഖ് സുൽത്താൻ ബിൻ അഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമി പറഞ്ഞു. ആരോഗ്യം, വിദ്യാഭ്യാസം, വിജ്ഞാനം, മാധ്യമം, അടിസ്ഥാന സൗകര്യങ്ങള്‍, നിക്ഷേപം, ടൂറിസം തുടങ്ങി എല്ലാ മേഖലകളേയും ബജറ്റ് പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പൗരന്മാരെയും താമസക്കാരെയും സന്ദർശകരേയും വിനോദസഞ്ചാരികളെയും ലക്ഷ്യമിട്ട് വിവിധ സേവനങ്ങളും അടിസ്ഥാന സൗകര്യ പദ്ധതികളും നടപ്പിലാക്കും. ഉയർന്ന പണപ്പെരുപ്പ നിരക്കും പലിശനിരക്കിലെ വർദ്ധനവും ഉൾപ്പെടെയുള്ള നിരവധി വിഷയങ്ങള്‍ കാരണം പല രാജ്യങ്ങളും സാമ്പത്തികമായ അസ്ഥിരതയ്ക്ക് സാക്ഷ്യം വഹിക്കുന്നുണ്ടെന്ന് ഷാർജയിലെ കേന്ദ്ര ധനകാര്യ വകുപ്പ് ഡയറക്ടർ ജനറൽ വലീദ് അൽ സയേഗ് പറഞ്ഞു. ഇത് സാമ്പത്തിക സ്തംഭനാവസ്ഥയിലേക്ക് നയിച്ചേക്കാം.
നിരവധി അന്താരാഷ്ട്ര, പ്രാദേശിക സമ്പദ്‌വ്യവസ്ഥകളുടെ നിക്ഷേപവും സാമ്പത്തിക ശേഷിയും പരിമിതപ്പെടുത്തും. ഇതെല്ലാം മുന്നില്‍ കണ്ടുകൊണ്ടാണ് ബജറ്റ് രൂപപ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 2022 ലെ ബജറ്റിനെ അപേക്ഷിച്ച് ചെലവില്‍ 12 ശതമാനം കുറവുണ്ടായിട്ടുണ്ട്. ബജറ്റിന്റെ 35 ശതമാനം അടിസ്ഥാനസൗകര്യ വികസനത്തിനും മൂലധനപദ്ധതികൾക്കും 34 ശതമാനം സാമ്പത്തിക വികസനത്തിനും 28 ശതമാനം ശമ്പളത്തിനും 23 ശതമാനം സാമൂഹിക വികസനത്തിനും നീക്കിവെക്കും.
അതേസമയം വരുമാനത്തില്‍ വർദ്ധനവ് പ്രതീക്ഷിക്കുന്നുണ്ട്. നികുതി കസ്റ്റംസ് വരുമാനത്തോടൊപ്പം ബജറ്റ് എണ്ണ വരുമാനത്തിലും വർദ്ധനവ് പ്രതീക്ഷിക്കുന്നുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.