കോക്‌സ് ബസാർ: ബംഗ്ലാദേശില്‍ നിന്ന് മലേഷ്യയിലേക്ക് കടക്കാന്‍ ശ്രമിക്കവേ അപകടത്തിപ്പെട്ടു എന്ന് കരുതിയ ബോട്ട് 200 ഓളം റോഹിങ്ക്യൻ അഭയാർത്ഥികളുമായി തീരത്തെത്തിയതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു. ഒരു മാസത്തോളം കടലില്‍ ഒഴുകി നടന്ന ബോട്ടാണ് ഒടുവില്‍ ഇന്തോനേഷ്യയിൽ തീരമണഞ്ഞത്. ഇന്തോനേഷ്യന്‍ പ്രവിശ്യയായ ആഷെയില്‍ ബോട്ടിലെ യാത്രക്കാരെ ഇറങ്ങാന്‍ അനുവദിച്ചു.
ആഴ്ചകളോളം ആൻഡമാൻ കടലിൽ പട്ടിണിയോടും നിർജ്ജലീകരണത്തോടും പോരാടിയ അഭയാർത്ഥികൾ കടൽ വെള്ളം കുടിച്ചും മറ്റുമാണ് പ്രതിസന്ധിയെ തരണം ചെയ്തത്. റോഹിങ്ക്യകളെയും വഹിച്ചു കൊണ്ട് കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ എത്തിച്ചേരുന്ന രണ്ടാമത്തെ ബോട്ടാണിത്.
കൂട്ടത്തിൽ ഉണ്ടായിരുന്ന ചിലർ പട്ടിണി കിടന്നും വൈദ്യസഹായം ലഭ്യമല്ലാതെയും മരണത്തിന് കീഴടങ്ങിയതായി റിപ്പോർട്ടുണ്ട്. അപകടകരമായ സാഹചര്യം ഉണ്ടായിരുന്നിട്ടും ഇവരെ രക്ഷിക്കാനുള്ള സഹായ ഏജൻസികളുടെ സന്ദേശങ്ങൾക്ക് പ്രതികരണം ലഭിക്കാത്തതിനാൽ രക്ഷാപ്രവർത്തകർ നിസഹായകരാകുകയായിരുന്നു.
ഇന്തോനേഷ്യയിലെ ആഷെയിൽ നിരവധി സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 185 പേരെ രക്ഷപ്പെടുത്തിയതായി ഐക്യരാഷ്ട്രസഭയുടെ അഭയാർത്ഥി ഏജൻസിയുടെ (യുഎൻഎച്ച്സിആർ) ഏഷ്യ വക്താവ് ബാബർ ബലോച്ച് പറഞ്ഞു.
അപകടം നിറഞ്ഞ യാത്ര
റോഹിങ്ക്യന്‍ പുരുഷന്മാരും സ്ത്രീകളും കുട്ടികളും തിങ്ങിനിറഞ്ഞ മത്സ്യബന്ധന ബോട്ട് നവംബര്‍ 25 നാണ് തെക്കന്‍ ബംഗ്ലാദേശില്‍ നിന്ന് പുറപ്പെട്ടത്. ആറ് ദിവസത്തിന് ശേഷം എഞ്ചിന്‍ തകരാറിലായതോടെ ബോട്ട് മലേഷ്യന്‍ കടലില്‍ നിന്ന് പടിഞ്ഞാറോട്ട് ഇന്തോനേഷ്യയുടെ വടക്കേ അറ്റത്തുള്ള കടലിലേക്കും തുടര്‍ന്ന് നിക്കോബാര്‍ ദ്വീപുകളുടെ തെക്ക് ഇന്ത്യന്‍ കടലിലേക്കും ഒഴുകാന്‍ തുടങ്ങുകയായിരുന്നു.
ബോട്ടില്‍ കുടുങ്ങിയവരുമായി അവരുടെ കുടുംബാംഗങ്ങള്‍ക്ക് ഫോണില്‍ ബന്ധപ്പെടാന്‍ കഴിഞ്ഞത് മാത്രമായിരുന്നു ആശ്വാസം. യാത്രയുടെ വിവിധ ഘട്ടങ്ങളിൽ ബോട്ട് ഇന്ത്യ, ശ്രീലങ്ക, ഇന്തോനേഷ്യ എന്നിവയ്ക്ക് സമീപം എത്തി. എന്നാൽ ഇടപെടലിനായുള്ള തങ്ങളുടെ മുൻ അഭ്യർത്ഥനകൾ നിരവധി തെക്ക്, തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ "തുടർച്ചയായി അവഗണിച്ചു" എന്ന് ഐക്യരാഷ്ട്ര സഭയുടെ അഭയാര്‍ത്ഥി ഏജന്‍സി യുഎൻഎച്ച്സിആർ പറഞ്ഞു.
