തൃശൂരില്‍ ക്രിസ്തുമസ് പാപ്പാമാരുടെ കടലിളകി; ദൃശ്യവിരുന്നായി ബോണ്‍ നതാലെ ഘോഷയാത്ര

തൃശൂരില്‍ ക്രിസ്തുമസ് പാപ്പാമാരുടെ കടലിളകി;  ദൃശ്യവിരുന്നായി ബോണ്‍ നതാലെ ഘോഷയാത്ര

തൃശൂര്‍: ചുവന്ന നിറത്തില്‍ കടല്‍ ഇളകി വരുന്നതു പോലെയായിരുന്നു പതിനായിരത്തിലികം ക്രിസ്തുമസ് പാപ്പാമാര്‍ തൃശൂര്‍ നഗരത്തിലൂടെ ഒഴുകിയത്. തൃശൂര്‍ അതിരൂപതയും പൗരാവലിയും ചേര്‍ന്ന് നടത്തിയ ബോണ്‍ നതാലെ കാരള്‍ ഘോഷയാത്ര അക്ഷരാര്‍ത്ഥത്തില്‍ കാണികള്‍ക്ക് ദൃശ്യവിരുന്നായി മാറി.

സ്വരാജ് റൗണ്ടിനെ ചുവന്ന നിറത്തിലാറാടിച്ചാണ് സംഗീതത്തിനൊപ്പം ഘോഷയാത്ര മുന്നോട്ടു പോയത്. ആയിരത്തോളം മാലാഖമാരും സ്‌കേറ്റിംഗ്, ബൈക്ക്, വീല്‍ ചെയര്‍ പാപ്പാമാരും ഘോഷയാത്രയില്‍ അണിനിരന്നു. മുന്നൂറോളം യുവാക്കള്‍ ചേര്‍ന്നുയര്‍ത്തിയ
ചലിക്കുന്ന കൂറ്റന്‍ ക്രിസ്തുമസ് പുല്‍ക്കൂടായിരുന്നു ഇത്തവണത്തെ പ്രത്യേകത. കേരളത്തനിമ വിളിച്ചോതുന്ന 12 നിശ്ചല ദൃശ്യങ്ങള്‍ ഘോഷയാത്രക്ക് മിഴിവായി.

ചൊവ്വാഴ്ച്ച വൈകീട്ട് അഞ്ച് മണിയോടെയാണ് സെന്റ് തോമസ് കോളജില്‍ നിന്ന് ഘോഷയാത്ര തുടങ്ങിയത്. കേന്ദ്രമന്ത്രി ജോണ്‍ ബെറാല മുഖ്യാതിഥിയായിരുന്നു. കൗതുകത്താല്‍ കേന്ദ്ര സഹമന്ത്രിയും ക്രിസ്മസ് പാപ്പാമാര്‍ക്കിടയിലേക്കിറങ്ങി ചുവടു വച്ചത് കാഴ്ചക്കാര്‍ക്ക് നല്ല വിരുന്നായി.



രണ്ടു വര്‍ഷത്തിനു ശേഷം എത്തിയ ബോണ്‍ നതാലെയ്ക്ക് തൃശൂര്‍ പൗരാവലി നല്‍കിയ സ്വീകരണം വിസ്മയമായി. റൗണ്ടില്‍ ഇരുവശവും നാലു മണിയോടെ തന്നെ സ്ത്രീകളും കുട്ടികളും ഇടം പിടിച്ചിരുന്നു.

'പുനര്‍ജനി'യില്‍ നിന്നുള്ള ഭിന്നശേഷിക്കാര്‍ വീല്‍ചെയര്‍ പാപ്പാമാരായി പങ്കു ചേര്‍ന്നപ്പോള്‍ ബോണ്‍ നതാലെ കാഴ്ചയുടെ മാത്രം ഉത്സവമല്ലെന്ന സന്ദേശം കൂടിയാണ് പങ്കു വയ്ക്കപ്പെട്ടത്. സ്വരാജ് റൗണ്ട് ചുറ്റി രാത്രി ഒന്‍പതോടെ ഘോഷയാത്ര സെന്റ് തോമസ് കോളജില്‍ തിരിച്ചെത്തി സമാപിച്ചു.

