ന്യൂഡല്‍ഹി: ഇ.പി. ജയരാജനെതിരെ ഉയര്‍ന്ന അനധികൃത സ്വത്ത് സമ്പാദന ആരോപണം ബുധനാഴ്ച ചേരുന്ന സിപിഎം പോളിറ്റ് ബ്യൂറോ യോഗം ചര്‍ച്ച ചെയ്യും. കേന്ദ്രനേതാക്കള്‍ തന്നെയാണ് ഇത് സംബന്ധിച്ച സൂചന നല്‍കിയത്. എന്നാല്‍ ആരോപണത്തില്‍ കേന്ദ്ര നേതൃത്വം ഇടപെടില്ലെന്നും നേതാക്കള്‍ അറിയിച്ചു.
ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനോട് വിശദാംശങ്ങള്‍ തേടും. അന്വേഷണം ഉള്‍പ്പെടെയുള്ള കാര്യത്തിന് സംസ്ഥാന ഘടകത്തിന് തീരുമാനം എടുക്കാം. അടുത്ത കേന്ദ്രകമ്മിറ്റിയില്‍ ഈ വിഷയം ഉയര്‍ന്നുവന്നേക്കാമെന്നും കേന്ദ്രനേതാക്കള്‍ വ്യക്തമാക്കി.
വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിക്കുന്ന നിലപാട് നിര്‍ണായകമാണ്. പിബി യോഗത്തിന് മുന്നോടിയായി പതിവില്ലാതെ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തി. തന്റെ നിലപാട് യെച്ചൂരിയെ അറിയിച്ചെന്നാണ് വിവരം.
അതേസമയം ഇ.പി. ജയരാജനെതിരായ ആരോപണങ്ങള്‍ മാധ്യമ സൃഷ്ടിയാണെന്നാണ് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രസ്താവന. പിബി ഇക്കാര്യങ്ങള്‍ ചര്‍ച്ചചെയ്യില്ലെന്നും അദ്ദേഹം ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. കേരളത്തിലെ സിപിഎമ്മിലെ രാഷ്ട്രീയ സാഹചര്യം ഉച്ചയ്ക്ക് നടക്കുന്ന പോളിറ്റ് ബ്യൂറോയില്‍ ചര്‍ച്ചയാകുമെന്നാണ് യെച്ചൂരി പ്രതികരിച്ചതിന് പിന്നാലെയാണ് സംസ്ഥാന സെക്രട്ടറിയുടെ വിരുധ പ്രസ്താവന വന്നത്.
കണ്ണൂരിലെ ആയുര്‍വേദ റിസോര്‍ട്ടിന്റെ മറവില്‍ ഇ.പി. ജയരാജന്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന് സിപിഎം മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റിയംഗവുമായ പി. ജയരാജനാണ് ആരോപണം ഉന്നയിച്ചത്. തുടര്‍ഭരണം പാര്‍ട്ടിയിലുണ്ടാക്കിയ ജീര്‍ണതയും സംഘടനാപരമായി ഏറ്റെടുക്കേണ്ട അടിയന്തര കടമയും സംബന്ധിച്ച തെറ്റുതിരുത്തല്‍രേഖ കഴിഞ്ഞ ബുധന്‍, വ്യാഴം ദിവസങ്ങളില്‍ സംസ്ഥാനകമ്മിറ്റി ചര്‍ച്ച ചെയ്തിരുന്നു. ഈ രേഖയുടെ ചര്‍ച്ചയില്‍ ഇ.പിക്കെതിരേ പി. ജയരാജന്‍ തുറന്നടിക്കുകയായിരുന്നു.
അതേസമയം വിവാദം കത്തിപ്പടര്‍ന്നതിന് പിന്നാലെ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനം ഒഴിയാന്‍ ഇ.പി. ജയരാജന്‍ സന്നദ്ധത അറിയിച്ചിരുന്നു. ഏല്‍പ്പിക്കുന്ന സ്ഥാനം രാജിവെച്ചൊഴിയുന്ന സംഘടനാരീതി സിപിഎമ്മില്‍ ഇല്ലാത്തതിനാല്‍ ഇപിയുടെ അഭിപ്രായം നേതൃത്വം ഗൗരവത്തിലെടുത്തിട്ടില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.