അതേസമയം രംഗത്തെത്തിയ ഇന്ത്യന്‍ നാവികസേന ബോട്ടിലുണ്ടായിരുന്നവര്‍ക്ക് ഭക്ഷണവും വെള്ളവും നല്‍കി ഇന്തോനേഷ്യയിലേക്ക് കൊണ്ടുപോവുകയായിരുന്നു. അവിടെ നിന്ന് അവര്‍ ആദ്യം ഇറങ്ങിയ സ്ഥലത്ത് നിന്ന് ഏകദേശം 1,200 മൈല്‍ (1,900 കി.മീ) അകലെ നങ്കൂരമിടാന്‍ അനുവദിക്കുന്നത് വരെ ആറ് ദിവസം കൂടി ബോട്ട് കടലില്‍ തന്നെ തുടർന്നു.
അതിനിടെ ആഴ്ചകളോളം കടലില്‍ കുടുങ്ങിയ 58 പുരുഷ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ ഇന്തോനേഷ്യന്‍ തീരത്ത് എത്തിയതായി യുഎന്‍എച്ച്സിആര്‍ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. ഞായറാഴ്ച പുലര്‍ച്ചയോടെ ഇന്തോനേഷ്യയിലെ ആഷെ ബെസര്‍ ജില്ലയിലെ ഒരു കടലോര ഗ്രാമത്തിലാണ് ഇവരിറങ്ങിയതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
ഒരു മാസത്തോളം കടലില്‍ ചെലവഴിച്ചവരെല്ലാം അവശരായിരുന്നു. ഭൂരിഭാഗം പേരുടേയും ആരോഗ്യ സ്ഥിതി മോശമായിരുന്നെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അഭയാര്‍ഥികളെ താല്‍ക്കാലികമായി സര്‍ക്കാര്‍ കേന്ദ്രത്തില്‍ പാര്‍പ്പിക്കുമെന്ന് പ്രാദേശിക ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥനെ വ്യക്തമാക്കിയിരുന്നു.
10 ലക്ഷത്തിലധികം റോഹിങ്ക്യന്‍ മുസ്ലീമുകളാണ് നിലവില്‍ ബംഗ്ലാദേശിലെ കോക്‌സ് ബസാര്‍ ക്യാമ്പില്‍ കഴിയുന്നത്. മ്യന്‍മാറിലെ പീഡനം സഹിക്കവയ്യാതെ പലായനം ചെയ്തവരാണിവരെല്ലാം. വിദ്യാഭ്യാസത്തിനോ ഉപജീവനത്തിനോ അവസരങ്ങളില്ലാത്ത ജയിലിന് സമാനമായ ജീവിത സാഹചര്യത്തിലാണ് ക്യാമ്പുകളിലും ഇവരുടെ ജീവിതം.
ആഴ്ചകളായി ഭക്ഷണമോ വെള്ളമോ ലഭിക്കാത്ത അഭയാര്‍ഥികളുമായി മലേഷ്യയിലേക്കും ഇന്തോനേഷ്യയിലേക്കും പോകുന്ന ബോട്ടുകളെ കുറിച്ച് കുറച്ച് കാലമായി മുന്നറിയിപ്പ് നല്‍കുന്നുണ്ടെന്ന് ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്‍ പറഞ്ഞു.
ബോട്ട് മുങ്ങിയെന്ന് സംശയം
അതിനിടെ ബംഗ്ലാദേശില്‍ നിന്ന് മലേഷ്യയിലേക്ക് കടക്കാന്‍ ശ്രമിച്ച 180 റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ മുങ്ങിമരിച്ചതായി സംശയം.അഭയാർത്ഥികളുമായി സഞ്ചരിച്ചിരുന്ന ബോട്ട് ഡിസംബര്‍ ആദ്യം മുങ്ങിയതാകുമെന്നാണ് എന്‍.ജി.ഒ കളും കുടുംബാംഗങ്ങളും വ്യക്തമാക്കുന്നു.
ബംഗ്ലാദേശ് നഗരമായ കോക്‌സ് ബസാറിലെ അഭയാര്‍ഥി ക്യാമ്പില്‍ നിന്ന് ബോട്ടില്‍ യാത്ര തിരിച്ചവരാണ് അപകടത്തില്‍പ്പെട്ടവരെല്ലാം. ബോട്ട് കാണാതായതായി ഐക്യരാഷ്ട്ര സഭയും സ്ഥിരീകരിച്ചു. ബോട്ടിലുണ്ടായിരുന്ന മുഴുവൻ അഭയാര്‍ഥികളും മരിച്ചിട്ടുണ്ടായിരിക്കാമെന്നാണ് യു.എന്‍ അഭയാര്‍ഥി ഏജന്‍സി ഭയക്കുന്നത്.
