'ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ല; കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും മാറില്ല': ഒരു മുഴം മുന്‍പേ എറിഞ്ഞ് കെ.സുധാകരന്‍

'ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ല; കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും മാറില്ല': ഒരു മുഴം മുന്‍പേ എറിഞ്ഞ് കെ.സുധാകരന്‍

കണ്ണൂര്‍: കെപിസിസി അധ്യക്ഷ സ്ഥാനത്തു നിന്നും മാറില്ലെന്ന് വ്യക്തമാക്കി കെ.സുധാകരന്‍. ആരോഗ്യ പ്രശ്‌നങ്ങളും അടുത്തയിടെ നടത്തിയ ചില പ്രസ്താവനകളും ചൂണ്ടിക്കാട്ടി സുധാകരനെ മാറ്റാനുള്ള നീക്കങ്ങള്‍ പാര്‍ട്ടിയിലുണ്ട്. ഇത് തള്ളിക്കൊണ്ടാണ് അദേഹത്തിന്റെ പ്രതികരണം.

എന്നാല്‍ പ്രസിഡന്റായുള്ള പ്രഖ്യാപനം വൈകുന്നതില്‍ സുധാകരനും സുധാകരന്റെ പ്രവര്‍ത്തന ശൈലിയില്‍ എതിര്‍ വിഭാഗങ്ങള്‍ക്കും അതൃപ്തിയുണ്ട്. അനാരോഗ്യം ഉന്നയിച്ച് വെട്ടാനുള്ള പാര്‍ട്ടിയിലെ നീക്കങ്ങള്‍ സുധാകരന്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.

ആരോഗ്യ സ്ഥിതി മോശമാണന്ന പരാതി തള്ളാന്‍ കെപിസിസി അധ്യക്ഷന്‍ ജിമ്മില്‍ വ്യായാമം ചെയ്യുന്ന വീഡിയോയും ഫോട്ടോയും കഴിഞ്ഞ ദിവസം അനുനയായികള്‍ പുറത്തു വിട്ടിരുന്നു.

എന്നാല്‍ പാര്‍ട്ടിയില്‍ അന്തിമവാക്കാകേണ്ട പ്രസിഡന്റ് മിക്ക സമയവും അനാരോഗ്യം കാരണം സജീവമാകുന്നില്ലെന്നാണ് എതിര്‍ പക്ഷത്തിന്റെ പരാതി. ഇടക്കുള്ള ചില പ്രസ്താവനകള്‍ പാര്‍ട്ടിയെയും മുന്നണിയിയെ കടുത്ത വെട്ടിലാക്കുന്നുവെന്നാണ് മറ്റൊരു പ്രധാന പരാതി.

ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രസിഡന്റിനെതിരായ നീക്കങ്ങള്‍ക്ക് പിന്നില്‍ ഗ്രൂപ്പ് ഭേദമില്ലാതെ അണിനിരക്കുന്നത് എംപിമാരാണ്. കഴിഞ്ഞ ദിവസം ചില എംപിമാര്‍ സുധാകരനെതിരായ വികാരം ഹൈക്കമാന്‍ഡിനെയും അറിയിച്ചിരുന്നു. തലമുറമാറ്റം പറഞ്ഞ് സുധാകരനൊപ്പം നിന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശനും പ്രസിഡന്റുമായി ഇപ്പോള്‍ നേരിയ അകല്‍ച്ചയിലാണ്.

നിയമസഭയില്‍ സര്‍ക്കാറിനെ താന്‍ വെട്ടിലാക്കുമ്പോഴും സംഘടനാ തലത്തില്‍ കാര്യമായ പിന്തുണയും പുരോഗതിയും ഇല്ലെന്നാണ് സതീശന്റെ പരാതി. സുധാകരനെ മാറ്റണമെന്ന് സതീശനും ഹൈക്കമാന്‍ഡിനോട് ആവശ്യപ്പട്ടെന്ന വാര്‍ത്തകളെ സതീശന്‍ പരസ്യമായി നിക്ഷേധിച്ചിരുന്നു.

സുധാകരന്‍ പ്രസിഡന്റായി തുടരുമെന്ന പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് കരുതിയെങ്കിലും പ്രഖ്യാപനം വൈകാനുള്ള കാരണവും ഹൈക്കമാന്‍ഡിന് മുന്നിലുള്ള പരാതികളാണ്. അതേസമയം തന്റെ പ്രസിഡന്റ് തീരുമാനം നീളുന്നതിലാണ് ബാക്കി പുനസംഘടനക്ക് കെ. സുധാകരനും മുന്‍കൈ എടുക്കാത്തതെന്നും സൂചനയുണ്ട്.

ജില്ലകളില്‍ പ്രത്യേക സമിതികള്‍ ചേര്‍ന്ന് പേരുകള്‍ നിര്‍ദേശിക്കാന്‍ തീരുമാനിച്ചെങ്കിലും ഒന്നും നടക്കുന്നില്ല. സംസ്ഥാന സര്‍ക്കാര്‍ വലിയ വിവാദങ്ങളില്‍ പെടുമ്പോഴും നേതൃനിരയിലെ പ്രശ്‌നങ്ങളും നിസംഗതയും കാരണം മുതലാക്കാനാകുന്നില്ലെന്ന പൊതുവികാരം ഗ്രൂപ്പുകള്‍ക്കതീതമായി കോണ്‍ഗ്രസിലുണ്ട്. കെ.സുധാകരന്‍ നേതൃ പദവിയിലെത്തിയാല്‍ പാര്‍ട്ടി മൊത്തത്തില്‍ ഊര്‍ജസ്വലമാകുമെന്ന പ്രതീക്ഷയ്ക്കും ഇപ്പോള്‍ മങ്ങലേറ്റിരിക്കുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.