മനം കവര്‍ന്ന് 'ആടുംപാതിരി'

ക്രിസ്തുമസ് പാപ്പാമാരുടെ മഹാസംഗമത്തില്‍ നൃത്തച്ചുവടുകള്‍ കൊണ്ട് നാട്ടുകാരുടെ മനം കവര്‍ന്നിരിക്കുകയാണ് ഫാ. അജിത് ചിറ്റിലപ്പള്ളി. തൃശൂര്‍ ലൂര്‍ദ് കത്തീഡ്രലിലെ സഹവികാരിയാണ് ഫാ. അജിത്. തൃശൂര്‍ അതിരൂപതയിലെ ആടും പാതിരി എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്.


ഫാ. അജിത് ചിറ്റിലപ്പള്ളി

ക്രിസ്തുമസ് പാപ്പാമാരുടെ വേഷം കെട്ടിയ പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കുമൊപ്പം അതിഗംഭീരമായിട്ടായിരുന്നു ഫാ. അജിത് ചിറ്റിലപ്പള്ളി നൃത്തചുവടുകള്‍ വെച്ചത്. നൃത്തം നന്നായി അഭ്യസിച്ചവരെ പോലും അമ്പരപ്പിക്കുന്ന തരത്തിലായിരുന്നു അദ്ദേഹത്തിന്റെ വേഗമേറിയ ചുവടുകള്‍.

220 ഇടവകകളില്‍ നിന്നെത്തിയിട്ടുള്ളവരായിരുന്നു സംഗമത്തില്‍ പങ്കെടുത്തത്. അതിലെ പ്രധാന ആകര്‍ഷണം ഫാ. അജിത് തന്നെയായിരുന്നു. ഒരു മാസത്തോളം നൃത്തച്ചുവടുകള്‍ സംഘം അഭ്യസിച്ചിരുന്നു. ആ പരിശീലനമാണ് ഗംഭീര നൃത്തരൂപത്തില്‍ അവതരിപ്പിച്ചത്.

300 പേര്‍ ചേര്‍ന്നുയര്‍ത്തിയ ക്രിസ്മസ് പുല്‍ക്കൂട്

ബോണ്‍ നതാലെ ഒരുക്കിയ കാഴ്ചകളുടെ വിരുന്നില്‍, 300 പേര്‍ ചേര്‍ന്നുയര്‍ത്തിയ ക്രിസ്മസ് പുല്‍ക്കൂടായിരുന്നു ഏറ്റവും ആകര്‍ഷണം. അതില്‍ രാജാക്കന്മാരും യൗസേപ്പിതാവും മേരിയും ഉണ്ണിയേശുവിനെ നോക്കി നില്‍ക്കുന്നു.

യേശു കടലിനെ ശാന്തമാക്കുന്ന നിശ്ചല ദൃശ്യവും അമ്പരപ്പിക്കുന്നതായി. യേശുവും ശിഷ്യരും നില്‍ക്കുന്ന പായ്ക്കപ്പല്‍ കടലിലൂടെ ഒഴുകി വരും വിധമായിരുന്നു പ്ലോട്ട് ക്രമീകരിച്ചിരുന്നത്. കിണറ്റിന്‍ കരയില്‍ ഇരിക്കുന്ന യേശുവും അവിടെ വെള്ളമെടുക്കാന്‍ എത്തിയ സമറിയക്കാരിയും ബൈബിളിന്റെ സന്ദേശം പകര്‍ന്നു കൊടുക്കുന്നതായി.

പത്തു കല്‍പനകളുമായി മോശയും തച്ചനായ പിതാവിനെ ജോലിയില്‍ സഹായിക്കുന്ന യേശുവും അവസാനത്തെ അത്താഴവും സിംഹക്കുഴിയിലേക്ക് എറിയപ്പെട്ട ഡാനിയല്‍ പ്രവാചകനും ബൈബിള്‍ കഥകളുടെ പുനരാവിഷ്‌കാരങ്ങളായി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.