മൂക്കിലൂടെ ഒഴിക്കുന്ന കോവിഡ് വാക്സിന്റെ വില നിശ്ചയിച്ചു: സര്‍ക്കാര്‍ ആശുപത്രികളില്‍ 325 രൂപ; ജനുവരി അവസാനം വിപണിയിലെത്തും

മൂക്കിലൂടെ ഒഴിക്കുന്ന കോവിഡ് വാക്സിന്റെ വില നിശ്ചയിച്ചു: സര്‍ക്കാര്‍ ആശുപത്രികളില്‍ 325 രൂപ; ജനുവരി അവസാനം വിപണിയിലെത്തും

ന്യൂഡല്‍ഹി: ഭാരത് ബയോടെക് നിര്‍മിച്ച മൂക്കിലൂടെ ഒഴിക്കുന്ന കോവിഡ് വാക്സിന്റെ വില നിശ്ചയിച്ചു. സ്വകാര്യ മേഖലയില്‍  വാക്‌സിന്റെ വില 800 രൂപയാണ്. സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് വാക്‌സിന്‍ വില 325 രൂപയായും നിശ്ചയിച്ചതായി ഭാരത് ബയോടെക് അറിയിച്ചു. ഇതിനു പുറമേ അഞ്ചു ശതമാനം ജിഎസ്ടി കൂടി നല്‍കണം.

സ്വകാര്യ ആശുപത്രികളില്‍ സര്‍വീസ് ചാര്‍ജ് കൂടി കൂട്ടുമ്പോള്‍ വില ഇനിയും ഉയരും. 150 രൂപ സര്‍വീസ് ചാര്‍ജ് ഈടാക്കിയാല്‍ നികുതി അടക്കം ആയിരം രൂപയോളം നല്‍കേണ്ടി വരും. കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കിയ വാക്‌സിന്‍ കോവിന്‍ ആപ്പിലൂടെ ലഭ്യമാകും.

വാക്‌സിന്‍ ജനുവരി നാലാമത്തെ ആഴ്ചയോടെ വിപണിയില്‍ എത്തുമെന്ന് നിര്‍മ്മാതാക്കളായ ഭാരത് ബയോടെക് അറിയിച്ചു. നിലവില്‍ കോവിഷീല്‍ഡ്, കോവാക്‌സിന്‍ തുടങ്ങിയ രണ്ടു ഡോസ് വാക്‌സിന്‍ സ്വീകരിച്ച 18 വയസിന് മുകളിലുള്ളവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് ആയാണ് മൂക്കിലൂടെ ഒഴിക്കുന്ന വാക്‌സിന്‍ നല്‍കുന്നത്.

ഇന്‍കോവാക് (ബി.ബി.വി.154) എന്ന പേരിലാണ് വാക്‌സിന്‍ അറിയപ്പെടുക. അടിയന്തര സാഹചര്യങ്ങളില്‍ വാക്‌സിന്റെ നിയന്ത്രിത ഉപയോഗത്തിന് കഴിഞ്ഞ നവംബറില്‍ തന്നെ അനുമതി നല്‍കിയിരുന്നു.

വാഷിങ്ടണ്‍ യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിനുമായി ചേര്‍ന്നാണ് ഭാരത് ബയോടെക്ക് നേസല്‍ വാക്‌സിന്‍ വികസിപ്പിച്ചത്. ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍, സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഷീല്‍ഡ്, കോവോവാക്‌സ്, റഷ്യന്‍ വാക്‌സിനായ സ്പുടിനിക് വി, ബയോളജിക്കല്‍ ഇയുടെ കോര്‍ബേവാക്‌സ് എന്നിവയാണ് നിലവില്‍ കോവിന്‍ പോര്‍ട്ടലില്‍ ലഭ്യമായിട്ടുള്ള വാക്‌സിനുകള്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.