ഷുക്കൂര്‍ വധക്കേസ്: പി.ജയരാജനെതിരെ കൊലക്കുറ്റം ഒഴിവാക്കാന്‍ കുഞ്ഞാലിക്കുട്ടി ഇടപെട്ടെന്ന് അഭിഭാഷകന്റെ വെളിപ്പെടുത്തല്‍

ഷുക്കൂര്‍ വധക്കേസ്: പി.ജയരാജനെതിരെ കൊലക്കുറ്റം ഒഴിവാക്കാന്‍ കുഞ്ഞാലിക്കുട്ടി ഇടപെട്ടെന്ന് അഭിഭാഷകന്റെ വെളിപ്പെടുത്തല്‍

കണ്ണൂർ: അരിയിൽ ഷുക്കൂർ വധക്കേസിൽ മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരേ ഗുരുതര വെളിപ്പെടുത്തലുമായി മുൻ സിഎംപി നേതാവ് അഭിഭാഷകനുമായ ടി.പി. ഹരീന്ദ്രൻ. കൊലയ്ക്കുപിന്നിലെ ഗൂഢാലോചനക്കുറ്റത്തിൽ നിന്ന് പി. ജയരാജനെ രക്ഷിക്കാൻ കുഞ്ഞാലിക്കുട്ടി ശ്രമിച്ചെന്നാണ് ഹരിന്ദ്രൻ ഫെയ്‌സ്ബുക്കിൽ കുറിച്ചത്.

അന്വേഷണ ഉദ്യോഗസ്ഥനാണ് ഇക്കാര്യം പറഞ്ഞതെന്ന് പോലീസിന് അന്ന് നിയമോപദേശം നൽകിയ അഡ്വ. ടി.പി. ഹരീന്ദ്രൻ വെളിപ്പെടുത്തി. കൊല നടന്ന് 10 വർഷത്തിന് ശേഷമാണ് ഇത്തരമൊര് ആരോപണവുമായി ഒരാൾ രംഗത്ത് വരുന്നത്.

“കൊലപാതകം നടക്കുമെന്നറിഞ്ഞിട്ടും പൊലീസിനെ അറിയിച്ചില്ല എന്ന കുറ്റമാണ് പി. ജയരാജനെതിരേ ചുമത്തിയിട്ടുള്ളത്. അരിയിൽ കേസിൽ ഞാനായിരുന്നു കൊലപാതകത്തിൽ ജയരാജന്റെ പങ്കിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടത്. പക്ഷേ, അന്നത്തെദിവസം രാത്രി 12 മണിവരെ കുഞ്ഞാലിക്കുട്ടിക്ക് ഒരു പ്രശ്നവും ഉണ്ടായില്ല. പിന്നീട് കണ്ണൂർ എസ്പിയെ വിളിച്ച് 302 ഐപിസി വെക്കേണ്ടെന്ന് നിർദേശിച്ചു” -ടി.പി. ഹരീന്ദ്രൻ ഫേസ്ബുക്ക്‌ കുറിപ്പിൽ പറയുന്നു.

കുഞ്ഞാലിക്കുട്ടിക്കെതിരേ ടി.പി. ഹരീന്ദ്രന്റെ ആരോപണം നട്ടാൽമുളയ്ക്കാത്ത നുണയാണെന്ന് മുസ്‌ലിംലിഗ് കണ്ണൂർ ജില്ലാസെക്രട്ടറി അബ്ദുൾകരീം ചേലേരി പറഞ്ഞു. 2012 ഫെബ്രുവരി 20-നാണ് ഷുക്കൂറിനെ സിപിഎമ്മുകാർ വധിക്കുന്നത്. അന്നുമുതൽ ഇന്നുവരെ പ്രതികൾക്ക് ശിക്ഷ വാങ്ങിക്കൊടുക്കാനുള്ള നിയമപോരാട്ടത്തിലായിരുന്നു ലീഗ്. 

സുപ്രീംകോടതിവരെയുള്ള കേസിന്റെ സാമ്പത്തികച്ചെലവ് വഹിച്ചത് കുഞ്ഞാലിക്കുട്ടിയും മുസ്‌ലിംലീഗുമാണെന്നും അബ്ദുൽ കരീം ചേലേരി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.