ബോട്ട് തകര്‍ന്നതിന്റെ സൂചനകളുണ്ടെന്ന് വക്താവ് ബാബര്‍ ബലോച്ച് പറഞ്ഞു. ഡിസംബര്‍ എട്ടിനാണ് ബോട്ടിലുള്ളവരുമായി അവസാനമായി ബന്ധപ്പെടാനായതെന്ന് ബന്ധുക്കള്‍ പറയുന്നു. ശക്തമായ കാറ്റില്‍ ഈ ബോട്ട് മുങ്ങിപ്പോയതായി ഇതേ സമയം സഞ്ചരിച്ച മറ്റൊരു ബോട്ടിലുണ്ടായിരുന്നവരും വ്യക്തമാക്കിയിരുന്നു.
ബോട്ട് മുങ്ങിയതായി സ്ഥിരീകരിച്ചാല്‍ 2022 ല്‍ മാത്രം മലേഷ്യയിലേക്ക് കടക്കാന്‍ ശ്രമിച്ച് മരണമടഞ്ഞ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളുടെ എണ്ണം 350 നടുത്താകും. ഈ കണക്കുകകൾ അനൗദ്യോഗികമാണ്. റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ സുരക്ഷിത ഇടമായി കാണുന്ന രാജ്യമാണ് മലേഷ്യ.
എന്നാൽ സാഹചര്യം മുതലെടുത്ത് മനുഷ്യക്കടത്തുകാര്‍ ഉള്‍പ്പെടെ അവരെ ചൂഷണം ചെയ്യുന്നത് പതിവാണ്. ഒട്ടേറെ റോഹിങ്ക്യന്‍ അഭയാര്‍ഥികളെയും കുത്തിനിറച്ചാണ് പല ബോട്ടുകളുടേയും യാത്ര.
റോഹിങ്ക്യൻ അഭയാര്‍ഥികള്‍
മ്യാന്‍മറില്‍ പീഡിപ്പിക്കപ്പെടുന്ന വംശീയ ന്യൂനപക്ഷമാണ് റോഹിങ്ക്യകള്‍. മ്യാന്‍മര്‍ സൈന്യം അവര്‍ക്കെതിരെ നടത്തിയ നീക്കങ്ങളേയും ആക്രമണങ്ങളേയും തുടര്‍ന്ന് ഒരു ദശലക്ഷത്തിലധികം അഭയാര്‍ഥികള്‍ തെക്കന്‍ ബംഗ്ലാദേശിലെ ക്യാമ്പുകളില്‍ കഴിയുന്നുണ്ട്. വംശഹത്യയ്ക്ക് തുല്യമായ കാര്യങ്ങളാണ് റോഹിങ്ക്യകള്‍ക്കെതിരെ നടക്കുന്നതെന്ന് യു.എന്‍ വിശദമാക്കിയിരുന്നു.
തെക്കന്‍ ബംഗ്ലാദേശിലെ തിരക്കേറിയ അഭയാര്‍ഥി ക്യാമ്പുകളില്‍ നിന്ന് രക്ഷപ്പെടാനാണ് റോഹിങ്ക്യകള്‍ ഈ സമയത്ത് ഉയര്‍ന്ന അപകടസാധ്യതയുള്ള കടല്‍ യാത്രകള്‍ നടത്തുന്നത്. ക്യാമ്പുകളിലെ മോശമായ അവസ്ഥ അഭയാർഥികളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. അതോടൊപ്പം മ്യാന്‍മറില്‍ ഇപ്പോഴും തുടരുന്ന റോഹിങ്ക്യകളില്‍ പലരും കഴിഞ്ഞ വര്‍ഷം അവിടെ നടന്ന സൈനിക അട്ടിമറിയെ തുടര്‍ന്ന് രാജ്യം വിടാനാണ് ശ്രമിക്കുന്നത്. രണ്ട് മാസത്തിനിടെ അഞ്ച് ബോട്ടുകളെങ്കിലും രക്ഷപ്പെടാന്‍ ശ്രമിക്കുന്നവരുമായി കടല്‍ കടക്കാന്‍ ശ്രമിച്ചിട്ടുണ്ട്.
2020 മുതൽ 3,000 ലധികം റോഹിങ്ക്യകൾ ബംഗ്ലാദേശിൽ നിന്ന് കടൽ മാർഗം യാത്ര ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്. അവരിൽ മൂന്നിൽ രണ്ട് ഭാഗവും സ്ത്രീകളും കുട്ടികളുമാണെന്ന് യുഎൻ റിപ്പോർട്ട് ചെയ്യുന്നു. ബാബർ ബലോച്ച് വ്യക്തമാക്കുന്നതനുസരിച്ച് 2022 ൽ മാത്രം 2,000 റോഹിങ്ക്യകൾ അപകടകരമായ കടൽ യാത്ര നടത്തി. എന്നാൽ ഇതിൽ 200 ഓളം പേരെ കാണാതായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.